ബലാത്സംഗക്കേസ്; രാഹുലിന് ഇന്ന് നിര്‍ണായകം, ജാമ്യഹരജിയില്‍ വിധി ഇന്ന്
രാഹുലിന് ജാമ്യം അനുവദിക്കരുത് എന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്

പത്തനംതിട്ട: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം. രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ തിരുവല്ല കോടതി ഇന്ന് ഉത്തരവ് പറയും. രാഹുലിന് ജാമ്യം അനുവദിക്കരുത് എന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം ആണെന്നും യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നുമാണ് രാഹുലിൻ്റെ വാദം.
പരാതിക്കാരിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകളും രാഹുൽ കോടതിയിൽ ഹാജരാക്കിയിരുന്നു. വിവാഹ വാഗ്ദാനം ചെയ്ത് 31 വയസുകാരിയെ തിരുവല്ലയിലെ ഹോട്ടലിൽ വെച്ചാണ് രാഹുൽ ബലാത്സംഗം ചെയ്തത്. പിന്നീട് അതിജീവിത പരാതി നൽകിയതിനെത്തുടർന്ന് രാഹുലിനെ പാലക്കാട് നിന്നാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
അതിനിടെ കഴിഞ്ഞ ദിവസം രാഹുലിനും സുഹൃത്ത് ഫെനി നൈനാനുമെതിരെ പ്രതികരണവുമായി അതിജീവിത രംഗത്തെത്തിയിരുന്നു. ആദ്യത്തെ ലൈംഗിക പീഡന പരാതി പുറത്ത് വന്നതിന് പിന്നാലെ ഇക്കാര്യത്തെക്കുറിച്ച് സംസാരിയ്ക്കാനാണ് രാഹുലിനെ ബന്ധപ്പെട്ടതെന്നാണ് അതിജീവിത വിശദീകരിക്കുന്നത് . തന്നെ അധിക്ഷേപിക്കുന്നതിനാണ് ഫെനി നൈനാൻ തലയും വാലുമില്ലാത്ത വാട്സ്ആപ്പ് ചാറ്റ് പുറത്തുവിട്ടതെന്നും അതിജീവിത വ്യക്തമാക്കുന്നു. വാട്സ്ആപ്പ് ചാറ്റ് പുറത്തു വിട്ടതിന് പിന്നാലെ അതിജീവിത ഫെനിക്കെതിരെ പരാതി നൽകിയിരുന്നു. പൊലീസ് ഫെനിക്കെതിരെ കേസെടുത്തിട്ടുണ്ട്.
Adjust Story Font
16

