'നമ്മെ ഭരിച്ചവൻ നാട് ഭരിക്കട്ടെ, നോക്കുകൂലി കോൺഗ്രസിന് വേണ്ട'; കൊല്ലത്ത് സതീശന് വീണ്ടും ഫ്ലക്സ് ബോര്‍ഡ്
കഴിഞ്ഞ ദിവസം ചെന്നിത്തലയ്ക്കും കെ.സിക്കും വേണ്ടി വിവിധയിടങ്ങളിൽ ഫ്ലക്സ് വച്ചിരുന്നു

കൊല്ലം: വി.ഡി സതീശന് വേണ്ടി കൊല്ലത്ത് വീണ്ടും ഫ്ലക്സ് ബോർഡ്. മൺറോതുരുത്തിലെ വിവിധ ഭാഗങ്ങളിൽ ആണ് പ്രവർത്തകർ ബോർഡ് വച്ചത്. നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ചാണ് ബോർഡ്.
'നമ്മെ ഭരിച്ചവൻ നാട് ഭരിക്കട്ടെ',നോക്കുകൂലി കോൺഗ്രസിന് വേണ്ട' എന്നും വാചകം ഇല്ലെങ്കിൽ അണികൾ തിരുത്തും എന്നും രാത്രികൾ വച്ച ബോർഡുകളിൽ എഴുതിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെന്നിത്തലയ്ക്കും കെ.സിക്കും വേണ്ടി വിവിധയിടങ്ങളിൽ ഫ്ലക്സ് വച്ചിരുന്നു. കൊച്ചി കച്ചേരിപ്പടിയിലും സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'മനസിൽ നന്മയുള്ളവൻ നാട് ഭരിക്കട്ടെ' എന്നാണ് ഫ്ലക്സിൽ.
മലപ്പുറം പുളിക്കലിലും ഫ്ലക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയാണ് ഫ്ലക്സ് സ്ഥാപിച്ചത്. ' ഇനി കേരളം സതീഷിന്റെ തട്ടകം ,ഒരേ ഒരു രാജാവ് എന്നെഴുതിയ ബോർഡുകളാണ് സ്ഥാപിച്ചത്.
അതിനിടെ വി.ഡി സതീശന് വേണ്ടി പ്രവര്‍ത്തകര്‍ തെരുവിലേക്കിറങ്ങുകയാണ്. കണ്ണൂർ ഇരിട്ടിയിൽ സതീശന് വേണ്ടി പ്രകടനം നടത്താൻ ആഹ്വാനം. വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന പ്രകടനത്തിൽ പങ്കെടുക്കണമെന്നാണ് പ്രചരണം. പേരാവൂർ കോൺഗ്രസുകാർ എന്ന പേരിലാണ് ആഹ്വാനം. നയിച്ചവനെ നയിക്കാൻ അനുവദിക്കില്ല എങ്കിൽ വീട് കയറി വോട്ട് ചോദിച്ച നമുക്കും ചിലത് ചെയ്യാൻ ഉണ്ടെന്നുമുള്ള സന്ദേശമാണ് പ്രചരിക്കുന്നത്.
അതേസമയം കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ നിർണായക നിയമസഭാ കക്ഷി യോഗം ഇന്ന് നടക്കും. രാവിലെ 10 മണിക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ എഐ സി സി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും എ.കെ ആന്‍റണി അടക്കമുള്ള മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് നിയമസഭാ കക്ഷി യോഗത്തിനുശേഷം നിരീക്ഷകർ എംഎൽഎമാരിൽ നിന്ന് സ്വതന്ത്ര അഭിപ്രായം തേടും. ഭൂരിപക്ഷം പേരും പിന്തുണയ്ക്കുന്നത് ആരെ എന്ന് ഇന്ന് രാത്രിയോടെ നിരീക്ഷക സംഘം ഹൈക്കമാന്‍ഡിന് റിപ്പോർട്ട് നൽകും.
Adjust Story Font
16

