ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യം
ജസ്റ്റിസ് ബെച്ചു കുര്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് ജാമ്യം അനുവദിച്ചത്. കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യം റദ്ദാക്കാൻ മേൽക്കോടതിയെ സമീപിക്കുമെന്ന് ഷഹബാസിന്റെ പിതാവ് പറഞ്ഞു.

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസ് കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, ക്രമിനൽ പശ്ചാത്തലമുള്ളവരുമായി സഹവസിക്കരുത് എന്നീ നിർദേശങ്ങൾ കോടതി മുന്നോട്ട് വെച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് ജാമ്യം അനുവദിച്ചത്.
50,000 രൂപ ബോണ്ട് കെട്ടിവെക്കാനും, സാക്ഷികളെ സ്വാധീനിക്കരുതെന്നും ജാമ്യ വിധിയിൽ നിർദേശമുണ്ട്. ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്, രക്ഷിതാക്കൾ സത്യവാങ്മൂലം നൽകണം എന്നും വിധിയിൽ നിർദേശം. നേരത്തെ കീഴ്‌ക്കോടതി വിദ്യാർഥികൾക്ക് ജാമ്യം നിഷേധിച്ചിരുന്നു. കുട്ടികൾക്ക് പ്ലസ് വൺ പ്രവേശനം നേടാൻ പൊലീസ് സംരക്ഷണത്തിൽ ഒരു ദിവസത്തേക്ക് പുറത്തിറങ്ങാൻ അനുമതിയും നൽകിയിരുന്നു.
അതേസമയം, കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യം റദ്ദാക്കാൻ മേൽക്കോടതിയെ സമീപിക്കുമെന്ന് ഷഹബാസിന്റെ പിതാവ് പറഞ്ഞു. കുട്ടികൾക്ക് ജാമ്യം ലഭിച്ചതിനു പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും പിതാവ് ഇഖ്ബാൽ ആരോപിച്ചു. കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കണമെന്ന് താൻ ആഗ്രഹിക്കുന്നില്ല, പക്ഷേ കുട്ടികൾ ഒബ്‌സർവേഷൻ ഹോമിലിരുന്ന് പഠനം തുടരട്ടെ എന്നും പിതാവ് കൂട്ടിച്ചേർത്തു.
watch video:
Adjust Story Font
16

