ശസ്ത്രക്രിയക്ക് പിന്നാലെ തുടര്‍ച്ചയായി വയറുവേദന; സ്‌കാനിങ്ങില്‍ വയോധികയുടെ വയറ്റില്‍ കത്രിക; നിയമനടപടിക്കൊരുങ്ങി കുടുംബം
വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്കിടെയാണ് വയോധികയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്

ആലപ്പുഴ: ആലപ്പുഴയിൽ വയോധികയുടെ വയറ്റിൽ കത്രിക കുടുങ്ങിയതായി പരാതി. പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്‍റെ വയറ്റിലാണ് കത്രിക കുടുങ്ങിയത്. അഞ്ച് വർഷം മുൻപ് വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്കിടെയാണ് കത്രിക കുടുങ്ങിയത്. സ്കാനിങ്ങിനിടെ ഇന്നലെയാണ് വയറ്റിനുള്ളിൽ കത്രിക കണ്ടെത്തിയത്. വിദഗ്ധ ചികിത്സയ്ക്കായി ഉഷയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
2021 മേയിലാണ് പുന്നപ്ര സ്വദേശിനി ഉഷാ തോമസിന്റെ വയറ്റിലെ മുഴ വണ്ടാനം മെഡിക്കൽ കോളജിൽ നിന്ന് നീക്കം ചെയ്തത്. ശസ്ത്രക്രിയക്ക് ശേഷം നാളിതുവരെ കടുത്ത വേദനയാണ് യുവതി അനുഭവിച്ചത്. അടുത്തുള്ള സ്വകാര്യ ക്ലിനിക്കുകളിൽ പോയി വേദനസംഹാരി കഴിക്കുകയായിരുന്നു പതിവ്. എന്നാൽ, കുറച്ച് ദിവസങ്ങൾക്ക് മുൻപ് വയറുവേദന കൂടുകയും മൂത്രത്തിലൂടെ രക്തം വരികയും ചെയ്തു.
ഡോക്ടറുടെ നിർദേശപ്രകാരം വണ്ടാനം മെഡിക്കൽ കോളജിലേക്ക് ഇന്നലെ രാവിലെ പോയ ഉഷയോട് ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്താമെന്ന് ഉറപ്പ് നൽകി. പിഴവ് പുറത്ത് പറയരുതെന്ന് ഡോക്ടർമാർ പറഞ്ഞതായും കുടുംബം ആരോപിച്ചു. വാർത്ത പുറത്തുവന്നതിന് പിന്നാലെ എച്ച്. സലാം എംഎൽഎ ഉഷയുടെ വീട്ടിലെത്തി. കുറ്റക്കാർക്കെതിരെ നടപടിയും ഉറപ്പ് നൽകി.
കെ. സി വേണുഗോപാൽ എംപി ഇടപെട്ട് രാത്രി തന്നെ ഉഷയെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റി. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്‍റെ തീരുമാനം.
Adjust Story Font
16

