Quantcast

രാഹുലിനെതിരെ ഗുരുതര ആരോപണങ്ങള്‍; മുൻകൂർ ജാമ്യം എതിര്‍ത്ത് പ്രോസിക്യൂഷന്‍

പൊലീസ് റിപ്പോർട്ടിലുള്ളതെല്ലാം തെറ്റാണെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു യുവതിയുമായി ഉണ്ടായിരുന്നതെന്നും രാഹുലിന്‍റെ അഭിഭാഷകൻ.

MediaOne Logo

Web Desk

  • Updated:

    2025-12-03 09:38:23.0

Published:

3 Dec 2025 12:53 PM IST

രാഹുലിനെതിരെ ഗുരുതര ആരോപണങ്ങള്‍; മുൻകൂർ ജാമ്യം എതിര്‍ത്ത് പ്രോസിക്യൂഷന്‍
X

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്ത് പ്രോസിക്യൂഷന്‍. രാഹുലിനെ ഗുരുതരമായ പരാമര്‍ശങ്ങളാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അതിജീവിതയെ രാഹുല്‍ പലതവണ ലൈംഗികമായി ഉപദ്രവിച്ചു. യുവതിയെ പാലക്കാട്ടേക്ക് കൊണ്ടുപോയത് നിര്‍ബന്ധിച്ചാണെന്നും ഗര്‍ഭിണിയായിരിക്കെ ഉപദ്രവിച്ചതിന് തെളിവുകളുണ്ടെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. നഗ്നചിത്രമെടുത്ത് ഭീഷണിപ്പെടുത്തിയതിനും തെളിവുണ്ട്.

അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്നും ഈ ഘട്ടത്തിൽ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ ഇടയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

എന്നാല്‍, പൊലീസ് റിപ്പോര്‍ട്ടിലുള്ളതെല്ലാം തെറ്റാണെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായി തനിക്കുണ്ടായിരുന്നതെന്നും രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കോടതി പറയുന്ന ഏത് നിബന്ധനയും അംഗീകരിക്കാമെന്നും രാഹുലിന്‍റെ അഭിഭാഷകൻ പറഞ്ഞു. കൂടാതെ, ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചത് നിര്‍ബന്ധിച്ചതിനാലല്ലെന്നും യുവതി സ്വമേധയാ കഴിച്ചതാണെന്നും അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

നേരത്തെ, രാഹുലിന്റെ സുഹൃത്തായ ഫെനിയാണ് ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക എത്തിച്ചതെന്നും അത് കഴിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനായി രാഹുല്‍ വീഡിയോകോള്‍ ചെയ്തിരുന്നുവെന്നുമായിരുന്നു യുവതി മൊഴി നല്‍കിയിരുന്നത്. എന്നാല്‍, ഈ മൊഴി പൂര്‍ണമായും തെറ്റാണെന്നും താന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നുമാണ് രാഹുലിന്റെ അഭിഭാഷകന്‍ സമര്‍ത്ഥിച്ചത്. വാദങ്ങള്‍ക്ക് ബലമേകുന്ന ഡിജിറ്റല്‍ രേഖകള്‍ രാഹുല്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

കൂടാതെ, ബലാത്സംഗം നടന്ന കാലയളവില്‍ അതിജീവിതയ്ക്ക് പൊലീസുമമായി ബന്ധമുണ്ടായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. വനിതാ സെല്ലുമായും വനിതാ വിങുമായും അതിജീവിതയ്ക്ക് അടുപ്പം ഉണ്ടായിരുന്നുവെന്നും പീഡനം നടന്നിട്ടുണ്ടെങ്കില്‍ അന്ന് പരാതി കൊടുക്കാമായിരുന്നില്ലേയെന്നും അഭിഭാഷകന്‍ കോടതിയില്‍ ചോദിച്ചു.

കേസിൽ കൂടുതൽ രേഖകൾ ഹാജരാക്കണമെന്ന് പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. പ്രോസിക്യൂഷൻ തെളിവുകൾ ഹാജരാക്കുന്നതുവരെ അറസ്റ്റ് തടയണമെന്ന് പ്രതിഭാഗം ആവശ്യമുന്നയിച്ചെങ്കിലും ഉറപ്പ് നൽകാനാവില്ലെന്നായിരുന്നു കോടതിയുടെ മറുപടി.

കേസിൽ ഇരുഭാഗത്തിന്‍റേയും വാദം കോടതി കേട്ടു. ജാമ്യാപേക്ഷയിൽ വിധി പറയുന്നത് എപ്പോഴാണെന്ന് ഉച്ചയ്ക്ക് ശേഷം തീരുമാനിക്കും.

TAGS :

Next Story