Quantcast

ഒടുവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിനു പുറത്ത്

ജനുവരി ഒന്‍പതിന് പുലര്‍ച്ചെ പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് പൊലീസ് രാഹുലിനെ നാടകീയമായി കസ്റ്റഡിയിലെടുത്തത്

MediaOne Logo

Web Desk

  • Updated:

    2024-01-17 18:25:07.0

Published:

17 Jan 2024 3:43 PM GMT

RahulMamkootathil, YouthCongress, secretariatemarchcase
X

തിരുവനന്തപുരം: ഒന്‍പതു ദിവസത്തെ ജയില്‍വാസത്തിനുശേഷം പുറത്തിറങ്ങി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലിനു മുന്നില്‍ തടിച്ചുകൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടുവിലേക്കാണ് രാഹുല്‍ എത്തിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളുടെ നേതൃത്വത്തില്‍ വന്‍ വരവേല്‍പ്പാണ് അദ്ദേഹത്തിനു ലഭിച്ചത്.

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ അക്രമസംഭവങ്ങളിലെടുത്ത കേസുകളില്‍ കോടതി ജാമ്യം അനുവദിച്ചതോടെയാണ് രാഹുല്‍ ജയിലില്‍നിന്നു പുറത്തിറങ്ങുന്നത്. സെക്രട്ടറിയേറ്റ് മാര്‍ച്ച്, ഡി.ജി.പി ഓഫിസ് മാര്‍ച്ച് ഉള്‍പ്പെടെ നാലു കേസുകളിലും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. വൈകീട്ടോടെ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു മാസത്തേക്ക് എല്ലാ ചൊവ്വാഴ്ചയും തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെത്തി ഒപ്പിടണം. 25,000 രൂപ കെട്ടിവയ്ക്കുകയും വേണം.

ഇന്നലെ രാവിലെ രാഹുലിനെ പുതിയ കേസുകളില്‍ കൂടി അറസ്റ്റ് ചെയ്തിരുന്നു. സെക്രട്ടറിയേറ്റ് മാർച്ചിലെടുത്ത രണ്ട് കേസുകളിലും ഡി.ജി.പി ഓഫീസ് മാർച്ചിലെടുത്ത കേസിലുമായിരുന്നു നടപടി. പൂജപ്പുര ജയിലിലെത്തിയാണ് തിരുവനന്തപുരം കന്റോൺമെന്റ്-മ്യൂസിയം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസുകളില്‍‌ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉച്ചയോടെ ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാല്‍, മറ്റു കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ജയിലില്‍ തന്നെ തുടരേണ്ടിവരികയായിരുന്നു.

ജനുവരി ഒന്‍പതിന് പുലര്‍ച്ചെ പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് പൊലീസ് രാഹുലിനെ നാടകീയമായി കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തിരുവനന്തപുരം കന്റോൺമെന്റ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഡിസംബര്‍ 20നു നടന്ന യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസുകളിലായിരുന്നു നടപടി. രാഹുൽ സ്ത്രീകളെ മുന്നിൽനിർത്തി അക്രമം നടത്തിയെന്ന് റിമാന്‍ഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. പട്ടിക കഷണം ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചതായും ചൂണ്ടിക്കാട്ടുന്നുണ്ട്.

Summary: After nine days in jail, Youth Congress Kerala state President Rahul Mamkootathil released, after the Thiruvananthapuram court grants him bail

TAGS :

Next Story