ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളിൽ വിശദമായ അന്വേഷണത്തിന് എസ്‌ഐടി
വിശദമായ ചോദ്യം ചെയ്യലിന് ഉടൻ കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിലുള്ള തന്ത്രി കണ്ഠരര് രാജീവരരുടെ സാമ്പത്തിക ഇടപാടുകളിൽ വിശദമായ അന്വേഷണത്തിന് എസ്ഐടി. തന്ത്രിയുമായി ഇടപെട്ട വിവിധ ഇടങ്ങളിൽ പരിശോധനക്ക് സാധ്യത. വിശദമായ ചോദ്യം ചെയ്യലിന് ഉടൻ കസ്റ്റഡിയിൽ വാങ്ങും.
നേരത്തേ, കണ്ഠരര് രാജീവരർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര കുറ്റകൃത്യങ്ങൾ എസ്ഐടി കണ്ടെത്തിയിരുന്നു. തന്ത്രി ആചാരലംഘനം നടത്തി, ഗൂഢാലോചനയിൽ പങ്കാളിയായെന്നും എസ്ഐടി വ്യക്തമാക്കി.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദേവസ്വം ബോർഡ് നിർദേശപ്രകാരം പാളികൾ നൽകിയപ്പോൾ തന്ത്രി തടഞ്ഞില്ലെന്നു മാത്രമല്ല, മൗനാനുവാദം കൊടുക്കുകയാണ് ചെയ്തത്. ദേവസ്വം മാനുവൽ പ്രകാരം തന്ത്രി ക്ഷേത്ര ചൈതന്യം കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥനാണ്. കട്ടിളപ്പാളി കൊണ്ടുപോയത് അനുമതിയോടെ അല്ലെങ്കിൽ ദേവസ്വം ബോർഡിനെ എന്തുകൊണ്ട് അറിയിച്ചില്ലെന്നും എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ടിലുണ്ട്.
കൊല്ലം വിജിലൻസ് കോടതിയാണ് തന്ത്രിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. തന്ത്രിയെ തിരുവനന്തപുരം സ്പെഷ്യൽ സബ്ജയിലേക്ക് കൊണ്ടുപോയി. ഇവിടെ ജനുവരി 23 വരെ കിടക്കണം. ജാമ്യാപേക്ഷ 13ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. കേസിൽ 13ാം പ്രതിയാണ് തന്ത്രി. തനിക്ക് വൈദ്യസഹായം നൽകണമെന്ന തന്ത്രിയുടെ ആവശ്യം കോടതി അംഗീകരിച്ചു. തനിക്ക് പ്രമേഹം, കൊളസ്ട്രോൾ എന്നിവ ഉണ്ടെന്ന് തന്ത്രി കോടതിയെ അറിയിച്ചു.
അതേസമയം, കട്ടിളപ്പാളി കൊണ്ടുപോകാൻ തന്ത്രി ഒത്താശ ചെയ്തെന്നും ആചാര ലംഘനത്തിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അറസ്റ്റ് നോട്ടീസിൽ വ്യക്തമാക്കുന്നു. താന്ത്രിക വിധികൾ പാലിക്കാതെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയത്. ദേവൻ്റെ അനുവാദം വാങ്ങിയില്ല. ദേവസ്വം ബോർഡ് പോറ്റിക്ക് പാളികൾ കൈമാറിയപ്പോൾ തന്ത്രി തടഞ്ഞില്ലെന്നും പാളികൾ കൊണ്ടുപോകാൻ കുറ്റകരമായ മൗനാനുവാദം നൽകിയെന്നും നോട്ടീസിൽ പറയുന്നു.
പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ ഉച്ചയോടെയാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന്, തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിച്ച തന്ത്രിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കൊല്ലം വിജിലൻസ് കോടതിയിലേക്ക് കൊണ്ടുപോയി. രണ്ടാംവട്ട ചോദ്യം ചെയ്യലിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. ഇന്നലെ രാവിലെ ആറ്റിങ്ങലിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇതുവരെ 10 പേരാണ് കേസിൽ അറസ്റ്റിലായത്.
Adjust Story Font
16

