Quantcast

'കർണാടകയിൽ ഹിജാബ് നിരോധനത്തിന് ഇളവ്; കേരളം ജെൻഡർ ന്യൂട്രൽ യൂനിഫോം ഒളിച്ചുകടത്തുന്നു'-സമസ്ത യുവനേതാവ്

''ജെൻഡർ ന്യൂട്രൽ യൂനിഫോം സർക്കാർ നിലപാടല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ, ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി കോളജിൽ ജെൻഡർ ന്യൂട്രൽ യൂനിഫോമിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ബിന്ദു തന്നെ നിർവഹിച്ചു.''

MediaOne Logo

Web Desk

  • Published:

    23 Oct 2023 2:56 PM GMT

കർണാടകയിൽ ഹിജാബ് നിരോധനത്തിന് ഇളവ്; കേരളം ജെൻഡർ ന്യൂട്രൽ യൂനിഫോം ഒളിച്ചുകടത്തുന്നു-സമസ്ത യുവനേതാവ്
X

കോഴിക്കോട്: പൊതുപരീക്ഷകളിൽ ഹിജാബ് വിലക്കിൽ ഇളവ് നൽകിയ കർണാടക സർക്കാരിനെ അഭിനന്ദിച്ചും ജെന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിച്ചും സമസ്ത യുവനേതാവ്. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ജെൻഡർ ന്യൂട്രൽ യൂനിഫോം ഒളിച്ചുകടത്തുമ്പോഴാണ് കർണാടകയുടെ ഈ ശ്രദ്ധേയമായ നടപടിയെന്ന് സമസ്ത വിദ്യാർത്ഥി വിഭാഗം നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു. കർണാടകയിൽ ഹിജാബ് വിലക്ക് ബി.ജെ.പിയുടെ നേട്ടമാണങ്കിൽ കേരളത്തിൽ തട്ടം വേണ്ടെന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമെന്നാണ് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം പറഞ്ഞത്. കേരളം ഭരിക്കുന്നവർക്ക് കർണാടകയിൽനിന്ന് ഏറെ പഠിക്കാനുണ്ടെന്നും സത്താർ പറഞ്ഞു.

ആണിനും പെണ്ണിനും ഒരേ വേഷമെന്നത് സംസ്ഥാന സർക്കാരിന്റെ നിലപാടാണെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇതാണ് സർക്കാർ നയമെന്ന് പ്രഖ്യാപിക്കുകയും സംസ്ഥാന സർക്കാരിനു കീഴിലെ ഐ.എച്ച്.ആർ.ഡി കോളജുകളിൽ ജെൻഡർ ന്യൂട്രൽ യൂനിഫോം നടപ്പാക്കുന്നതിന് തുടക്കം കുറിക്കുകയും ചെയ്തു. ജെൻഡർ ന്യൂട്രൽ യൂനിഫോം എന്നത് സർക്കാരിന്റെ നിലപാടല്ലെന്ന് നിയമസഭയിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ജെൻഡർ ന്യൂട്രൽ യൂനിഫോം അടിച്ചേൽപിക്കില്ലെന്ന് അറിയിച്ചതാണ്. എന്നാൽ, തിരുവനന്തപുരം ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി കോളജിൽ ജെൻഡർ ന്യൂട്രൽ യൂനിഫോമിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ബിന്ദു തന്നെ നിർവഹിച്ചെന്നും സത്താർ പന്തല്ലൂർ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

സത്താർ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കർണാടകയിൽ മുൻ ബി.ജെ.പി സർക്കാർ ഏർപ്പെടുത്തിയ ഹിജാബ് നിരോധനത്തിൽ ഇളവുനൽകിയ കോൺഗ്രസ് സർക്കാർ നടപടി സ്വാഗതാർഹമാണ്. സർക്കാർ സർവീസിലേക്കുള്ള മത്സരപരീക്ഷകൾക്ക് ഹിജാബ് ധരിച്ചെത്താമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് നിർണായക തീരുമാനമാണ് കർണാടക സർക്കാർ ഈ ഉത്തരവിലൂടെ നടപ്പാക്കുന്നത്. ഹിജാബിന് കർണാടക അഡ്മിനിസ്ട്രേറ്റീവ് പരീക്ഷകളിൽ വിലക്കുണ്ടാകില്ലെന്നാണ് ഉത്തരവ്.

ഹിജാബ് വിലക്കുന്നത് വ്യക്തിസ്വാതന്ത്ര്യം തടയലാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി എം.സി സുധാകർ പറഞ്ഞു. കർണാടകയിൽ ഹിജാബ് വിലക്ക് ബി.ജെ.പിയുടെ നേട്ടമാണങ്കിൽ കേരളത്തിൽ തട്ടം വേണ്ടെന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമെന്നാണ് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം പറഞ്ഞത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ജെൻഡർ ന്യൂട്രൽ യൂനിഫോം ഒളിച്ചുകടത്തുമ്പോഴാണ് കർണാടകയിൽനിന്നുള്ള ശ്രദ്ധേയമായ ഈ നടപടി.

ആണിനും പെണ്ണിനും ഒരേ വേഷമെന്നത് സംസ്ഥാന സർക്കാരിന്റെ നിലപാടാണെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇതാണ് സർക്കാർ നയമെന്ന് പ്രഖ്യാപിക്കുകയും സംസ്ഥാന സർക്കാരിനു കീഴിലെ ഐ.എച്ച്.ആർ.ഡി കോളജുകളിൽ ജെൻഡർ ന്യൂട്രൽ യൂനിഫോം നടപ്പാക്കുന്നതിന് തുടക്കം കുറിച്ചിരിക്കുകയുമാണ്.

ജെൻർ ന്യൂട്രൽ യൂനിഫോം എന്നത് സർക്കാരിന്റെ നിലപാടല്ലെന്ന് നിയമസഭയിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ജെൻഡർ ന്യൂട്രൽ യൂനിഫോം അടിച്ചേൽപിക്കില്ലെന്ന് അറിയിച്ചതാണ്. എന്നാൽ, തിരുവനന്തപുരം ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി കോളജിൽ ജെൻഡർ ന്യൂട്രൽ യൂനിഫോമിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ബിന്ദു തന്നെ നിർവഹിച്ചു.

കഴിഞ്ഞ വർഷം കോഴിക്കോട് പ്രൊവിഡൻസ് സ്‌കൂളിൽ തട്ടം ധരിക്കാൻ അനുവദിക്കാത്തതിനെതിരെ രക്ഷിതാവ് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. രക്ഷിതാവ് ടി.സി വാങ്ങി കുട്ടിയെ മറ്റൊരു സ്‌കൂളിൽ ചേർക്കേണ്ടി വന്നു. 'വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷകർ' വാഴുന്ന ഈ നാട്ടിൽ അജണ്ടയൊന്നും പ്രഖ്യാപനങ്ങൾ മറ്റൊന്നുമാണെന്നതാണ് പ്രത്യേകത. കർണാടകയിൽനിന്ന് ഏറെ പഠിക്കാനുണ്ട്, കേരളം ഭരിക്കുന്നവർക്ക്.

Summary: Samastha Youth leader Sathar Panthaloor praised the Karnataka government for relaxing the hijab ban in public examinations and criticized the Kerala government for gender neutrality uniform

TAGS :

Next Story