ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരരുടെ വീട്ടിലെ പരിശോധനയില്‍ എസ്‌ഐടിക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തന്ത്രി ഐസിയുവില്‍ തുടരുകയാണ്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരരുടെ വീട്ടിലെ പരിശോധനയില്‍ എസ്‌ഐടിക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. തന്ത്രിയുടെ വീട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയുമടക്കം ആഭരണങ്ങള്‍ എസ്‌ഐടി പരിശോധിച്ചു. സ്വര്‍ണപ്പഴക്കം, മൂല്യം എന്നിവയാണ് പ്രധാനമായും സംഘം പരിശോധിക്കുന്നത്. തന്ത്രിയും പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലും വിശദമായ അന്വേഷണം തുടരുകയാണ്.
അതേസമയം, ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തന്ത്രി ഐസിയുവില്‍ തുടരുകയാണ്.
തന്ത്രി ദേഹാസ്വാസ്ഥ്യത്തിന് പിന്നാലെ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ചെങ്ങന്നൂരിലെ വീട്ടില്‍ എസ്‌ഐടി പരിശോധന നടത്തിയത്. ഉച്ചക്ക് രണ്ടരക്ക് ആരംഭിച്ച പരിശോധന എട്ടര മണിക്കൂറോളം നീണ്ടു. തന്ത്രിയും പോറ്റിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചെങ്കിലും തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് വീട്ടില്‍ പരിശോധന നടത്തിയത്. സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയതായും വിവരങ്ങളുണ്ട്.
ക്ഷേത്രത്തിലെ സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ കണ്ഠരര് രാജീവരര് ഒത്താശ ചെയ്തന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാൻഡ് റിപ്പോർട്ട്. താന്ത്രിക വിധികൾ ലംഘിച്ചാണ് പോറ്റിക്ക് തന്ത്രി ഒത്താശ ചെയ്തതെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. തന്ത്രിയും പോറ്റിയും തമ്മിൽ 2007 മുതൽ ബന്ധമുണ്ട്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് വിവരവും പുറത്തുവരുന്നുണ്ട്. ഇതിൽ വിശദമായ അന്വേഷണം നടത്താനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം. തന്ത്രിയെയും പോറ്റിയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യും. ഇതിനായി ഉടൻ കസ്റ്റഡി അപേക്ഷ നൽകും.
പത്മകുമാറിന്റെയും ഗോവർദ്ധനവിനെയും മൊഴികളാണ് രാജീവരുടെ അറസ്റ്റിലേക്ക് നയിച്ചത്. മൊഴി സാധൂകരിക്കുന്ന തെളിവുകൾ എസ്‌ഐടി ശേഖരിച്ചിട്ടുണ്ട്. തന്ത്രിയുടെയും പോറ്റിയുടെയും ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും.അന്വേഷണം പൂർത്തിയാക്കാൻ ഇനി ചുരുങ്ങിയ ആഴ്ചകൾ മാത്രമാണ് എസ്‌ഐട്ടിക്ക് മുന്നിൽ ഉള്ളത്. എസ്‌ഐടി അന്വേഷണം ശരിയായ ദിശയിലെന്നാണ് സർക്കാർ നിലപാട്.
Adjust Story Font
16

