'ഇടത് ഹിന്ദുത്വയുടെ പ്രചാരകരായി എസ്എഫ്ഐ മാറി' - പി.കെ നവാസ്
എസ്എഫ്ഐ സെക്രട്ടറി വിളമ്പുന്നത് ശശികല ഇട്ട ഇലയിലേക്കുള്ള സദ്യയാണെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് മാധ്യമങ്ങളോട് പറഞ്ഞു

കോഴിക്കോട്: എസ്എഫ്ഐ ഇടത് ഹിന്ദുത്വയുടെ പ്രചാരകരായി മാറുകയാണെന്നും എസ്എഫ്ഐ സെക്രട്ടറി വിളമ്പുന്നത് ശശികല ഇട്ട ഇലയിലേക്കുള്ള സദ്യയാണെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. സിപിഎമ്മിന് അകത്ത് രൂപപ്പെട്ട് വരുന്ന ഇടത് ഹിന്ദുത്വ ചിന്തയാണ് എസ്എഫ്ഐ നേതാക്കളുടെ വംശീയ പരാമർശത്തിന് പിന്നിൽ. ഈ അടുത്ത കാലത്തായി സിപിഎമ്മിനകത്ത് ഇടത് ഹിന്ദുത്വ ചിന്ത രൂപപ്പെട്ടുവരുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് ഇവരുടെ പരാമർശത്തിന് ശശികലയുടെ മാത്രം പിന്തുണ കിട്ടുന്നതെന്നും നവാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിപിഎം നേതൃത്വത്തിന് ലീഗ് വർഗീയ പാർട്ടി അല്ല എന്നാൽ എസ്എഫ്ഐക്ക് വർഗീയ പാർട്ടിയാണ്. ശശികല എന്ന ഒരേ ഒരു രാഷ്ട്രീയ നേതാവ് മാത്രമാണ് എസ്എഫ്ഐയുടെ വംശീയതെയെ പിന്തുണച്ചതെന്നും നവാസ് പറഞ്ഞു. എസ്എഫ്ഐ സെക്രട്ടറി പാർട്ടി ക്ലാസ് കട്ട് ചെയ്ത് സിനിമക്ക് പോയത് എബിവിപിക്ക് ഒപ്പം ആണോ എന്നും നവാസ് ചോദിച്ചു. എസ്എഫ്ഐ നേതാക്കളുടെ വിമർശനം അതിരുവിട്ട് വർഗീയ, വംശീയ അധിക്ഷേപത്തിലേക്ക് മാറിയതായും നവാസ് പറഞ്ഞു.
യൂണിവേഴ്സിറ്റി, സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിന് ശേഷം ആണ് എസ്എഫ്ഐ ഇങ്ങനെ വിമർശനം തുടങ്ങിയതെന്നും നവാസ് ആരോപിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടാൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയെ വെല്ലുവിളിക്കുന്നതായും നവാസ് പറഞ്ഞു. തട്ടിൻപുറത്തുള്ള യുയുസിമാരെ വെച്ചാണ് MSF ജയിച്ചത് എന്ന SFI വിമർശനം അങ്ങേയറ്റം വംശീയ വെറിയാണെന്നും നവാസ് കൂട്ടിച്ചേർത്തു.
'അറബിക് കോളേജുകളിൽ മുസ്‌ലിം കുട്ടികൾ മാത്രമല്ല പഠിപ്പിക്കുന്നത്. അറബിക് കോളേജിൽ മുസ്‌ലിം കുട്ടികൾ മാത്രമാണ് പഠിക്കുന്നത് എന്ന് SFI തെറ്റിദ്ധാരണ. MSF അറബിക് കോളേജുകളിൽ നിന്ന് മാത്രമല്ല വരുന്നത്. ഗവണ്മെൻ്റ് കോളേജുകളിൽ കൂടി ജയിച്ചാണ് MSF വരുന്നത്. മുമ്പ് SFI ജയിക്കുമ്പോയുള്ള കോളജുകൾ തന്നെയാണ് ഇപ്പോഴുമുള്ളത്.' നവാസ് പറഞ്ഞു.
Adjust Story Font
16

