ശബരിമല യുവതീപ്രവേശന വിധി; പുനഃപരിശോധനയെ അനുകൂലിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരളം
മതാചാരങ്ങളിലെ കോടതി ഇടപെടല്‍ എന്ന വിഷയത്തില്‍ പുനഃപരിശോധനയെ അനുകൂലിക്കുന്നതായാണ് സംസ്ഥാനത്തിൻ്റെ നിലപാട്

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനത്തില്‍ പുനഃപരിശോധന ഹരജി സുപ്രിം കോടതി നാളെ പരിഗണിക്കുമ്പോള്‍ പുനഃപരിശോധനയെ അനുകൂലിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരളം. ഈ ആവശ്യം ഉന്നയിച്ച് നോഡല്‍ ഓഫീസര്‍ക്ക് സ്റ്റാന്‍ഡിങ് കോണ്‍സല്‍ കത്ത് കൈമാറി. മതാചാരങ്ങളിലെ കോടതി ഇടപെടല്‍ എന്ന വിഷയത്തില്‍ പുനഃപരിശോധനയെ അനുകൂലിക്കുന്നതായാണ് സംസ്ഥാനത്തിന്റെ നിലപാട്.
2018ലെ വിധിയുടെ പുനഃപരിശോധനയെ എതിര്‍ക്കുന്ന വിഭാഗത്തിലാണ് നേരത്തേ സംസ്ഥാനത്തെ ഉള്‍പ്പെടുത്തിയിരുന്നത്. ഇതിന് പകരം പുനഃപരിശോധനയെ അനുകൂലിക്കുന്ന വിഭാഗത്തിലേക്ക് മാറ്റണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
മതാചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് മതപണ്ഡിതരാണെന്നും, ആചാരമാറ്റത്തെക്കുറിച്ച് വിശദമായ പഠനം വേണമെന്നുമാണ് സര്‍ക്കാര്‍ നേരത്തെ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്.
സുപ്രിംകോടതി ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് നാളെ മുതല്‍ കേസില്‍ വാദം കേട്ടുതുടങ്ങുക. ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് അധ്യക്ഷന്‍. ജസ്റ്റിസ് ബി.വി നാഗരത്നയാണ് ബെഞ്ചിലെ ഏക വനിതാ അംഗം. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, എ.അമാനുല്ല, അരവിന്ദ് കുമാര്‍, എ.ജെ മസീഹ്, പി.ബി വരാലെ, ആര്‍.മഹാദേവന്‍, ജോയ്മാല ബാഗ്ചി എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങള്‍.
Adjust Story Font
16

