സജി ചെറിയാന്റെ വാക്കുകള്‍ ഇതുവരെ പിണറായി തിരുത്തിയിട്ടില്ല, സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോയുടെ തലപ്പത്ത് നരേന്ദ്ര മോദി: ഷാഫി പറമ്പില്‍
ബിജെപിയേക്കാൾ കൂടുതൽ വർഗീയത പറയുന്ന സിപിഎം മന്ത്രിമാർ കാരണംെ ബിജെപി ആശയക്കുഴപ്പത്തിലാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു

കോഴിക്കോട്: വര്‍ഗീയ പ്രസ്താവനയില്‍ വാക്കുകള്‍ സജി ചെറിയാന്റേത് ആണെങ്കിലും ചിന്ത പിണറായിയുടേതെന്ന് ഷാഫി പറമ്പില്‍ എംപി. സജി ചെറിയാന്റെ വാക്കുകള്‍ ഇതുവരെ പിണറായി തിരുത്താന്‍ തയ്യാറായിട്ടില്ല. മുന്‍പ് എ.കെ ബാലന്‍ നടത്തിയ പല വര്‍ഗീയ പ്രസ്താവനകളും തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ബിജെപിയേക്കാള്‍ വര്‍ഗീയത പറയുന്ന സിപിഎം മന്ത്രിമാര്‍ കാരണം ബിജെപി ആശയക്കുഴപ്പത്തിലാണെന്നും ഷാഫി പറഞ്ഞു.
'ജയിച്ചവരുടെ മതവും പേരും നോക്കിയാല്‍ കാര്യങ്ങള്‍ മനസിലാവുമെന്നാണ് മന്ത്രി പറയുന്നത്. സമരം നടത്തിയവരുടെ വസ്ത്രം നോക്കിയാല്‍ ആളെ പിടികിട്ടുമെന്ന് പറഞ്ഞ നരേന്ദ്ര മോദിയുടെ അതേ ഭാഷയും ശൈലിയുമാണ് സജി ചെറിയാന്‍ ആവര്‍ത്തിക്കുന്നത്. കേരളത്തെ എങ്ങോട്ടാണ് ഇക്കാര്യങ്ങള്‍ കൊണ്ടുപോകുന്നതെന്ന് മനസിലാക്കാനാകാത്ത അവസ്ഥയാണുള്ളത്. അധികാരം നഷ്ടപ്പെടുമെന്ന് കണ്ടപ്പോള്‍ വെള്ളത്തില്‍ നിന്നെടുത്ത മീനിന്റെ വിറയല്‍ പോലെ വര്‍ഗീയത പറയുന്ന ഇവരെ കേരളം തിരിച്ചറിയും.'
'സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോയുടെ തലപ്പത്ത് നരേന്ദ്ര മോദിയാണ്. പലപ്പോഴും ബിജെപിയേക്കാള്‍ വര്‍ഗീയത പറയുന്നത് സിപിഎമ്മിന്റെ മന്ത്രിമാരാണ്. ഇതുകാരണം ബിജെപി ആകെ ആശയക്കുഴപ്പത്തിലാണ്. ഇനി എന്തുചെയ്യുമെന്നാണ് ബിജെപി ചിന്തിക്കുന്നത്. സഖാവും സംഘിയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലാണുള്ളത്'. ഷാഫി വ്യക്തമാക്കി.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ അനാവശ്യമായ തിടുക്കം എന്തിന് കാണിച്ചുവെന്ന കോടതിയുടെ ചോദ്യത്തിന് ഇവരുടെ കയ്യില്‍ ഉത്തരമില്ലെന്നും ഷാഫി വിമര്‍ശിച്ചു. ഫോട്ടോ കണ്ടിട്ടല്ല യുഡിഎഫ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാര്‍ വര്‍ഗീയത കൊണ്ട് ഇറങ്ങിയിരിക്കുകയാണെന്നും ഷാഫി പറഞ്ഞു.
Adjust Story Font
16

