അതുല്യ സംഭാവനകൾ കൈരളിക്ക് സമ്മാനിച്ച സമസ്തയുടെ നൂറാം വാർഷികം ചരിത്രത്തിൽ ഒരു നാഴികക്കല്ലായി രേഖപ്പെടുത്തപ്പെടും: റസാഖ് പാലേരി
കാസർകോട് കുണിയയിൽ സമസ്തയുടെ സമ്മേളന നഗരി സന്ദർശിച്ച റസാഖ് പാലേരി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

- Published:
8 Feb 2026 12:43 PM IST

കാസർകോട്: അതുല്യമെന്ന് വിശേഷിപ്പിക്കാവുന്ന സംഭാവനകൾ കൈരളിക്ക് സമ്മാനിച്ച സമസ്തയുടെ നൂറാം വാർഷികം ചരിത്രത്തിൽ ഒരു നാഴികക്കല്ലായി രേഖപ്പെടുത്തപ്പെടുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. കാസർകോട് കുണിയയിൽ സമസ്തയുടെ സമ്മേളന നഗരി സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദ്യവും ഊഷ്മളവുമായ സ്വീകരണമാണ് നഗരിയിൽ ലഭിച്ചത്. ചിട്ടയാർന്ന, പഴുതുകളില്ലാത്ത സംഘാടനത്തിലൂടെ അഞ്ച് ദിവസത്തെ ഐതിഹാസികമായ മഹാസമ്മേളനമാണ് വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ സംഘടിപ്പിച്ചിരിക്കുന്നത്. ഒരേസമയം പതിനായിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പരാതികളോ വീഴ്ചകളോ കൂടാതെ സമ്മേളനത്തെ അതിന്റെ പരിസമാപ്തിയിൽ എത്തിക്കുക എന്നത് എല്ലാവരെ കൊണ്ടും സാധ്യമാകുന്നതല്ല. സമർപ്പിതരായ ഒരു സംഘത്തിന് മാത്രം സാധിക്കുന്ന കാര്യമാണത്.
ഭാവിയിലേക്ക് ദിശ നിർണയിക്കുന്ന വിവിധ സെഷനുകൾ സമ്മേളനത്തിൽ നടന്നു കഴിഞ്ഞു. പണ്ഡിത നേതാക്കൾ മുതൽ സാധാരണക്കാരായ പ്രവർത്തകർ വരെ അത്യധ്വാനം ചെയ്തുകൊണ്ടാണ് സമ്മേളനത്തെ മുന്നോട്ട് നയിച്ചത്. വളണ്ടിയർമാരുടെ സമർപ്പണബോധം പ്രത്യേകം എടുത്തു പറയേണ്ടതാണ്. കാലഘട്ടത്തിന്റെ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ട് പോകാൻ നേതാക്കൾക്കും പണ്ഡിത ശ്രേഷ്ഠർക്കും സാധിക്കട്ടെ എന്നും റസാഖ് പാലേരി ആശംസിച്ചു.
Adjust Story Font
16
