നിപയിൽ ആശ്വാസം ; സമ്പർക്ക പട്ടികയിലുള്ള ആരോഗ്യപ്രവർത്തകയുടെ രണ്ടാമത്തെ ഫലവും നെഗറ്റീവ്
രണ്ടാമത്തെ ഡോസ് മോണോ ക്ലോണൽ ആൻറി ബോഡിയും രോഗിക്ക് നൽകി

കോഴിക്കോട്: നിപയിൽ ഇന്ന് ആശ്വാസം. ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള ആരോഗ്യപ്രവർത്തകയുടെ രണ്ടാമത്തെ ഫലവും നെഗറ്റീവായി. നിപ രോഗബാധിതൻ വെന്റിലേറ്ററിൽ തുടരുകയാണ്. രണ്ടാമത്തെ ഡോസ് മോണോ ക്ലോണൽ ആന്റി ബോഡിയും രോഗിക്ക് നൽകി. നിരീക്ഷണത്തിൽ ആയിരുന്ന രോഗിയുടെ അടുത്ത ബന്ധുക്കളായ രണ്ടു പേരെ ഡിസ്ചാർജ് ചെയ്തു.
നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 7 പേരിൽ രോഗിയുടെ ഏറ്റവും അടുത്ത ബന്ധുക്കളായ രണ്ടുപേരെ രോഗലക്ഷണങ്ങൾ മാറിയതിനെത്തുടർന്നു ഇന്ന് ഡിസ്ചാർജ് ചെയ്തു. ഇവരുടെ പരിശോധനാഫലം നേരത്തെ നെഗറ്റീവ് ആയിരുന്നു. അതിനിടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് ക്വാറന്റൈനിൽ കഴിയുകയായിരുന്ന രോഗിയുടെ അടുത്ത ബന്ധു കൂടിയായ ഒരാളെ നിരീക്ഷണത്തിനായി ഇന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിലവിൽ ആകെ 6 പേർ ഇപ്പോൾ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ഒരു ആരോഗ്യ പ്രവർത്തകയുടെ സാമ്പിൾ കൂടി ഇന്ന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ജില്ലയിൽ പുതിയ നിപ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യുകയോ സമ്പർക്കപ്പട്ടികയിൽ പുതുതായി ആരെയും ഉൾപ്പെടുത്തുകയോ ചെയ്തിട്ടില്ല. നിലവിൽ സമ്പർക്കപ്പട്ടികയിൽ 103 പേരാണുള്ളത്. ഇതിൽ 4 പേർ വളരെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപെട്ടവരും 14 പേർ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപെട്ടവരും 85 പേർ കുറഞ്ഞ വിഭാഗത്തിൽപ്പെട്ടവരും ആണ്. സമ്പർക്ക പട്ടികയിൽ 45 പേർ ആരോഗ്യപ്രവർത്തകരാണ്. നിപ നിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി എത്തിയ കേന്ദ്ര സംഘം രോഗബാധിതൻ ആദ്യം ചികിത്സ തേടിയ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ സന്ദർശനം നടത്തി. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 46 വീടുകളിൽ കൂടി ഇന്ന് ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചു.
Adjust Story Font
16

