ശബരിമല സ്വർണക്കൊള്ള; പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും
സ്വർണപ്പാളികൾ കൊടുത്തുവിടുന്നത് സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാത്തതിൽ ദുരൂഹതയെന്നാണ് എസ്ഐടി കണ്ടെത്തൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം. അടുത്തയാഴ്ച വീണ്ടും നോട്ടീസ് നൽകാനാണ് തീരുമാനം. ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തിൽ വ്യക്തത തേടും. ചട്ടലംഘനം അടക്കമുള്ളവയിൽ ചോദ്യങ്ങളുണ്ടാവും. സ്വർണപ്പാളികൾ കൊടുത്തുവിടുന്നത് സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാത്തതിൽ ദുരൂഹതയെന്നാണ് എസ്ഐടി കണ്ടെത്തൽ. ഭരണസമിതിയിലെ മറ്റ് അംഗങ്ങളെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.
അതേസമയം, ദേവസ്വം വകുപ്പ് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പി.എസ് പ്രശാന്തിന്റെയും മൊഴിയിൽ വിശദമായ പരിശോധനയ്ക്കാണ് അന്വേഷണസംഘം തയാറെടുക്കുന്നത്. സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തു വിടുന്നതിൽ ദേവസ്വം വകുപ്പിന്റെ ഇടപെടൽ ഉണ്ടായിട്ടില്ല എന്നാണ് കടകംപള്ളി സുരേന്ദ്രൻ നൽകിയ മൊഴി.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി പരിചയമുണ്ടെന്ന് കടകംപള്ളി സമ്മതിക്കുന്നുണ്ട്. എന്നാൽ ഇയാളുമായി താൻ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്നാണ് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിട്ടുള്ളത്. സ്വർണപ്പാളികൾ കൊടുത്തുവിട്ടതിൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്നാണ് പി.എസ് പ്രശാന്ത് നൽകിയിരിക്കുന്ന മൊഴി.
Adjust Story Font
16

