Quantcast

ഇരുതലമൂരിയുമായി ഹെല്‍ത്ത് ഇന്‍സ്പെക്ടറടക്കം ഏഴുപേര്‍ പിടിയില്‍

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്

MediaOne Logo

Web Desk

  • Updated:

    2023-06-09 17:11:45.0

Published:

9 Jun 2023 5:10 PM GMT

Seven people, including a health inspector, were arrested with double murder
X

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നാലു കിലോയോളം തൂക്കമുള്ള ഇരുതലമൂരിയുമായി ഹെല്‍ത്ത് ഇന്‍സ്പെക്ടറടക്കം ഏഴുപേര്‍ പിടിയിലായി. ഇരുതലമൂരി, വെള്ളിമൂങ്ങ, എന്നിവ കൈവശം വച്ച് കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും ടൗണുകള്‍ കേന്ദ്രീകരിച്ച് ഇത്തരം ഇടപാടുകള്‍ നടക്കുന്നതായും മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

ഡി.വൈ.എസ്.പി എം.സന്തോഷ് കുമാര്‍ , സിഐ പ്രേംജിത്ത്, എസ്.ഐ.ഷിജോ.സി തങ്കച്ചന്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തെ കുറിച്ചും ജില്ലയിലെ ഏജന്‍റുമാരെ കുറിച്ചും സൂചന ലഭിച്ചത്. തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തിയതില്‍ സംസ്ഥാനത്തിനകത്തും പുറത്തും പലഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇടനിലക്കാരായി ഇവരെ സമീപിക്കുന്നതായും ആറു കോടി രൂപ വരെ വില പറഞ്ഞ് കച്ചവടത്തിന് ശ്രമം നടക്കുന്നതായും സൂചന ലഭിച്ചത്. തുടര്‍ന്ന് മലപ്പുറം ജില്ലാപോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് മാനത്തുമംഗലം ജംഗ്ഷന് സമീപം വച്ച് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ നാലു കിലോയോളം തൂക്കമുള്ള ഇരുതലമൂരി പാമ്പുമായി ഏഴംഗസംഘത്തെ പിടികൂടിയത്.

പറവൂര്‍ വടക്കും പുറം സ്വദേശി കള്ളംപറമ്പില്‍ പ്രഷോബ്(36), തിരുപ്പൂര്‍ സ്വദേശികളായ രാമു(42), ഈശ്വരന്‍(52), വയനാട് വേങ്ങപ്പള്ളി സ്വദേശി കൊമ്പന്‍ വീട്ടില്‍ നിസാമുദ്ദീന്‍(40), പെരിന്തല്‍മണ്ണ തൂത സ്വദേശി കാട്ടുകണ്ടത്തില്‍ മുഹമ്മദ് അഷറഫ്(44), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി പനക്കുന്നില്‍ ഹംസ(53), കൊല്ലം തേവലക്കര സ്വദേശി പാലക്കല്‍ വീട്ടില്‍ സുലൈമാന്‍കുഞ്ഞ് (50) എന്നിവരെയാണ് പെരിന്തല്‍മണ്ണ എസ്.ഐ.ഷിജോ, സി.തങ്കച്ചന്‍ കസ്റ്റഡിയിലെടുത്തത്. എ.എസ്.ഐ അബ്ദുള്‍സലാം, എസ്.സി.പി.ഒ ബാലചന്ദ്രന്‍, മിഥുന്‍, ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

TAGS :

Next Story