Quantcast

'തന്ത്രി മാത്രമല്ല, മന്ത്രിയടക്കം വലിയ സ്രാവുകൾ പിടിയിലാകും,തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം':രമേശ് ചെന്നിത്തല

മീഡിയവൺ നയതന്ത്രത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

MediaOne Logo

Web Desk

  • Updated:

    2026-01-10 14:19:41.0

Published:

10 Jan 2026 9:04 AM IST

തന്ത്രി മാത്രമല്ല, മന്ത്രിയടക്കം വലിയ സ്രാവുകൾ പിടിയിലാകും,തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം:രമേശ് ചെന്നിത്തല
X

കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ആരും നിയമത്തിന് മുകളിലല്ലെന്നും നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പന്റെ സ്വര്‍ണം കട്ടവരാരും രക്ഷപ്പെടാന്‍ പാടില്ലെന്നും വന്‍ സ്രാവുകള്‍ ഇനിയും പിടിയിലാകാനുണ്ടെന്നും ചെന്നിത്തല പറഞ്ഞു. മീഡിയവണ്‍ നയതന്ത്രത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മുഖ്യമന്ത്രിയും പാര്‍ട്ടിയും സ്വർണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കുകയാണ്. എസ്‌ഐടി പ്രതികളെന്ന് ചൂണ്ടിക്കാട്ടിയിട്ടും എന്തുകൊണ്ട് പ്രതികളെ ശിക്ഷിക്കുന്നില്ലെന്നതിൽ നിന്നുതന്നെ കാര്യങ്ങൾ വ്യക്തമാണ്. നിയമത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണ്. എന്തുകൊണ്ട് പാര്‍ട്ടി അവരെ പുറത്താക്കുന്നില്ലെന്നതാണ് ഞങ്ങളുടെ ചോദ്യം. കേസിനാധാരമായ കാര്യങ്ങള്‍ ശക്തമായത് കൊണ്ടാണ് പ്രതികള്‍ക്ക് ഇതുവരെയും ജാമ്യം ലഭിക്കാതിരുന്നത്. തന്ത്രി മാത്രമല്ല, മന്ത്രിയടക്കം വലിയ തിമിംഗലങ്ങള്‍ ഇനിയും കേസില്‍ പിടിയിലാകാനുണ്ട്.' ചെന്നിത്തല വ്യക്തമാക്കി.

'യുഡിഎഫ് അധികാരത്തിലെത്തിയാൽ ആരാകും മുഖ്യമന്ത്രിയെന്നതെല്ലാം മുന്നണിയും പാർട്ടിനേതാക്കളും തീരുമാനിക്കും. നമ്മളാരും നിഷ്‌കാമ കര്‍മിയല്ലല്ലോ. എല്ലാ കാര്യങ്ങളും പാര്‍ട്ടി വിലയിരുത്തി ചെയ്യട്ടെ. യുക്തമായ സമയത്ത് പാര്‍ട്ടി അക്കാര്യങ്ങളിൽ തീരുമാനമെടുക്കും. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുണ്ടാകുന്ന ചര്‍ച്ചകളില്‍ ഞങ്ങള്‍ക്കിടയില്‍ ഒരു ആശയക്കുഴപ്പവുമില്ല. ആദ്യം തെരഞ്ഞെടുപ്പ് വിജയിക്കുകയെന്നതാണ് ലക്ഷ്യം. ബാക്കിയെല്ലാം പിന്നീട്. നിലവില്‍ നമ്മുടെ നാട്ടിലെ ജനങ്ങള്‍ മടുത്തിരിക്കുകയാണ്. അവര്‍ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് സമീപകാല തെരഞ്ഞെടുപ്പുകളിലെ ഞങ്ങളുടെ പ്രകടനം. ചെന്നിത്തല പറഞ്ഞു.

