Quantcast

'മോദിയും അമിത് ഷായും പയറ്റിയ അതേ തന്ത്രം'; സജി ചെറിയാനും എ.കെ ബാലനും സമസ്ത മുഖപത്രത്തിൽ വിമർശനം

നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് മതേതര മലയാളിയെ തോൽപ്പിച്ച് തുടർഭരണത്തിന് കുറുക്കുവഴി തേടുന്നർ നാരായണഗുരുവിനെ ഓർക്കേണ്ട കാലംകൂടിയാണിതെന്നും ലേഖനത്തിൽ പറയുന്നു

MediaOne Logo
മോദിയും അമിത് ഷായും പയറ്റിയ അതേ തന്ത്രം; സജി ചെറിയാനും എ.കെ ബാലനും സമസ്ത മുഖപത്രത്തിൽ വിമർശനം
X

കോഴിക്കോട്: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെയും സിപിഎം നേതാവ് എ.കെ ബാലനെയും വിമര്‍ശിച്ച് സമസ്ത മുഖപത്രം. ഉത്തരേന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പയറ്റുന്ന അതേ തന്ത്രമാണ് സിപിഎം നേതാക്കൾ പയറ്റുന്നതെന്ന് സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ വിമര്‍ശിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് മതേതര മലയാളിയെ തോൽപ്പിച്ച് തുടർഭരണത്തിന് കുറുക്കുവഴി തേടുന്നർ നാരായണഗുരുവിനെ ഓർക്കേണ്ട കാലംകൂടിയാണിതെന്നും ലേഖനത്തിൽ പറയുന്നു. വെള്ളാപ്പള്ളി വാ തുറക്കുന്നതേ വർഗീയത വിളമ്പാനാണെന്നും മുഖപ്രസംഗം കൂട്ടിച്ചേർക്കുന്നു.

'സജി ചെറിയാനെയും എ.കെ ബാലനെയും പോലുള്ള സിപിഎം നേതാക്കൾക്ക് ഇത്തരം, വിഷംതീണ്ടൽ പരാമർശങ്ങൾ കേരളത്തിൻ്റെ പൊതുമണ്ഡലത്തിൽ കയറിനിന്ന് ഇത്രയും ഉച്ചത്തിൽ പറയാൻ എവിടെ നിന്നാണ് ധൈര്യം കിട്ടുന്നത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉത്തരേന്ത്യയിൽ നരേന്ദ്രമോദിയും അമിത്ഷായും ഉൾപ്പെടെയുള്ള സംഘ്‌പരിവാർ നേതാക്കളും ഇതേ പ്രചാരണവുമായാണ് വോട്ടുതേടിയിറങ്ങിയതെന്ന് ഓർക്കണം.' സുപ്രഭാതത്തിൽ പറയുന്നു.

മലപ്പുറത്തും കാസര്‍കോടും ജയിച്ച സ്ഥാനാർഥികളുടെ പേര് പരിശോധിക്കുമ്പോള്‍ കോട്ടയത്തെയും ആലപ്പുഴയിലെയും കണക്കുകള്‍ സജി ചെറിയാന്‍ പരിശോധിക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. മലപ്പുറത്തും കാസർകോടും ജയിച്ചവരുടെ പേര് നോക്കിയാൽ വർഗീയ ധ്രുവീകരണമുണ്ടോയെന്ന് മനസിലാക്കാം എന്നായിരുന്നു സജി ചെറിയാൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ബിജെപിക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ ഭൂരിപക്ഷ വർഗീയതയും ലീഗിന് സ്വാധീനമുള്ളിടത്ത് ന്യൂനപക്ഷ വർഗീയതയുമാണ് വിജയിക്കുന്നത്. കേരളത്തെ ഉത്തർപ്രദേശും മധ്യപ്രദേശും ആക്കാൻ ശ്രമിക്കരുതെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.

കേരളത്തിലെ മക്കയെന്ന വിളിപ്പേരുള്ള പൊന്നാനിയിൽ പി. നന്ദകുമാറാണ് എംഎൽഎ. കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലുമൊക്കെ ജയിച്ചുവരുന്നവരുടെ പേരിലെ മതം പരതാൻ എന്തുകൊണ്ടാണ് സജി ചെറിയാൻ മടിക്കുന്നത്. ഇതൊന്നുമറിയാതെയാണോ സാംസ്കാരികമന്ത്രി കേരളത്തെ ഹിന്ദുവെന്നും മുസ്‌ലിമെന്നും ക്രിസ്‌ത്യനിയെന്നും പേരുനോക്ക് വർഗീകരിക്കാൻ കോപ്പുകൂട്ടുന്നത്. അങ്ങനെയെങ്കിൽ ഈ അസുഖത്തിന് മതിയായ ചികിത്സ വേണം. അതല്ലെങ്കിൽ ഈ വ്യാധി മതേതര കേരളത്തിൻ്റെ മനസിലേക്കുകൂടി പടരുമെന്നും മുഖപത്രം ചൂണ്ടിക്കാട്ടുന്നു.


TAGS :

Next Story