Quantcast

'പ്രസംഗം തള്ളിപ്പറയാൻ സജി ചെറിയാൻ ഇപ്പോഴും തയ്യാറായിട്ടില്ല'; വിമർശനവുമായി വി.ഡി. സതീശൻ

തന്നെ പാർട്ടി തള്ളിപ്പറഞ്ഞിട്ടില്ലെന്നാണ്‌ സജി ചെറിയാൻ പറയുന്നതെന്നും അപ്പോൾ ഭരണഘടനയെയും നിർമാതാക്കളെയും അവഹേളിച്ചതിൽ പാർട്ടിക്ക് ഒരു പ്രശ്‌നവും തോന്നുന്നില്ലേയെന്നും പ്രതിപക്ഷ നേതാവ്

MediaOne Logo

Web Desk

  • Updated:

    2022-07-06 13:46:08.0

Published:

6 July 2022 1:42 PM GMT

പ്രസംഗം തള്ളിപ്പറയാൻ സജി ചെറിയാൻ ഇപ്പോഴും തയ്യാറായിട്ടില്ല; വിമർശനവുമായി വി.ഡി. സതീശൻ
X

മന്ത്രിസ്ഥാനം രാജിവെച്ചിട്ടും ഭരണഘടനയെ നിന്ദിച്ച് നടത്തിയ പ്രസംഗം തള്ളിപ്പറയാൻ സജി ചെറിയാൻ തയ്യാറായിട്ടില്ലെന്നും നിങ്ങൾ പ്രസംഗം മുഴുവൻ കേൾക്കാത്തതാണ് പ്രശ്‌നമെന്നാണ് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രി രാജിവെച്ചതിനെ തുടർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. താൻ നടത്തിയ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചതിന്റെ പേരിൽ സജി ചെറിയാൻ സ്വതന്ത്രമായി രാജിവെക്കുകയായിരുന്നുവെന്നാണ് പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയ ഈ വിഷയത്തിൽ സിപിഎമ്മിന് ഒരു നിലപാടുമില്ലേയെന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം മാധ്യമങ്ങൾ അതേപടി റിപ്പോർട്ട് ചെയ്യുകയായിരുന്നുവെന്നും പറഞ്ഞു.

സംഘപരിവാർ ഭരണഘടനയെ കുറിച്ച് പുലർത്തുന്ന ആശയങ്ങളോട് യോജിക്കുന്ന നിലപാടാണ് സജി ചെറിയാൻ സ്വീകരിച്ചതെന്നും അതിൽ അദ്ദേഹത്തിന് തെറ്റ് തോന്നുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

വിഷയത്തിൽ തന്നെ പാർട്ടി തള്ളിപ്പറഞ്ഞിട്ടില്ലെന്നാണ്‌ സജി ചെറിയാൻ പറയുന്നതെന്നും അപ്പോൾ ഭരണഘടനയെയും നിർമാതാക്കളെയും അവഹേളിച്ചതിൽ പാർട്ടിക്ക് ഒരു പ്രശ്‌നവും തോന്നുന്നില്ലേയെന്നും വി.ഡി സതീശൻ ചോദിച്ചു. സജി ചെറിയാനെന്ന വ്യക്തിയോടല്ല തങ്ങൾക്ക് പ്രശ്‌നമെന്നും ഭരണഘടനയെ നിന്ദിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടനയെ തളളിപ്പറഞ്ഞ ആൾ എം.എൽ.എ സ്ഥാനം കൂടി രാജി വെക്കുന്നതാണ് ഉചിതമെന്നും പ്രസംഗത്തിനെതിരെ കേസെടുക്കണമെന്നും നിയമം എല്ലാവർക്ക് ഒരു പോലെയാണെന്നും അദ്ദേഹം പറഞ്ഞു. മൗനം പാലിക്കുകയെന്ന സ്ഥിരം ആയുധം മുഖ്യമന്ത്രി പിണറായി വിജയൻ പ്രയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തില്ലേങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സതീശൻ വ്യക്തമാക്കി. വിഷയത്തിൽ മുഖ്യമന്ത്രിയുടേയും പാർട്ടിയുടെയും നിലപാടാണ് അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ സർക്കാർ തൊട്ടതെല്ലാം പൊള്ളുകയാണെന്നും നാവു പിഴയെന്ന് പറഞ്ഞ് ന്യായീകരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. നിയമസഭാ നടപടികളെ കുറിച്ച് ആലോചിച്ച് തീരുമാനിക്കുമെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.


Saji Cherian not ready to apologize for his speech insulting the Constitution: VD Satheesan

TAGS :

Next Story