Quantcast

'കേട്ടുകേൾവിയില്ലാത്ത സംഭവം, എം.വി ഗോവിന്ദൻ പ്രസംഗിക്കുമ്പോൾ പൊലീസ് ആക്രമിക്കുമോ?'; രാഹുൽ മാങ്കൂട്ടത്തിൽ

പൊലീസ് അതിക്രമത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനം നടത്തുമെന്ന് കോൺഗ്രസ്

MediaOne Logo

Web Desk

  • Updated:

    2023-12-23 11:28:59.0

Published:

23 Dec 2023 9:33 AM GMT

Rahul mamkoottathil condemns police atrocities at Trivandrum today
X

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകരുടെ ഡിജിപി ഓഫീസ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. നേതാക്കൾ പ്രസംഗിക്കുമ്പോൾ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും സമരങ്ങളെ അടിച്ചമർത്തുകയാണ് ലക്ഷ്യമെന്നും രാഹുൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

"ചരിത്രത്തിൽ കേട്ടിട്ടില്ലാത്ത സംഭവവികാസങ്ങളാണ് നടന്നത്. നാളിതുവരെയുള്ള ഒരു സമരത്തിലും, പ്രധാനപ്പെട്ട നേതാക്കൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിക്കുന്നതായി നമ്മളിതുവരെ കേട്ടിട്ടുമില്ല, കണ്ടിട്ടുമില്ല. എന്നാൽ അതാണിന്ന് ഉണ്ടായത്. പ്രതിപക്ഷ നേതാവ് പ്രസംഗിച്ചു തുടങ്ങിയപ്പോൾ തന്നെ ജലപീരങ്കിയുടെ ആദ്യത്തെ പ്രയോഗം നടന്നു. ജലപീരങ്കി ഉപയോഗിച്ച് ചിതറിപ്പോകാതിരിക്കുമ്പോൾ മാത്രമാണ് സാധാരണ കണ്ണീർ വാതകം പ്രയോഗിക്കുന്നത്. എന്നാൽ ജലപീരങ്കി പ്രയോഗിച്ചതിന് ശേഷം യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ മുതിർന്ന നേതാക്കളുൾപ്പടെ നിൽക്കുമ്പോഴായിരുന്നു ഇന്ന് പൊലീസിന്റെ കണ്ണീർ വാതക പ്രയോഗം.

അതുപോലെ സമരം കലുഷിതമായാൽ പോലും മാധ്യമപ്രവർത്തകരൊക്കെ സ്ഥലത്ത് നിന്ന് മാറിയതിന് ശേഷമാണ് കണ്ണീർ വാതകമൊക്കെ പ്രയോഗിക്കുക. എന്നാലിന്ന് ഇതിനൊന്നും മുതിരാതെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. എത്ര മാധ്യമപ്രവർത്തകർക്കാണ് ശാരീരികാസ്വസ്ഥതകളുണ്ടായത്. വനിതാ മാധ്യമപ്രവർത്തകരടക്കമുള്ളവർ ഛർദിക്കുന്ന സാഹചര്യം വരെയുണ്ടായി. മാധ്യമപ്രവർത്തകരും മുതിർന്ന നേതാക്കളുമൊക്കെ എന്ത് പ്രകോപനം നടത്തിയിട്ടാണ് അവർക്ക് നേരെ അക്രമമുണ്ടായത്? ഇത് കൃത്യമായും സമരങ്ങളെ അടിച്ചമർത്തുക എന്ന ലക്ഷ്യമാണ്.

കേരളത്തിൽ പുതിയ കീഴ്‌വഴക്കമാണ് ഉണ്ടാവുന്നത്. സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് ഒന്നാം പ്രതി. പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയിരിക്കുമ്പോൾ എത്ര സമരങ്ങൾ ഉദ്ഘാടനം ചെയ്തിട്ടുണ്ട്, വിഎസ് അച്യുതാനന്ദൻ എത്ര സമരം ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഇവരെയൊക്കെയാണോ ഒന്നാം പ്രതിയാക്കുക? പ്രധാനപ്പെട്ട നേതാക്കളെയാണ് അവർ ടാർഗറ്റ് ചെയ്യുന്നത്. ഇത് മുഖ്യമന്ത്രി തലസ്ഥാനത്തെത്തുമ്പോൾ പ്രതിഷേധമുണ്ടാവാൻ പാടില്ല എന്ന നിർബന്ധമാണ്. വാർത്ത റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരെ പോലും കേസെടുക്കുന്നതാണ് അവസ്ഥ. മുഖ്യമന്ത്രി അത് നാണമില്ലാതെ ന്യായീകരിക്കുകയും ചെയ്യുന്നു

എം.വി ഗോവിന്ദൻ പ്രസംഗിക്കുമ്പോൾ പൊലീസ് ഇങ്ങനെയൊരു അക്രമം അഴിച്ചുവിടുമോ? ഡിസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അക്രമമഴിച്ചു വിട്ടത്. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും പോകുന്നതിന് മുമ്പ് തന്നെ അക്രമമുണ്ടാക്കണമെന്ന് അവർക്ക് കൃത്യമായ നിർദേശമുണ്ടായിരുന്നു". രാഹുൽ വിമർശിച്ചു.

മുതിർന്ന നേതാക്കളുൾപ്പടെയുണ്ടായിരുന്ന വേദിയിലേക്ക് പൊലീസ് നടത്തിയ അക്രമത്തിൽ പ്രതിഷേധസൂചകമായി പതിനാല് ജില്ലകളിലും പ്രകടനങ്ങളും വരും ദിവസങ്ങളിൽ ജനകീയസമരവും ഉണ്ടാകുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. പൊലീസ് അതിക്രമത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനം നടത്തുമെന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്.

കെപിസിസിയുടെ നേതൃത്വത്തിലുള്ള ഡിജിപി മാർച്ചിനിടെ വി.ഡി സതീശൻ പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഘർഷം. പൊലീസ് ടിയർ ഗ്യാസും ജനപീരങ്കിയും പ്രയോഗിച്ചതോടെ കെപിസിസി അധ്യക്ഷൻ കെ.സുധാകരനടക്കമുള്ള നേതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജലപീരങ്കി പ്രയോഗിച്ചതോടെ സതീശൻ പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ചു.

TAGS :

Next Story