Quantcast

'എന്നും ഫലസ്തീൻ ജനതക്കൊപ്പം'; പ്രസംഗം ഇസ്രായേൽ അനുകൂലമാക്കേണ്ടെന്ന് ശശി തരൂർ

പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂർ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-10-27 04:13:18.0

Published:

27 Oct 2023 4:07 AM GMT

ശശി തരൂർ
X

കോഴിക്കോട്: മുസ്‍ലിം ലീഗ് റാലിയിൽ ഫലസ്തീന്‍ പോരാളികളെ ഭീകരരെന്ന് വിശേഷിപ്പിച്ച പരാമർശത്തിൽ വിശദീകരണവുമായി ശശി തരൂർ. താൻ എന്നും ഫലസ്തീൻ ജനതക്കൊപ്പമാണ്. തന്റെ പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ടെന്നും പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂർ പറഞ്ഞു.

മുസ്‍ലിം ലീഗ് റാലിയില്‍ പങ്കെടുത്ത് ഫലസ്തീന്‍ പോരാളികളെ ഭീകരരെന്ന് വിശേഷിപ്പിച്ച ശശി തരൂരിന്റെ പരാമർശമാണ് വിവാദത്തിലായത്. തരൂരിന്റെ പരാമർശം ആയുധമാക്കി കോണ്‍ഗ്രസിനെയും ലീഗിനെയും വിമർശിച്ച് സി.പി.എം നേതാക്കള്‍ രംഗത്തെത്തി. സമസ്ത നേതാക്കളും വിമർശനം ഉന്നയിച്ചു.

ആദ്യം കെ.ടി.ജലീലും പിന്നാലെ എം.സ്വരാജുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വിമർശനവുമായെത്തിയത്. കോഴിക്കോട് നടന്നത് ഇസ്രയേല്‍ അനുകൂല സമ്മേളനമോ? എന്നായിരുന്നു കെ.ടി ജലീലിന്റെ പരിഹാസം. കോഴിക്കോട് കടപ്പുറത്ത് മുസ്‍ലിം ലീഗിന്റെ ചെലവിൽ ഡോ.ശശി തരൂർ ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയിരിക്കുന്നു എന്ന് എം.സ്വരാജ് വിമർശിച്ചു. ഐക്യരാഷ്ട്രസഭയിൽ ഉദ്യോഗസ്ഥനായിരുന്ന തരൂർ വാങ്ങിയ ശമ്പളത്തിന് ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ വൈകിപ്പോയെന്നായിരുന്നു എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂരിന്റെ പ്രതികരണം.

വിമർശനം ശക്തമായതോടെ പാർട്ടിയെ പ്രതിരോധിച്ച് ലീഗ് നേതാക്കളും രംഗത്തുണ്ട്. ഫലസ്തീൻ വിഷയത്തിൽ ശൈലജ ടീച്ചറും ശശി തരൂരും പങ്കുവക്കുന്നത് ഒരേ നിലപാടാണെന്ന് ലീഗ് ദേശീയ അസി. സെക്രട്ടറി സി.കെ സുബൈർ പറഞ്ഞു. എന്നാല്‍ ശൈലജ ടീച്ചറെ ഇതുവരെ സി.പി.എം തിരുത്തിയിട്ടില്ല. ശശി തരൂരിന് അതേ വേദിയിൽ മുസ്‍ലിം ലീഗ് നേതാക്കൾ കൃത്യമായി മറുപടി കൊടുത്തിട്ടുണ്ടെന്നാണ് സുബൈർ ഫേസ്ബുക്കിൽ കുറിച്ചത്. ഫലസ്തീന്‍ വിഷയത്തില്‍ സി.പി.എമ്മും റാലി നടത്താനിരിക്കെ തരൂർ പരാമർശം യു.ഡി.എഫിനെതിരായ ആയുധമാക്കാനാകും സി.പി.എം ശ്രമിക്കുക.

TAGS :

Next Story