'മുഖ്യമന്ത്രി മോദിയെയും അമിത്ഷായെയും പേരെടുത്ത് വിമര്‍ശിക്കുന്നില്ല. അവര്‍ തമ്മില്‍ വലിയ അന്തര്‍ധാരയുണ്ട്. മുഖ്യമന്ത്രി പോകുന്നത് പോലെ പിആര്‍ ഏജന്‍സികളുടെ പിന്നാലെ പോകാന്‍ ഞങ്ങള്‍ക്ക് ഉദ്ദേശമില്ല. തെരഞ്ഞെടുപ്പിൽ മുൻകാലങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതൽ അവസരങ്ങൾ യുവാക്കൾക്കും സ്ത്രീകൾക്കും നൽകാനാണ് നീക്കം. സർപ്രൈസ് സ്ഥാനാർഥികളെന്ന് പറഞ്ഞ് പത്രങ്ങളിൽ പലതും കാണാറുണ്ട്. ഉചിതമായ സമയത്ത് തീരുമാനം സ്വീകരിക്കും.'

'കേരളത്തിലെ മുഖ്യമന്ത്രി നമ്മുടെ സമൂഹത്തെ വിഭജിക്കാനുള്ള ശ്രമത്തിലാണ്. മാറാട് കേരളത്തിന്റെ ചരിത്രത്തിലെ ദുഖകരമായ മുറിവാണ്. ആ മുറിവിനെ വീണ്ടും ഓര്‍മിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്ത്രി ന്യൂനപക്ഷ വര്‍ഗീയത പരത്തുകയാണ്. ലോക്‌സഭ പരാജയത്തിന് ശേഷം മുഖ്യമന്ത്രി ഭൂരിപക്ഷ വര്‍ഗീയതയിലേക്കും തിരിഞ്ഞിരിക്കുകയാണ്.'അദ്ദേഹം പറഞ്ഞു.

'മാറാട് കലാപത്തെ കുറിച്ച് ബാലൻ നടത്തിയ പ്രസ്താവന വളരെ മോശമായി. ഞങ്ങൾ ഭരിക്കുന്ന കാലത്ത് അങ്ങനെ വല്ലതും സംഭവിച്ചിട്ടുണ്ടോ. മാറാട് ആവര്‍ത്തിക്കുമെന്ന് പറഞ്ഞത് അത്യന്തം അപകടകരമാണ്. വെള്ളാപ്പള്ളിക്കെതിരെ ശക്തമായി സംസാരിക്കുകയും കേസെടുക്കുകയും ചെയ്ത ആഭ്യന്തര മന്ത്രിയായിരുന്നു ഞാന്‍. എല്ലാ സമുദായ വിഭാഗങ്ങളോടും നല്ല ബന്ധം പുലര്‍ത്തുന്നയാളാണ് താന്‍'.കോണ്‍ഗ്രസ് എക്കാലവും മതേതര സ്വഭാവം പുലര്‍ത്തുന്നവരാണെന്നും വര്‍ഗീയത ആര് നടത്തിയാലും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശങ്ങളെ അംഗീകരിക്കുകയില്ല. മലപ്പുറം അങ്ങനെയൊരു നാടല്ല. തികച്ചും മതേതരത്വം കാത്തുസൂക്ഷിക്കുന്നവരാണ് മലപ്പുറത്തുകാര്‍. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയത എപ്പോഴും കൊണ്ടുനടക്കുന്നത് സിപിഎമ്മാണ്. ഒരു വര്‍ഗീയതയും പ്രോത്സാഹിപ്പിക്കില്ലെന്നും വര്‍ഗീയത ആര് പറഞ്ഞാലും അംഗീകരിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

'മികച്ച പെര്‍ഫോമന്‍സാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. സതീശനെതിരെ രൂക്ഷമായി വിമര്‍ശനമുന്നയിക്കുകയെന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണ്'. ത്യാഗം സഹിക്കാന്‍ എല്ലാവരും ഒരുക്കമാണെന്നും അഞ്ച് വര്‍ഷമായി തനിക്കൊരു സ്ഥാനവുമില്ലെന്നും ഏത് കാര്യത്തിലും പാര്‍ട്ടി പറയുന്നതെന്തും അനുസരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story