'അടച്ചിട്ട മുറിയിൽ വാദം കേൾക്കണം'; ആവശ്യവുമായി രാഹുൽ മാങ്കൂട്ടത്തിൽ
ഡിജിറ്റൽ തെളിവുകൾ അടക്കം പരിശോധിക്കേണ്ടതുണ്ടെന്നും ജില്ലാ കോടതിയിൽ നല്‍കിയ അപേക്ഷയില്‍ പറയുന്നു

പാലക്കാട്: ലൈംഗിക പീഡനക്കേസിൽ അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്ന ആവശ്യവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ. തിരുവനന്തപുരം ജില്ലാ കോടതിയിൽ അപേക്ഷ നൽകി. ഡിജിറ്റൽ തെളിവുകൾ അടക്കം പരിശോധിക്കേണ്ടതുണ്ടെന്നും ഈ വിവരങ്ങൾ പുറത്തുപോകാൻ പാടില്ലെന്നും രാഹുലിന്റെ അപേക്ഷയിൽ പറയുന്നു.രാഹുലിന്റെ അപേക്ഷ കോടതി നാളെ പരിഗണിക്കും.
അതേസമയം, അന്വേഷണ സംഘം രാഹുലിൻ്റെ പാലക്കാട്ടെ ഫ്ലാറ്റിലെ കെയർടേക്കറുടെ മൊഴി രേഖപ്പെടുത്തി.കെയർടേക്കറുടെ ഫ്ലാറ്റിൽ എത്തിയാണ് മൊഴി എടുത്തത്. സിസിടിവി ദൃശ്യങ്ങൾ കെയർടേക്കറെ സ്വാധീനിച്ച് രാഹുലും സംഘവും നശിപ്പിച്ചെന്ന നിഗമനത്തിലാണ് എസ്ഐടി.CCTV സംവിധാനത്തിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് കെയർടേക്കര്‍ മൊഴി നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകീട്ട് 4.30 ന് ഫ്ലാറ്റിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയെന്നും രാഹുൽ വ്യാഴാഴ്ച വൈകിട്ട് ഫ്ലാറ്റിൽ എത്തിയതിനെ കുറിച്ച് അറിവില്ലെന്നുമാണ് മൊഴി.ചുവന്ന പോളോ കാർ രണ്ടാഴ്ചയായി ഫ്ലാറ്റിൽ ഉണ്ടായിരുന്നെന്നും വ്യാഴാഴ്ചയ്ക്ക് ശേഷം കാർ ഫ്ലാറ്റിൽ വന്നിട്ടില്ലെന്ന് മൊഴിയിലുണ്ട്. മൂന്ന് കാറും രാഹുൽ മാങ്കൂട്ടത്തിൽ മാറി മാറി ഉപയോഗിച്ചിരുന്നെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
അതിനിടെ,രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അപമാനിച്ചുവെന്ന കേസിൽ കൊച്ചിയിൽ രണ്ടുപേർക്കെതിരെ കേസെടുത്തു.അതിജീവിതയുടെ ചിത്രങ്ങൾ പരസ്യപ്പെടുത്തിയതിന് എറണാകുളം റൂറൽ സൈബർ പൊലീസ് ആണ് കേസ് എടുത്തത്.റസാഖ് പി.എ., രാജു വിദ്യകുമാർ എന്നിവർക്കെതിരെ കേസെടുത്തത്.
Adjust Story Font
16

