Quantcast

കേക്ക്, വീഞ്ഞ് പരാമർശങ്ങൾ പിൻവലിക്കുന്നു; രാഷ്ട്രീയ വിമർശനത്തിൽ പിന്നോട്ടില്ല: സജി ചെറിയാൻ

രാഷ്ട്രീയ വിമർശനത്തിൽ ഒരു മാറ്റവുമില്ല. ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ മരണംവരെ പോരാടും. അതിൽ ഒരിക്കലും വെള്ളം ചേർക്കില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    2 Jan 2024 8:39 AM GMT

Saji Cherian clarification about his statement
X

കൊച്ചി: പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിനെതിരെ താൻ ഉന്നയിച്ച രാഷ്ട്രീയ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. പ്രസംഗത്തിലെ ചില പരാമർശങ്ങളാണ് പുരോഹിത ശ്രേഷ്ഠൻമാർക്ക് വേദനയുണ്ടാക്കിയതെന്ന് കരുതുന്നു. കേക്ക്, വീഞ്ഞ് പരാമർശങ്ങളാണ് അത്തരത്തിൽ തനിക്ക് തോന്നുന്നത്. ആ പരാമർശങ്ങൾ പിൻവലിക്കുന്നു, എന്നാൽ മണിപ്പൂർ വിഷയത്തിൽ നടത്തിയ രാഷ്ട്രിയ വിമർശനത്തിൽ പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു.

700-ഓളം ആക്രമണങ്ങളാണ് കഴിഞ്ഞ വർഷം ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ നടന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് കൂടുതൽ ആക്രമണങ്ങൾ നടന്നത്. മണിപ്പൂർ കലാപം തടയുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പൂർണമായും പരാജയപ്പെട്ടു. സംഘർഷമൊഴിവാക്കാൻ ഒരു നടപടിയും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. മുസ്‌ലിംകൾക്കെതിരെയും വ്യാപകമായ ആക്രമണമാണ് നടക്കുന്നതെന്നും സജി ചെറിയാൻ പറഞ്ഞു.

ഈ പരാമർശത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്ന് പ്രതിപക്ഷനേതാവ് കരുതേണ്ട. താൻ പറഞ്ഞതിന്റെ പ്രധാന ഭാഗം മാറ്റിവെച്ചാണ് അദ്ദേഹം വിമർശിക്കുന്നത്. മതേതരവാദിയായ താൻ ന്യൂനപക്ഷങ്ങളുടെ ആശങ്കയാണ് പങ്കുവെച്ചത്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ മാത്രമാണ് ന്യൂനപക്ഷങ്ങൾക്ക് സുരക്ഷയുള്ളത്. രാജ്യത്തിന്റെ പൊതുപ്രശ്‌നമാണ് ഉന്നയിച്ചത്. അത് പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ല. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷനേതാവിന്റെ നിലപാട് എന്താണെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു.

കെ.സി.ബി.സി അധ്യക്ഷൻ തനിക്ക് ഏറെ പ്രിയപ്പെട്ട ആളാണ്. തന്റെ പ്രസ്താവനയുടെ പേരിൽ സർക്കാരുമായി സഹകരിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തെ വേദനിപ്പിച്ച ഭാഗം താൻ പിൻവലിക്കുന്നു. അതിന്റെ പേരിൽ അദ്ദേഹം സർക്കാരുമായി സഹകരിക്കാതിരിക്കരുത്. രാഷ്ട്രീയ വിമർശനത്തിൽ ഒരു മാറ്റവുമില്ല. ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ മരണംവരെ പോരാടും. അതിൽ ഒരിക്കലും വെള്ളം ചേർക്കില്ല. അത് തിരുത്തുമെന്ന് ആരും കരുതേണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.

TAGS :

Next Story