Quantcast

കർണാടകയിൽ ഹിജാബ് നിരോധനത്തെത്തുടർന്ന് അടച്ച സ്കൂളുകൾ ഇന്നുമുതൽ വീണ്ടും തുറക്കും

ഉഡുപ്പിയിൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Published:

    14 Feb 2022 1:01 AM GMT

കർണാടകയിൽ ഹിജാബ് നിരോധനത്തെത്തുടർന്ന് അടച്ച സ്കൂളുകൾ ഇന്നുമുതൽ വീണ്ടും തുറക്കും
X

കർണാടകയിൽ ഹിജാബ് നിരോധനത്തെ തുടർന്ന് അടച്ച സ്കൂളുകൾ ഇന്നുമുതൽ വീണ്ടും തുറക്കും. സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ സുരക്ഷ കർശനമാക്കി. ഉഡുപ്പിയിൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 6 മണി മുതൽ ശനിയാഴ്ച വൈകീട്ട് 6 മണി വരെയാണ് നിരോധനാജ്ഞ. സ്കൂൾ കോമ്പൗണ്ടിന് 200 മീറ്റർ ചുറ്റളവിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹരജി വിശാല ബെഞ്ച് ഇന്ന് വാദം തുടരും.

അതേസമയം സ്കൂള്‍ പരിസരത്ത് ആള്‍ക്കൂട്ടമോ പ്രതിഷേധമോ അനുവദിക്കില്ല. പൊലീസ് സൂപ്രണ്ടിന്‍റെ അപേക്ഷ പ്രകാരം ഉഡുപ്പി ഡപ്യൂട്ടി കമ്മീഷണര്‍ കുര്‍മ റാവുവാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ കോളജില്‍ പ്രവേശിപ്പിക്കാതിരുന്നതോടെയാണ് കർണാടകയില്‍ പ്രതിഷേധം തുടങ്ങിയത്. പിന്നാലെ കൂടുതല്‍ കോളജുകള്‍ ഹിജാബിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ വിഷയം കോടതിയുടെ പരിഗണനയിലെത്തുകയായിരുന്നു. ഹിജാബ് കേസിൽ തീരുമാനമെടുക്കുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കണമെന്ന് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇതിനെതിരെ ഒരു വിദ്യാർഥിനി സുപ്രിംകോടതിയെ സമീപിച്ചു.

കൂടാതെ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ബി.വി ശ്രീനിവാസും ഒരു മാധ്യമ വിദ്യാർഥിയും കൂടി സുപ്രിംകോടതിയെ സമീപിച്ചു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാനിടയുള്ള കേസാണിതെന്നും വിദ്യാർഥിനികൾ വര്‍ഷങ്ങളായി ഹിജാബ് ധരിക്കുന്നുണ്ടെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ വാദിച്ചു. കർണാടക ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനാല്‍ ഉചിതമായ സമയത്ത് പരിഗണിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. വിഷയം ദേശീയ തലത്തിൽ ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. ഹിജാബ് നിയന്ത്രണം ചോദ്യംചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹരജിയിൽ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചില്‍ ഇന്ന് വാദം തുടരും.

TAGS :

Next Story