Quantcast

ഇറാൻ പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയെന്ന് ആർഎസ്എസ് മുഖപത്രം; 'അധിനിവേശ ശ്രമങ്ങളുടെ ഒടുവിലത്തെ ദൃഷ്ടാന്തം'

ആഭ്യന്തര പ്രക്ഷോഭങ്ങള്‍ക്ക് വീര്യം പകര്‍ന്നും സാമ്പത്തിക ഉപരോധങ്ങള്‍ ശക്തമാക്കിയും ഇറാന്‍ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താനാണ് ട്രംപ് ശ്രമിക്കുന്നതെന്നും കേസരി.

MediaOne Logo
RSS mouthpiece Kesari Weekly says America is behind Iran protests
X

കോഴിക്കോട്: ഇറാനിലെ പ്രക്ഷോഭത്തിന് അമേരിക്കയുടെ പിന്തുണയും പ്രോത്സാഹ​നവുമെന്ന് ആർഎസ്എസ് മുഖപത്രം കേസരി. 1979 മുതല്‍ രാജ്യത്ത് അധികാരത്തിലുള്ള ഇസ്‌ലാമിക ഭരണകൂടത്തിന് അന്ത്യംകുറിക്കാനുള്ള അന്തര്‍നാടകങ്ങളാണ് ഇതിനുപിന്നിലുള്ളതെന്നും കേസരി എഡിറ്റോറിയലിൽ പറയുന്നു. ലോകനിയമങ്ങളും അന്താരാഷ്ട്ര മര്യാദകളുമെല്ലാം കാറ്റില്‍പ്പറത്തി ലോകരാജ്യങ്ങള്‍ക്കുമേല്‍ അമേരിക്കന്‍ ഭരണകൂടം നടത്തുന്ന അധിനിവേശ ശ്രമങ്ങളുടെ ഒടുവിലത്തെ ദൃഷ്ടാന്തമാണ് ഇറാനിലും ഉണ്ടായിരിക്കുന്നതെന്നും കേസരി. ആഭ്യന്തര പ്രക്ഷോഭങ്ങള്‍ക്ക് വീര്യം പകര്‍ന്നും സാമ്പത്തിക ഉപരോധങ്ങള്‍ ശക്തമാക്കിയും ഇറാന്‍ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താനാണ് ട്രംപ് ശ്രമിക്കുന്നതെന്നും കേസരി കുറ്റപ്പെടുത്തുന്നു.

'ഇറാനിലെ ഇസ്‌ലാമിക്‌ റിപ്പബ്ലിക്കിനെ സാമ്പത്തികമായും രാഷ്ട്രീയമായും ഒറ്റപ്പെടുത്തുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ വെനസ്വേല പോലുള്ള രാജ്യങ്ങളുടെ അനുഭവങ്ങള്‍ ഇറാനിലും ആവര്‍ത്തിക്കുമോയെന്ന ആശങ്ക അന്താരാഷ്ട്ര വൃത്തങ്ങളില്‍ ശക്തമാണ്. പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്താനാണ് നീക്കമെങ്കില്‍ അമേരിക്ക ശക്തമായി പ്രതിരോധിക്കുമെന്ന ട്രംപിന്റെ ഭീഷണിയോട് ഇറാന്റെ പരമോന്നത നേതാവ് ശക്തമായ പ്രതികരണമാണ് നടത്തിയത്'.

'അന്താരാഷ്ട്ര നിയമങ്ങള്‍ തനിക്ക് ബാധകമല്ലെന്ന് ട്രംപ് അടുത്തിടെ വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. സ്വന്തം മനസിന് മാത്രമേ തന്നെ തടയാന്‍ കഴിയൂവെന്നും ആഗോള ശക്തിക്ക് പരിധികളില്ലെന്നും അടുത്ത ലക്ഷ്യം ഗ്രീന്‍ലാന്‍ഡ് ആണെന്നും ട്രംപ് വ്യക്തമാക്കിക്കഴിഞ്ഞു. പ്രസിഡന്റ് പദത്തിലേക്കുള്ള രണ്ടാം വരവോടെ താരിഫ് യുദ്ധത്തിന് തുടക്കംകുറിച്ച് പല രാജ്യങ്ങളുടെയും കഴുത്ത് ഞെരിക്കാനുള്ള ശ്രമമാണ് ട്രംപ് നടത്തിയത്. നേരിട്ടുള്ള യുദ്ധത്തേക്കാള്‍, ആഭ്യന്തരകലാപങ്ങളിലൂടെ ഭരണമാറ്റം കൊണ്ടുവരാനുള്ള ബലതന്ത്രമാണ് ട്രംപ് ഇറാനില്‍ ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ആഗോള അനന്തരഫലങ്ങള്‍ കാത്തിരുന്നു തന്നെ കാണാം'.

അടുത്തിടെ വിവിധ ലോകരാജ്യങ്ങളിലെ ഭരണകൂടങ്ങളെ കടപുഴക്കിയെറിയാന്‍ ചില വന്‍ശക്തി രാജ്യങ്ങള്‍ ആസൂത്രിത പദ്ധതികള്‍ പ്രയോഗവത്കരിച്ചുവരികയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന ഭരണകൂട അട്ടിമറികളില്‍ സമാനതകളേറെയാണ്. പലയിടത്തും ഭരണകൂടങ്ങള്‍ക്കെതിരെ ബോധപൂര്‍വം ജനകീയ പ്രക്ഷോഭങ്ങള്‍ സൃഷ്ടിച്ച് ആസൂത്രിത കലാപങ്ങള്‍ അഴിച്ചുവിടാന്‍ ശ്രമം നടക്കുകയാണെന്നും പറയുന്ന കേസരി, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിലുണ്ടായ പ്രക്ഷോഭങ്ങളും ചൂണ്ടിക്കാട്ടുന്നു. ഇതിന്റെയെല്ലാം അണിയറയില്‍ യുഎസിന്റെ അദൃശ്യമായ കരങ്ങള്‍ പ്രവര്‍ത്തിച്ചുവെന്നത് കേവലം ആരോപണമല്ലെന്നും എഡിറ്റോറിയലിൽ ഉണ്ട്.

ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലും പശ്ചിമേഷ്യയിലും നടക്കുന്ന ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയുടെ ഗൂഢമായ നയതന്ത്രലക്ഷ്യങ്ങളും സാമ്രാജ്യത്വ മോഹങ്ങളുമുണ്ടെന്നും വിവിധ രാജ്യങ്ങളുടെ ഭരണസ്വാതന്ത്ര്യത്തിനും പരമാധികാരത്തിനുംമേല്‍ അധികാരവാഞ്ഛയോടെ വന്‍ശക്തി രാജ്യങ്ങള്‍ നടത്തുന്ന കടന്നുകയറ്റങ്ങള്‍ ലോകസമാധാനത്തിന് ഭീഷണി ഉയര്‍ത്തുമ്പോള്‍ ഐക്യരാഷ്ട്രസഭ പോലുള്ള സംവിധാനങ്ങള്‍ നോക്കുകുത്തിയായി മാറിയിരിക്കുന്നതായും കേസരി എഡിറ്റോറിയലിൽ ആരോപിക്കുന്നു.

TAGS :

Next Story