Quantcast

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് യോഗം ഇന്ന്; അസി.എൻജിനീയറെയും സസ്പെൻഡ് ചെയ്തേക്കും

കേസിൽ പ്രതിയായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും

MediaOne Logo

Web Desk

  • Updated:

    2025-10-14 03:19:15.0

Published:

14 Oct 2025 6:33 AM IST

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് യോഗം ഇന്ന്;  അസി.എൻജിനീയറെയും സസ്പെൻഡ് ചെയ്തേക്കും
X

Photo| Special Arrangement

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം നടക്കുന്നതിനിടെ ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേരും. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട അസിസ്റ്റൻ്റ് എൻജിനീയർ കെ. സുനിൽ കുമാറിനെതിരായി നടപടി സ്വീകരിക്കുന്നതിൽ ബോർഡ് തീരുമാനമെടുക്കും. ദേവസ്വം വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വന്നതിനു പിന്നാലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ബി.മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. സമാനമായ നടപടി തന്നെ സുനിൽ കുമാറിനെതിരെയും ഉണ്ടാവാനാണ് സാധ്യത. പ്രതിപ്പട്ടികയിൽ ഉള്ള വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നത് പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം പൂർത്തിയായ ശേഷമേ ഉണ്ടാവൂ. ഇക്കാര്യത്തിൽ ബോർഡ് നിയമോപദേശം തേടിയിട്ടുണ്ട്.

അതിനിടെ, ശബരിമലയിലെ സ്വർണകൊള്ള കേസിൽ പ്രതിയായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വൈകാതെ ചോദ്യം ചെയ്യും. നോട്ടീസ് നൽകി ഉണ്ണികൃഷ്ണൻ പോറ്റിയോട് ഹാജരാകാനാകും ആവശ്യപ്പെടുക. ഇതിനുശേഷമാകും ദേവസ്വം ബോർഡ് അംഗങ്ങളെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുക. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി എച്ച്.വെങ്കിടേഷ് ഇന്ന് സന്നിധാനത്ത് എത്തും. എസ് ഐ ടി യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തും. പാളികളിൽ സ്വർണ്ണം പൂശിയ സ്മാർട്ട് ക്രിയേഷനിൽ ഉൾപ്പെടെ എത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സ്വർണ്ണ പാളി കൊണ്ടുപോയ നാഗേഷിനെ കേന്ദ്രീകരിച്ചും അന്വേഷണ പുരോഗമിക്കുകയാണ്.ശബരിമല സന്നിധാനത്ത് ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനകൾ പൂർത്തിയാക്കി മലയിറങ്ങി. ആറന്മുളയിലെ പ്രധാന സ്ട്രോങ്ങ് റൂമും പരിശോധിക്കും.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ കെപിസിസി പ്രഖ്യാപിച്ച വിശ്വാസ സംരക്ഷണ യാത്രകള്‍ക്ക് ഇന്ന് തുടക്കമാകും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആരംഭിക്കുന്ന നാല് യാത്രകൾ19ന് പന്തളത്ത് സമാപിക്കുന്ന തരത്തിലാണ് പരിപാടി.ഇതിൽ മൂന്ന് യാത്രകളാണ് ഇന്ന് ആരംഭിക്കുന്നത്..പാലക്കാട് നിന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി നയിക്കുന്ന ജാഥ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. കാസർകോട് നിന്ന് കെ.മുരളീധരന്‍ നയിക്കുന്ന ജാഥയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിർവഹിക്കും. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ജാഥ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശാണ് നയിക്കുന്നത്.കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയാണ് ജാഥയുടെ ഉദ്ഘാടനം നിർവഹിക്കുക.ബെന്നി ബഹനാൻ നയിക്കുന്ന ജാഥ നാളെ മൂവാറ്റുപുഴയിൽ ദീപ ദാസ് മുൻഷി ഉദ്ഘാടനം ചെയ്യും.

TAGS :

Next Story