ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
അപേക്ഷയിലെ തുടർവാദത്തിന് ശേഷമായിരിക്കും വിധി

തിരുവനന്തപുരം: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജില്ലാ കോടതിയുടെ വിധി ഇന്നുണ്ടായേക്കും. അപേക്ഷയിലെ തുടർവാദത്തിന് ശേഷമായിരിക്കും വിധി.
രാഹുലിനെതിരെ കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കും. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിരുന്നത്. ബലാത്സംഗം ചെയ്യുകയോ യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നാണ് രാഹുലിന്‍റെ വാദം. എന്നാൽ രാഹുൽ യുവതിയെ ബലാൽസംഗം ചെയ്തതിനും ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചതിനും തെളിവുകളും സാക്ഷി മൊഴികളും ഉണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നത്.
രാഹുലിനെതിരെ പരാതി നൽകിയ 23 വയസുകാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. ഇതിനായി അന്വേഷണസംഘം വൈകാതെ യുവതിയെ കാണും. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും തുടർനടപടിയുമായി അന്വേഷണസംഘം മുന്നോട്ടുപോകുക. യുവതി കെപിസിസി പ്രസിഡന്‍റിന് നൽകിയ പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു.
അതിനിടെരാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും. രാഹുലിന്‍റെ ജാമ്യാപേക്ഷ അടുത്ത ദിവസമാണ് തിരുവനന്തപുരം ജില്ലാ കോടതി പരിഗണിക്കുക. കേസിൽ അറസ്റ്റിലായതിനെ തുടർന്ന് രാഹുൽ നിരാഹാര സമരത്തിലാണ്. പൂജപ്പുര ജയിലിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് രാഹുലിനെ മാറ്റിയിരുന്നു. ടെക്നോപാർക്കിലെ രാഹുലിന്‍റെ ഓഫീസിൽ ഇന്നലെയാണ് തെളിവെടുപ്പ് നടത്തിയത്. രാഹുലിനെ ഇന്നലെ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്.
Adjust Story Font
16

