രേഖകൾ എല്ലാം കൈമാറി, ഹാജരാകാനായി നോട്ടീസ് ലഭിച്ചിട്ടില്ല; കിറ്റെക്സിനെതിരായ ഇഡി നോട്ടീസിൽ സാബു എം.ജേക്കബ്
വ്യാജ വാർത്ത നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിലായത്തിന് പരാതി നൽകുമെന്നും സാബു എം.ജേക്കബ് പറഞ്ഞു

എറണാകുളം: കിറ്റക്‌സിന്റെ കണക്കുകള്‍ എല്ലാം സുതാര്യമാണെന്നും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി ഒരു പരാതിയും ഇല്ലെന്നും ട്വന്റി-20 പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ്. ചില മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സാബു എം.ജേക്കബ് ആരോപിച്ചു. കഴിഞ്ഞ മെയ് മാസത്തില്‍ ഇഡി ചില രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയെന്നും സാബു ജേക്കബ് പറഞ്ഞു.
'വസ്തുതാവിരുദ്ധമായ വാര്‍ത്തയാണ് ചില മാധ്യമങ്ങള്‍ നല്‍കിയത്. കിറ്റെക്‌സ് നിയമപരമായും സെബി നിയന്ത്രണം അനുസരിച്ച് പ്രവര്‍ത്തിക്കുന്നതുമായ കമ്പനിയാണ്. ഒരു ലക്ഷത്തിലധികം ഷെയര്‍ ഹോള്‍ഡേഴ്‌സാണ് ഇതിനുള്ളത്. എന്തെങ്കിലും നിയമലംഘനമുണ്ടായാല്‍ അടച്ചുപൂട്ടേണ്ടിവരുമെന്നറിയാം. കൃത്യമായ ഓഡിറ്റിങ്ങിനും വിധേയമാക്കുന്നുണ്ട്. ഓഹരി ഉടമകള്‍ അക്കാര്യങ്ങളെല്ലാം പരിശോധിക്കുന്നുമുണ്ട്. 33 വര്‍ഷമായി ഇക്കാര്യങ്ങളെല്ലാം കൃത്യമായി തന്നെയാണ് നടന്നുപോകുന്നത്. ചില ചാനലുകള്‍ കമ്പനിയെ നശിപ്പിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കി.' സാബു ജേക്കബ് പറഞ്ഞു.
'ജിഎസ്ടി, ഇന്‍കം ടാക്‌സ്, കസ്റ്റംസ് തുടങ്ങി സ്റ്റാറ്റ്യൂട്ടറി അതോറിറ്റിയുമായി ബന്ധപ്പെടാറുണ്ട്. കമ്പനിയുടെ ഇടപാടുകളില്‍ സംശയം തോന്നിയാല്‍ അവര്‍ വ്യക്തത ആവശ്യപ്പെടാറുണ്ട്. ഇഡി അന്വേഷണത്തെ കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ല. 2025 മെയ് മാസം ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ബാലന്‍സ് ഷീറ്റാണ് അവര്‍ ആവശ്യപ്പെട്ടത്. വിദേശത്തേക്ക് അയച്ച കയറ്റുമതിയില്‍ ലഭിക്കേണ്ട തുക കിട്ടിയോയെന്നും ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകളാണ് ഇഡിക്ക് നല്‍കിയത്. ബാങ്ക് വഴിയാണ് തുക ലഭിക്കുന്നത്.'
'ഒരു കമ്പനി പ്രവര്‍ത്തിക്കുമ്പോള്‍ സ്വാഭാവികമായും നിരവധി നോട്ടീസുകള്‍ വരും. എങ്കിലും, ഒരു പെനാല്‍റ്റി പോലും ഈ കമ്പനിക്ക് മേല്‍ ഉണ്ടായിട്ടില്ല. മൂന്ന് തവണ ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടുവെന്നത് ശുദ്ധമായ കളവാണ്. താന്‍ ഒരു ഡോളറിന്റെ ഫെമ ചട്ടലംഘനം നടത്തിയെന്ന് തെളിയിക്കാനാകുമോ? ഉണ്ട് എന്ന് തെളിയിക്കുകയാണെങ്കില്‍ 100 കോടി ഞാന്‍ അങ്ങോട്ട് തരാം. ഇത്തരം വാര്‍ത്തകളില്‍ വെറുതെ വിടാന്‍ തീരുമാനിച്ചിട്ടില്ല. നാളെ 10 മണിക്ക് മുന്‍പ് മാനനഷ്ടക്കേസ് നല്‍കും. ടെലികോം മന്ത്രാലയത്തിന് നോട്ടീസ് നല്‍കും. ഇഡിയില്‍ നിന്നും വ്യാജവാര്‍ത്ത നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പരാതി നല്‍കും.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിനിടെയാണ് ട്വന്റി-20യുടെ എന്‍ഡിഎ പ്രവേശനം. ഫെമ ചട്ടലംഘനത്തിനായിരുന്നു സാബു ജേക്കബിനെതിരെ ഇഡി കേസെടുത്തത്. കോടികള്‍ വിദേശത്ത് നിക്ഷേപിച്ച സാബു ജേക്കബിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മൂന്ന് തവണ നോട്ടീസ് നല്‍കിയെങ്കിലും നേരിട്ട് ഹാജരാകാനോ ആവശ്യപ്പെട്ട രേഖകള്‍ മുഴുവന്‍ ഹാജരാക്കാനോ സാബു തയ്യാറായിരുന്നില്ല. പകരം ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ അയയ്ക്കുകയായിരുന്നു. വിഷയത്തില്‍ അന്വേഷണം മുറുകുന്നതിനിടെ സാബു എം.ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി-20 എന്‍ഡിഎയുടെ ഭാഗമായത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.
Adjust Story Font
16

