ബലാത്സംഗക്കേസിൽ രാഹുലിനെ ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും; പ്രതിഷേധം കണക്കിലെടുത്ത് വൻ സുരക്ഷ
ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെടുന്നത്

പത്തനംതിട്ട:ബലാത്സംഗ കേസിൽ റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി രാഹുലിനെ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
വൈദ്യ പരിശോധന പൂർത്തിയാക്കി കോടതിയിൽ എത്തിച്ച ശേഷം കസ്റ്റഡി അപേക്ഷ പരിഗണിക്കും. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ക്രൈം ബ്രാഞ്ച് ആവശ്യപെടുന്നത്. പ്രതിഭാഗം ജാമ്യ ഹരജി ഫയൽ ചെയ്തിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചശേഷമാകും ഹരജി പരിഗണിക്കുക. വലിയ സുരക്ഷ ഒരുക്കിയാകും പൊലീസ് രാഹുലിനെ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ നിന്നും കോടതിയിൽ ഹാജരാക്കുക.
ക്രൂരമായി ബലാത്സംഗം ചെയ്തെന്നും ഗർഭിണിയാക്കിയ ശേഷം നിർബന്ധിത ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവും നടത്തിയെന്നുമാണ് യുവതിയുടെ പരാതി. പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ ബലാത്സംഗ പരാതിയിലാണ് കഴിഞ്ഞദിവസം അർധരാത്രി 12.30ഓടെ പൊലീസ് സംഘം പാലക്കാട്ടെ കെപിഎം ഹോട്ടലിലെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അതേസമയം, പരാതിയിലെ ആരോപണങ്ങളെല്ലാം ചോദ്യം ചെയ്യലിൽ രാഹുൽ നിഷേധിച്ചു. ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കാതിരുന്ന രാഹുൽ, എല്ലാം വക്കീൽ പറയും എന്ന് മാത്രമാണ് മറുപടി നൽകിയത്. ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് ഉണ്ടായതെന്നും പീഡനമല്ലെന്നും രാഹുൽ അവകാശപ്പെടുന്നു.
റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാവേലിക്കര സബ്ജയിലിൽ എത്തിച്ചിരുന്നു. 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
Adjust Story Font
16

