Quantcast

'വഖഫ് വിഷയത്തിൽ കോൺഗ്രസിന്‍റേത് ശക്തമായ നിലപാട്, സംസാരിച്ചവർ കോൺഗ്രസ് എംപിമാരുടെ മുഴുവൻ അഭിപ്രായമാണ് പറഞ്ഞത്'; ഷാഫി പറമ്പിൽ

ബന്ധുവിന്‍റെ ചികിത്സാർത്ഥമാണ് പ്രിയങ്ക ഗാന്ധിക്ക് പാർലമെൻറിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നതെന്നും ഷാഫി

MediaOne Logo

Web Desk

  • Published:

    4 April 2025 12:39 PM IST

Shafi Parambil
X

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. വഖഫ് വിഷയത്തിൽ കോൺഗ്രസ് ശക്തമായ നിലപാട് ആണ് സ്വീകരിച്ചതെന്നും ബിൽ ചർച്ചയിൽ സംസാരിച്ചവർ കോൺഗ്രസ് എംപിമാരുടെ മുഴുവൻ അഭിപ്രായമാണ് പറഞ്ഞതെന്നും ഷാഫി പറഞ്ഞു. ബന്ധുവിന്‍റെ ചികിത്സാർത്ഥമാണ് പ്രിയങ്ക ഗാന്ധിക്ക് പാർലമെൻറിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നതെന്നും വിമർശനങ്ങൾക്ക് മറുപടിയായി ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ വിശദീകരിച്ചു.

അതേസമയം ബിൽ ചർച്ചയിൽ പങ്കെടുക്കാത്ത ഷാഫി പറമ്പിലിനെ വിമർശിച്ച് സമസ്ത നേതാവ് സത്താർ പന്തല്ലൂർ രംഗത്തെത്തിയിരുന്നു. ചർച്ചയിൽ സംസാരിക്കേണ്ടവരെ നേരത്തെ നിശ്ചയിച്ചതാണെങ്കിൽ സാമൂഹ്യമാധ്യമങ്ങളിൽ പോലും ഷാഫി പറമ്പിലിന്‍റെ വഖഫ് ബിൽ വിഷയത്തിലെ പ്രതികരണമുണ്ടായില്ലെന്ന് സത്താർ പന്തല്ലൂർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്നും വിമർശനം ഉന്നയിച്ചു. ഇതിന് പിന്നാലെയാണ് ഷാഫി പറമ്പിലിന്‍റെ വിശദീകരണം.

ഷാഫിയെ വിമര്‍ശിച്ച സത്താര്‍ പന്തല്ലൂരിന് മറുപടിയുമായി കെപിസിസി വക്താവ് ജിന്‍റോ ജോൺ രംഗത്തെത്തിയിരുന്നു. ഹൈബി ഈഡനും ഡീൻ കുര്യാക്കോസും പാർലമെന്റിൽ പറഞ്ഞത് അവരുടെ തറവാട്ട് സ്വത്ത്‌ വീതം വയ്ക്കുന്ന കാര്യമല്ലെന്നും ഷാഫി പറഞ്ഞാലും ഹൈബി പറഞ്ഞാലും ഒന്ന് തന്നെയാണെന്നും ജിന്‍റോ ജോൺ പറഞ്ഞു.

മതവർഗീയ താൽപര്യം മാത്രം ഉന്നംവച്ച് ബിജെപി കൊണ്ടുവന്ന വഖഫ് ബില്ലിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അഭിപ്രായമാണ് ഹൈബി ഈഡനും ഡീൻ കുര്യാക്കോസും പറഞ്ഞത്. പാർട്ടിയുടെ നിലപാട് പറയാൻ അവരെയാണ് ഇന്നലെ ചുമതലപ്പെടുത്തിയത്. ഷാഫിയുടെ കോൺഗ്രസ്‌ പാർട്ടി ഉണ്ടായിരുന്നത് കൊണ്ടാണ് സത്താർ പന്തല്ലൂരിനൊക്കെ ഈ നട്ടെല്ല് പരിശോധന നടത്താൻ പറ്റുന്നതെന്ന് എന്നാണ് ജിന്‍റോ ഫേസ്ബുക്കിൽ കുറിച്ചത്.

കേരളത്തിലെ മുസ്‌ലിം സമുദായ പ്രതിനിധിയായി കോൺഗ്രസ് നൽകിയ ടിക്കറ്റിൽ ജയിച്ചത് ഷാഫി പറമ്പിലാണ്. ഇഖ്റാ ചൗധരിയെയും ഇമ്രാനെയും ഉവൈസിയെയൊന്നും മാതൃകയാക്കിയില്ലെങ്കിലും മണിപ്പൂർ വിഷയത്തിൽ ഡീൻ കുര്യാക്കോസും ഹൈബി ഈഡനുമൊക്കെ കാണിച്ച നട്ടെല്ല് ഇടക്കൊക്കെ വായ്പ കിട്ടുമോ എന്ന് ഷാഫി പറമ്പിലിന് അന്വേഷിക്കാവുന്നതാണ് എന്നായിരുന്നു സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചിരുന്നത്.

TAGS :

Next Story