Quantcast

ശബരിമല സ്വര്‍ണക്കൊള്ള; 21 ഇടങ്ങളില്‍ ഇഡി റെയ്ഡ്, പത്മകുമാര്‍, വാസു, മുരാരി ബാബു എന്നിവരുടെ വീടുകളില്‍ പരിശോധന

കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ശേഖരിക്കുകയാണ് ഉദ്ദേശം.

MediaOne Logo

Web Desk

  • Updated:

    2026-01-20 02:39:36.0

Published:

20 Jan 2026 8:07 AM IST

ശബരിമല സ്വര്‍ണക്കൊള്ള; 21 ഇടങ്ങളില്‍ ഇഡി റെയ്ഡ്, പത്മകുമാര്‍, വാസു, മുരാരി ബാബു എന്നിവരുടെ വീടുകളില്‍ പരിശോധന
X

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതികളുടെ വീട്ടിലും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും വ്യാപക റെയ്ഡ്. 21 ഇടങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്. എന്‍.വാസു, മുരാരി ബാബു എന്നിവരുടെ വീടുകളില്‍ ഉള്‍പ്പെടെയാണ് ഇഡി റെയ്ഡ് നടത്തുന്നത്.

എ.പത്മകുമാറിന്റെ ആറന്മുള വീട്ടിലും എന്‍.വാസുവിന്റെ തിരുവനന്തപുരം പേട്ടയിലുള്ള വീട്ടിലും മറ്റ് പ്രതികളുടെ വീടുകളിലും ഒരേ സമയമാണ് ഇഡി റെയ്ഡ് നടത്തുന്നത്. കൃത്യമായി ഓരോ സ്ഥലങ്ങള്‍ സ്‌പോട്ട് ചെയ്തതിന് ശേഷം കൃത്യമായ സമയങ്ങളിലാണ് വ്യക്തമായ ആസൂത്രണത്തോടെ ഇഡി ഇടപെടല്‍. കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ശേഖരിക്കുകയാണ് ഉദ്ദേശം.

കേസിൽ കൂടുതൽ തെളിവെടുപ്പിനായി പ്രത്യേക അന്വേഷണസംഘം ഇന്ന് സന്നിധാനത്തെത്തുകയും ചെയ്യും. ശബരിമലയിലെ സ്വർണ്ണപാളികളിൽ പരിശോധന നടത്തിയ വിഎസ്എസ് സിയിലെ ശാസ്ത്രജ്ഞരെയും പ്രത്യേക അന്വേഷണ സംഘം ഉടൻ കാണും. ശാസ്ത്രീയ പരിശോധനയിലെ വിവരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിൻ്റെ ഭാഗമായിട്ടാണിത്.

1998 ലെ സ്വർണ്ണ പാളികളും പിന്നീട് പ്ലേറ്റിംഗ് നടത്തിയതിനുശേഷമുള്ള പാളികളും തമ്മിൽ പ്രകടമായ വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്. ഏതുതരത്തിലാണ് അട്ടിമറി നടന്നിട്ടുള്ളതെന്നാണ് സംഘം പരിശോധിക്കുക. കഴിഞ്ഞ വർഷം മെയ് 17, 18 തീയതികളിൽ ആയിരുന്നു സന്നിധാനത്ത് എസ് ഐ ടി പാളികളിലെ സാമ്പിൾ എടുത്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്.

ശബരിമലയിലെ ദ്വാരപാലക ശിൽപം, കട്ടിളപ്പാളി, വാജിവാഹനം എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണം എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കണമെന്നാണ് കോടതിയുടെ നിർദേശം. കഴിഞ്ഞ രണ്ട് തവണത്തെ പിണറായി സർക്കാരുകൾ അതിന് മുന്നേയുള്ള വിഎസ്, ഉമ്മൻ ചാണ്ടി സർക്കാർ എന്നിങ്ങനെ നാല് സർക്കാരുകളുടെ കാലയളവിലുള്ള ഭരണസമിതിയുടെ ഇടപാടുകളെ കുറിച്ച് അന്വേഷണം വിപുലീകരിക്കാനാണ് അന്വേഷണ സംഘത്തിന് കോടതി നിർദേശം നൽകിയിരിക്കുന്നത്.

ശബരിമലയിൽ നിന്ന് ദ്വാരപാലക ശില്പവും കട്ടിളപ്പാളിയും കൊണ്ടുപോയി സ്വർണം തട്ടിയെടുത്തു എന്ന നിരീക്ഷണമാണ് കോടതി പങ്കുവെക്കുന്നത്. 1998ലാണ് വിജയ് മല്ല്യയുടെ നേതൃത്വത്തിലുള്ള യുപി ഗ്രൂപ് ഇതിൽ സ്വർണം പൂശിയത്. 2019ലാണ് ആദ്യമായി ഇവ പുറത്ത് കൊണ്ടുപോകുന്നത്. അറ്റകുറ്റപ്പണിക്ക് ശേഷം തിരികെ കൊണ്ടുവന്ന സ്വർണം 2025ൽ വീണ്ടും പുറത്തുകൊണ്ടുപോയി. രണ്ട് തവണകളായാണ് ദ്വാരപാലക ശില്പവും കട്ടിളപ്പാളിയും പുറത്തുകൊണ്ടുപോയത്.

2017ൽ പ്രയാർ ഗോപാലകൃഷ്‌ണൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്തുള്ള കൊടിമരത്തിന്റെ പുനർനിർമാണവും വാജിവാഹനം കൈമാറ്റം ചെയ്ത സംഭവത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ നിർദ്ദേശത്തിലുണ്ട്. അതുപോലെ പി.എസ് പ്രശാന്ത് പ്രസിഡന്റ് ആയിരുന്ന കാലത്തെയും അന്വേഷണം നടത്തണമെന്നും കോടതി.

TAGS :

Next Story