ജാതി അധിക്ഷേപം; കേരള സർവകലാശാലയിലെ ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ പരാതി നൽകി എസ്എഫ്ഐ
വിജയകുമാരിയുടെ വീട്ടില്‍ അന്നം വിളമ്പിക്കൊടുക്കുന്നത് ദളിത് വ്യക്തിയെന്നായിരുന്നു വിനോദ് കുമാറിൻ്റെ പരാമർശം

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ബിജെപി സിൻഡിക്കേറ്റ് അംഗങ്ങളുടെ ജാതി അധിക്ഷേപത്തിൽ എസ്എഫ്ഐ പരാതി നൽകി. കേരള സർവകലാശാല പ്രൊ ചാൻസലർക്കും എസ്സിഎസ്ടി കമ്മീഷനുമാണ് പരാതി നൽകിയത്. ബിജെപി സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാർ, ഡോ. പി. എസ് ഗോപകുമാർ എന്നിവർക്കെതിരെയാണ് പരാതി. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ നന്ദനാണ് പരാതി നൽകിയത്.
വിജയകുമാരിയുടെ വീട്ടില്‍ അന്നം വിളമ്പിക്കൊടുക്കുന്നത് ദളിത് വ്യക്തിയെന്നായിരുന്നു വിനോദ് കുമാറിൻ്റെ പരാമർശം. കേരള സർവകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധം നടക്കുന്ന ഘട്ടിത്തിൽ സെനറ്റ് യോഗം കഴിഞ്ഞ് ഇറങ്ങംയാണ് പ്രസ്താവന നടത്തിയത്. എസ്എഫ്ഐ വിസി മോഹനൻ കുന്നുമ്മലിൻ്റെ വാഹനം തടഞ്ഞിരുന്നു. എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് ശിവപ്രസാദിന്റെ നേതൃത്വത്തിലാണ് തടഞ്ഞത്. വാഹനം കടത്തിവിടാൻ അനുവധിക്കില്ല എന്ന നിലപാടാണ് പ്രവർത്തകർ സ്വീകരിച്ചത്. ഇതോടെ പൊലീസും പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടുകയും പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
സെനറ്റ് യോഗത്തിന് ശേഷം വിസി പുറത്തിറങ്ങുമ്പോൾ എസ്എഫ്ഐ പ്രവർത്തകർ പ്രധാന കവാടത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതേ തുടർന്ന് പൊലീസ് നിർദ്ദേശ പ്രകാരം വിസി സെനറ്റ് ഹാളിന് പുറകുവശത്തെ ഗേറ്റ് വഴി പുറത്തിറങ്ങാൻ ശ്രമിച്ചു. ഇവിടെ എത്തിയ എസ്എഫ്ഐ പ്രവർത്തകർ വാഹനത്തിന് മുന്നിൽ ചാടി വീഴുകയും കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് പൊലീസും പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടി. വാഹനത്തിന് മുന്നിൽ നിന്ന് മാറാൻ പ്രവർത്തകർ വിസമ്മതിക്കുകയും ചെയ്തു. ഇവർക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് വിസിയുടെ വാഹനത്തിന് വഴിയൊരുക്കിയത്.
Adjust Story Font
16

