Quantcast

'കേരളത്തെ മതനിരപേക്ഷ സമൂഹമാക്കി വളര്‍ത്തിയതില്‍ സമസ്തയുടെ പങ്ക് വിസ്മരിക്കാനാവില്ല': മുഖ്യമന്ത്രി

സമസ്തയുടെ നൂറാം വാർഷികത്തിന്‍റെ ഭാഗമായി ജിഫ്രി തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശയാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Published:

    20 Dec 2025 5:52 PM IST

കേരളത്തെ മതനിരപേക്ഷ സമൂഹമാക്കി വളര്‍ത്തിയതില്‍ സമസ്തയുടെ പങ്ക് വിസ്മരിക്കാനാവില്ല: മുഖ്യമന്ത്രി
X

തിരുവനന്തപുരം: കേരളത്തെ മതനിരപേക്ഷ സമൂഹമായി വളർത്തിയെടുക്കുന്നതിൽ സമസ്ത വഹിച്ച പങ്ക് വിസ്മരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതപരമായ ചിട്ടയും വിജ്ഞാനവും സമൂഹത്തിൽ സമാധാനം നിലനിർത്താനും സമസ്ത ശ്രമിച്ചിട്ടുണ്ട്. വർഗീയത ഫണം വിടർത്തിയാടുമ്പോൾ മനുഷ്യപക്ഷത്താണ് അവർ നിലകൊണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമസ്തയുടെ നൂറാം വാർഷികത്തിന്‍റെ ഭാഗമായി ജിഫ്രി തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശയാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട ഒരു കാലത്താണ് നാം ജീവിക്കുന്നത്. നാനാത്വത്തിലെ ഏകത്വം എന്ന മഹത്തായ പാരമ്പര്യം ഓരോ നിമിഷവും തച്ചുതകര്‍ക്കപ്പെടുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ പോലും അവര്‍ തമസ്‌കരിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തൊഴിലുറപ്പ് പദ്ധതിയിലെ പേര് മാറ്റം. ഇതെല്ലാം തിരിച്ചറിഞ്ഞ് സമസ്ത മുന്നോട്ട്‌പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്'. മുഖ്യമന്ത്രി വ്യക്തമാക്കി.

'മുസ്‌ലിം സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ സമസ്തയ്ക്ക് സാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലും പങ്കുവഹിച്ചു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കുകയെന്നതാണ് സമസ്തയുടെ രൂപീകരണലക്ഷ്യം.'

'സമസ്ത രൂപീകരിക്കപ്പെട്ട് 100 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഈ ലക്ഷ്യം എത്രകണ്ട് ഫലവത്താക്കാന്‍ കഴിഞ്ഞൂവെന്ന് ആലോചിക്കേണ്ടതുണ്ട്. മതനിരപേക്ഷ വേഷം ധരിച്ച് മതവിരുദ്ധര്‍ പ്രത്യക്ഷമാകുമ്പോള്‍ തിരിച്ചറിയണം. ഭൂരിപക്ഷ വര്‍ഗീയതയെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് ചെറുക്കാന്‍ എത്തുന്നവരോട് വിട്ടുവീഴ്ച ചെയ്യരുത്. രണ്ട് വര്‍ഗീയതയും പരസ്പര പൂരകങ്ങളാണ്. ഇത് തിരിച്ചറിയണം. വര്‍ഗീയവാദികളോടുള്ള വിമര്‍ശനം വിശ്വാസികളോടുള്ള വിമര്‍ശനമായി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇത് വര്‍ഗീയവാദികളുടെ ലക്ഷ്യമാണ്.' വര്‍ഗീയവാദികള്‍ അതിന്റെ മറവില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമെന്നും ഇതിനെതിരെ സമസ്തയ്ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'നമ്മുടെ നാടിന്റെ മതനിരപേക്ഷത സൂക്ഷിക്കാന്‍ ഇടതുപക്ഷം വിട്ടുവീഴ്ചയില്ലാത്ത നിലപാട് എക്കാലവും സ്വീകരിച്ചിട്ടുണ്ട്. വര്‍ഗീയത തലയുയര്‍ത്തുമ്പോഴെല്ലാം ഇടതുപക്ഷം ശക്തമായി നിലകൊണ്ടു. മലബാര്‍ കലാപത്തിന് ശേഷം മുസ്‌ലിം പള്ളി നിര്‍മാണത്തിന് ഉണ്ടായിരുന്ന വിലക്ക് നീക്കിയത് ഇഎംഎസ് സര്‍ക്കാരാണ്. മലപ്പുറം ജില്ല രൂപീകരിച്ചതും ആ സര്‍ക്കാരാണ്. ഇതെല്ലാം ന്യൂനപക്ഷങ്ങളെ എല്ലാ കാലത്തും ചേര്‍ത്തുപിടിച്ചിട്ടുണ്ട്.'

ന്യൂനപക്ഷങ്ങളെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ നാട്ടിലുണ്ടെന്നും ഇവരെ തിരച്ചറിയാന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐക്യവും സമാധാനവും തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന സന്ദേശം യാത്രയില്‍ പ്രചരിപ്പിക്കാനാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമസ്തയുടെ ചരിത്രത്തില്‍ ആദ്യമായാണ് അതിന്റെ അധ്യക്ഷന്‍ ഒരു യാത്ര നയിക്കുന്നത്. 2026 ഫെബ്രുവരിയില്‍ കാസര്‍കോട് നടക്കുന്ന നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ശതാബ്ദി സന്ദേശ യാത്ര. ഡിസംബര്‍ 29ന് മംഗലാപുരത്താണ് യാത്ര സമാപിക്കുക. ഓരോ ജില്ലകളിലും ഓരോ സ്വീകരണ കേന്ദ്രവും മലപ്പുറത്ത് രണ്ട് സ്വീകരണ കേന്ദ്രങ്ങളാണ് ഉള്ളത്.

TAGS :

Next Story