Quantcast

നിലപാടുകളിലെ കണിശക്കാരൻ, ഇടതുചേരിയിലെ തിരുത്തൽ ശക്തി; കാനം ഇനി ഓർമ

MediaOne Logo

Web Desk

  • Updated:

    2023-12-08 16:39:13.0

Published:

8 Dec 2023 3:42 PM GMT

Rigorous in attitudes, corrective force on the left
X

തിരുവനന്തപുരം: നിലപാടുകളിലെ കണിശതയും മുഖം നോക്കാതെ അത് പറയാനുള്ള ആർജ്ജവവുമായിരുന്നു കാനം രാജേന്ദ്രനെ ഇടത്‌ചേരിയിൽ വ്യത്യസ്ഥനാക്കിയത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയുടെ സുപ്രധാന ഘട്ടങ്ങളിലെല്ലാം നെടുന്തൂണാകാൻ കാനത്തിനായി. ഇടതുപക്ഷത്തിന്‍റെ ഭാഗമായിരിക്കെത്തന്നെ മുന്നണിക്കുള്ളിലെ ഭിന്നസ്വരമാകാന്‍ കാനം സധൈര്യം തയ്യാറായി. മാവോയിസ്റ്റ് ഏറ്റുമുട്ടലിലും കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ ഇടതുമുന്നണി പ്രവേശനത്തിലുമെല്ലാം കാനത്തിന്‍റെ വിയോജിപ്പ് പരസ്യമായിത്തന്നെ സി.പി.എമ്മിന് കേള്‍ക്കേണ്ടിവന്നു.

1950ൽ കോട്ടയം കാനത്തായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. വാഴൂർ എസ്.വി.ആർ എൻ.എസ്.എസ് സ്‌കൂൾ, കോട്ടയം ബസേലിയസ് കോളജ്, മോസ്‌കോ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്.

2022ൽ തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തിൽവച്ച് മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാകുന്നത്. 53 വർഷമായി സംസ്ഥാന കൗൺസിൽ അംഗമാണ്. രണ്ട് തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 2015 ൽ കോട്ടയം സംസ്ഥാനസമ്മേളനത്തിൽ ആദ്യമായി സംസ്ഥാന സെക്രട്ടറിയായി. എ.ഐ.എസ്.എഫിലൂടെയായിരുന്നു പൊതുജീവിതം ആരംഭിച്ചത്. പിന്നീട് എ.ഐ.വൈ.എഫ് പ്രവർത്തകനായ കാനം 1970 ൽ സംസ്ഥാന സെക്രട്ടറിയായി. ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. കേരളത്തിൽ എ.ഐ.വൈഎഫിന്റെ അടിത്തറ വിപുലമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

1970 ൽ സിപിഐ സംസ്ഥാന കൗൺസിലിലും പിന്നീട് എൻ.ഇ ബാലറാം സെക്രട്ടറിയായിരിക്കേ സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമായി. 25 വയസായിരുന്നു അന്ന് പ്രായം. എം.എൻ, സി അച്യുതമേനോൻ, ടി.വി തോമസ്, വെളിയം ഭാർഗവൻ തുടങ്ങിയ മഹാരഥന്മാർക്കൊപ്പമുള്ള പ്രവർത്തനത്തിലൂടെ ലഭിച്ച അനുഭവ സമ്പത്താണ് കാനത്തിന്റെ വഴികാട്ടി. യുവജന രംഗത്തു നിന്ന് നേരിട്ട് ട്രേഡ് യൂണിയൻ മേഖലയിലെ പ്രവർത്തനങ്ങളിലാണ് കാനം ശ്രദ്ധയൂന്നിയത്.

1970 ൽ കേരള സ്റ്റേറ്റ് ട്രേഡ് യൂണിയൻ കൗൺസിൽ സംസ്ഥാന സെക്രട്ടറിയായി. പി ബാലചന്ദ്ര മേനോൻ, കെ എ രാജൻ, പി ഭാസ്‌കരൻ, കല്ലാട്ട് കൃഷ്ണൻ, ടി സി എസ് മേനോൻ, കെ സി മാത്യു തുടങ്ങിയ മുൻനിര ട്രേഡ് യൂണിയൻ നേതാക്കൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പരിചയം പിന്നീട് എ.ഐ.ടി.യു.സിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പദവിയിൽ തിളക്കമാർന്ന പ്രവർത്തനം നടത്താൻ ഉപകരിച്ചു. ഈ ഘട്ടത്തിലാണ് വിവിധ അസംഘടിത മേഖലകളിലെ തൊഴിലാളികളുടെയും പുത്തൻതലമുറ ബാങ്കുകൾ, ഐ.ടി സ്ഥാപനങ്ങൾ, മുതൽ സിനിമാ മേഖലയിലുൾപ്പെടെ പുതിയ യൂണിയനുകളുണ്ടാക്കിയത്. കെ.ഇ.ഡബ്ല്യു.എഫ് പ്രസിഡന്റ്, എ.ഐ.ടി.യു.സി ദേശീയ വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകളിൽ ട്രേഡ് യൂണിയൻ രംഗത്ത് ശ്രദ്ധേയ ഇടപെടൽ നിർവഹിക്കുന്നു.

1982 ൽ വാഴൂരിൽ നിന്ന് നിയമസഭാംഗമായി. രണ്ട് തവണ വാഴൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് മികച്ച പാർലമെന്റേറിയൻ എന്ന ഖ്യാതി നേടി. നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ ജീവിത സുരക്ഷയ്ക്കായി കാനം നിയമസഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിന്റെ ചുവടുപിടിച്ചാണ് പിന്നീട് നിർമ്മാണ തൊഴിലാളി നിയമം നിലവിൽവന്നത്. നിയമസഭയിൽ ഈ സ്വകാര്യ ബില്ല് വോട്ടിനിട്ടാണ് അവതരണാനുമതി നേടിയത്. നിയമനിർമ്മാണ വേളകളിൽ ചർച്ചയിൽ സജീവമായി പങ്കെടുത്തിരുന്ന കാനം രാജേന്ദ്രൻ ഈ നിലയിൽ ഏറെ ശ്രദ്ധേയനായി. കേരള നിയമസഭയിൽ കോടിയേരി ബാലകൃഷ്ണനും രമേശ് ചെന്നിത്തലയും കാനവും കന്നിക്കാരായി ഒരുമിച്ചെത്തിയവരായിരുന്നു.

വാക്കുകളിൽ മിതത്വമെന്നത് നിയമ സംഹിത പോലെ കരുതിയാണ് സംസാരമെങ്കിലും വേദി ഏതായാലും ആശയ സ്ഫുടതയും തത്വശാസ്ത്രപരമായ കാഴ്ചപ്പാടും നിലപാടും കൃത്യമായി പുലർത്തണമെന്നതിൽ വിട്ടുവീഴ്ചയില്ല. സി. അച്യുതമേനോൻ ഫൗണ്ടേഷൻ പ്രസിഡന്റായ കാനം എഴുതിയ നവമാധ്യമ രംഗത്തെ ഇടതുചേരി എന്ന പുസ്തകം ഏറെ ശ്രദ്ധേയമായി. പ്രഭാത് പ്രസിദ്ധീകരിച്ച തെരഞ്ഞെടുത്ത ലേഖനങ്ങൾക്കും വായനക്കാരേറെയാണ്. ഭാര്യ: വനജ. മക്കൾ: സന്ദീപ്, സ്മിത. മരുമക്കൾ താരാ സന്ദീപ്, വി സർവേശ്വരൻ.

TAGS :

Next Story