കോടതി വളപ്പിൽ കൊലക്കേസ് പ്രതികളുടെ റീൽസെടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; എട്ടുപേര്‍ പിടിയിൽ
കരുനാഗപ്പള്ളിയിലെ ജിം സന്തോഷ് കൊലക്കേസ് വിചാരണ തടവുകാരായ പ്രതികളുടെ ദൃശ്യങ്ങളാണ് റീലായി പ്രചരിപ്പിച്ചത്

കൊല്ലം: കൊല്ലത്ത് കോടതി വളപ്പിൽ കൊലക്കേസ് പ്രതികളുടെ റീൽസെടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച പ്രതികൾ പിടിയിൽ. ഓച്ചിറ സ്വദേശികളായ എട്ട് പേരെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളിയിലെ ജിം സന്തോഷ് കൊലക്കേസ് വിചാരണ തടവുകാരായ പ്രതികളുടെ ദൃശ്യങ്ങളാണ് അറസ്റ്റിലായവർ റീൽസെടുത്ത് പ്രചരിപ്പിച്ചത്.
ജൂലൈ 28 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സന്തോഷ് കൊലക്കേസിലെ രണ്ട് പ്രതികളെ കരുനാഗപ്പള്ളി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിച്ചിരുന്നു. ഈ സമയത്ത് കോടതി വളപ്പിൽ എത്തിയ പ്രതികളുടെ സുഹൃത്തുക്കളാണ് റീൽസ് എടുത്തത്.
ജിം സന്തോഷ് കൊലക്കേസിലേ വിചാരണ തടവുകാരായ അതുൽ, മനു എന്നിവരെയാണ് കോടതിയിൽ എത്തിച്ചത്. ഈ സമയം അവിടെയെത്തിയ സുഹൃത്തുക്കൾ ചേർന്ന് ചട്ട വിരുദ്ധമായി ദൃശ്യങ്ങൾ പകർത്തുകയും നിരോധിത ഉൽപ്പന്നങ്ങൾ വിചാരണ തടവുകാർക്ക് കൈമാറുകയും ചെയ്തു.
ദൃശ്യങ്ങൾ റീൽസായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കോടതി നിർദേശ പ്രകാരമുള്ള പൊലീസ് നടപടി. ഓച്ചിറ സ്വദേശികളായ അമ്പാടി, റോഷൻ, അനന്ദകൃഷ്ണൻ,അജിത്, ഹരികൃഷ്ണൻ, ഡിപിൻ, മണപള്ളി സ്വദേശി മനോഷ്, അഖിൽ എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. സമൂഹത്തിന് അപകടകരമായ സന്ദേശം നൽകി എന്നതാണ് കോടതി നിരീക്ഷണം. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ എട്ടു പ്രതികളെയും റിമാൻഡ് ചെയ്തു.
Adjust Story Font
16

