Quantcast

യൂണിവേഴ്സിറ്റി കോളജിലെ ഏറ്റുമുട്ടൽ; SFI സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ മാർച്ചുകളിൽ സംഘർഷം

പലയിടങ്ങളിലും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

MediaOne Logo

Web Desk

  • Updated:

    2026-10-01 15:38:48

Published:

1 Oct 2026 7:59 PM IST

യൂണിവേഴ്സിറ്റി കോളജിലെ ഏറ്റുമുട്ടൽ; SFI സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ മാർച്ചുകളിൽ സംഘർഷം
X

തിരുവനന്തപുരം: പൊലീസ്,യൂത്ത് കോൺഗ്രസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് എസ്എഫ്ഐ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ മാർച്ചുകളിൽ സംഘർഷം. പലയിടങ്ങളിലും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്ടെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയുണ്ടായി. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്.

തിരുവനന്തപുരത്ത് കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലേക്കും എറണാകുളം കമ്മീഷണർ ഓഫീസിലേക്കും നടത്തിയ മാർച്ചിലും പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.

അതേസമയം, മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂരിൽ പൊലീസ് അനുമതിയില്ലാതെ പ്രതിഷേധപ്രകടനം നടത്തുമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ഡിവൈഎഫ്ഐ. രാത്രി എട്ടിനാണ് മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ വൈകിട്ട് അഞ്ചിനാണ് പ്രതിഷേധപ്രകടനം പ്രഖ്യാപിച്ചിരുന്നതെങ്കിലും പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് രാത്രിയിലേക്ക് മാറ്റിവെക്കുകയായിരുന്നു.

നേരത്തെ, കണ്ണൂർ ജില്ലയിൽ ഡിവൈഎഫ്ഐ നടത്തിയ വ്യാപക പ്രതിഷേധത്തിൽ നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. കണ്ണൂർ സ്റ്റേഡിയും കോർണറിലെയും പഴയ ബസ് സ്റ്റാൻഡ് പരിസരത്തെയും കോൺഗ്രസ് ബോർഡുകൾ പ്രതിഷേധക്കാർ നശിപ്പിക്കുകയുണ്ടായി.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്നലെ രാത്രി യൂത്ത് കോൺഗ്രസ് നടത്തിയ കോൺഗ്രസ് മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. യൂണിവേഴ്സിറ്റി ഹോസ്റ്റലിന് നേരെ കല്ലും ബിയർ കുപ്പികളും എറിഞ്ഞെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

അതേസമയം, സംഘർഷത്തിന് കൂകിവിളിയും കല്ലേറുമാണ് കാരണമായതെന്നാണ് പൊലീസ് വിലയിരുത്തൽ. എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്പരം കൂകിവിളിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ തീപ്പന്തം എറിഞ്ഞത് സ്ഥിതി കൂടുതൽ വഷളാക്കിയെന്നും പൊലീസ് വ്യക്തമാക്കി. പിന്നാലെ, പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story