Quantcast

'ശശി തരൂർ പാർട്ടിക്ക് മുതൽക്കൂട്ടാണ്, അദ്ദേഹത്തെ ഉൾക്കൊണ്ട് മുന്നോട്ട് പോകണം'; രാഷ്ട്രീയകാര്യ സമിതിയിൽ എ ഗ്രൂപ്പ്

കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയിൽ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രൂക്ഷ വിമർശനം

MediaOne Logo

Web Desk

  • Updated:

    2022-12-11 14:12:26.0

Published:

11 Dec 2022 1:06 PM GMT

ശശി തരൂർ പാർട്ടിക്ക് മുതൽക്കൂട്ടാണ്, അദ്ദേഹത്തെ ഉൾക്കൊണ്ട് മുന്നോട്ട് പോകണം; രാഷ്ട്രീയകാര്യ സമിതിയിൽ എ ഗ്രൂപ്പ്
X

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ശശി തരൂരിന് പിന്തുണയുമായി കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയിൽ എ ഗ്രൂപ്പ് നേതാക്കൾ. ശശി തരൂരിന്റെ പ്രവർത്തനങ്ങൾ പാർട്ടിക്ക് മുതൽക്കൂട്ടാണെന്നും അദ്ദേഹത്തെ ഉൾക്കൊണ്ട് വേണം പാർട്ടി മുന്നോട്ടു പോകാനെന്നും എ ഗ്രൂപ്പ് നേതാക്കൾ രാഷ്ട്രീയകാര്യസമിതിയിൽ പറഞ്ഞു. ശശി തരൂർ വിവാദത്തിൽ പുറത്ത് തന്ത്രപരമായ മൗനം പാലിച്ചിരുന്ന എ ഗ്രൂപ്പ് നേതാക്കൾ രാഷ്ട്രീയ കാര്യ സമിതിയിൽ എത്തിയപ്പോഴേക്കും തരൂരിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.

തരൂർ വിവാദത്തിൽ വഴിമാറി നടക്കുകയായിരുന്ന എ ഗ്രൂപ്പ് നേതാക്കൾ വിവാദം അനാവശ്യമായിരുന്നുവെന്നും വ്യക്തമാക്കി. തരൂരിന്റെ ജനപ്രീതി ഉപയോഗപ്പെടുത്തണമെന്നും എ ഗ്രൂപ്പ് നേതാക്കൾ ആവശ്യപ്പെട്ടു. ഈ അഭിപ്രായത്തോട് കെ മുരളീധരൻ എംപി അനുകൂലമായാണ് പ്രതികരിച്ചത്. അതേസമയം കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയിൽ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രൂക്ഷ വിമർശനമാണ് നേരിട്ടത്.

മുഖ്യമന്ത്രിയെയും ഗവർണറെയും സതീശൻ ഒരുപോലെ വിമർശിക്കണമായിരുന്നു. സർവ്വകലാശാല ചാൻസിലർ പദവിയിൽ നിന്നും ഗവർണറെ നീക്കുന്നതുമായി ബന്ധപ്പെട്ട ബില്ലിൽ പ്രതിപക്ഷ നേതാവ് പലഘട്ടങ്ങളിലായി സ്വീകരിച്ച നിലപാട് ആശയക്കുഴപ്പമുണ്ടാക്കിയെന്നും രാഷ്ട്രീയ കാര്യസമിതി വിലയിരുത്തി. നിർണ്ണായക വിഷയങ്ങളിൽ യോജിച്ച തീരുമാനം ഉണ്ടാകണമെന്നും അതിന് നിശ്ചിത ഇടവേളകളിൽ രാഷ്ട്രീയകാര്യ സമിതി ചേരണമെന്ന ആവശ്യവും ഉയർന്നു.

സർവ്വകലാശാല ചാൻസിലർ പദവിയിൽ നിന്നും ഗവർണറെ നീക്കുന്നതുമായി ബന്ധപ്പെട്ട ബില്ലിൽ വി.ഡി സതീശന്റെ നിലപാടുകളിൽ പൊരുത്തക്കേടുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം. എന്നാൽ തന്റെ നിലപാടുകൾ ഘടകകക്ഷികളുടെ അഭിപ്രായം കൂടി പരിഗണിച്ചതിന് ശേഷമാണ് പറഞ്ഞതെന്ന് വി.ഡി സതീശൻ പ്രതികരിച്ചു. ആർ.എസ്.എസ് അനകൂല പ്രസ്താവന നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെയും രാഷ്ട്രീയ കാര്യസമതിയിൽ വിമർശനമുയർന്നു. അദ്ദേഹത്തിന്റെ പരാമർശങ്ങൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ശശി തരൂർ വിവാദം, വിഴിഞ്ഞം സമരം, സർവകലാശാല വിവാദം തുടങ്ങിയവയും ഇന്നു ചേർന്ന കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ചയായി.

അഞ്ചു മാസങ്ങൾക്ക് ശേഷമാണ് കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യസമിതി യോഗം ചേർന്നത്. കെ. സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. അതേസമയം സിപിഎമ്മിന്റെ ലീഗ് അനുകൂല പ്രസ്താവനയിൽ ലീഗ് നേതൃത്വം തന്നെ മറുപടി നൽകിയതാണെന്ന് യോഗത്തിന് ശേഷം കെ മുരളീധരൻ എം.പി പറഞ്ഞു. ''പാർട്ടി ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങും. ലീഗിന്റെ നയം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനെ പൂർണ്ണമനസ്സോടെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നു''- കെ മുരളീധരൻ എംപി പറഞ്ഞു.

സമകാലീന രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന എല്ലാ വിഷയങ്ങളും രാഷ്ട്രീയ കാര്യസമിതിയിൽ ചർച്ചയായിട്ടുണ്ടെന്നാണ് കെ മുരളീധരൻ വ്യക്തമാക്കുന്നത്. ശശി തരൂർ വന്ന ശേഷം പാർട്ടിക്കുള്ളിൽ ഉണ്ടായിട്ടുള്ള വിഭാഗീയത ഉൾപ്പെടെ ചർച്ച ചെയ്ത് പരിഹരിച്ചിട്ടുണ്ട്. നേതാക്കൾ ഇനി എന്തെങ്കിലും പരിപാടി നടത്തുന്നുണ്ടെങ്കിൽ ജില്ലാ കമ്മിറ്റിയെ അറിയിച്ച് വേണം നടത്താൻ എന്ന നിർദേശം രാഷ്ട്രീയ കാര്യസമിതിയിൽ ഉയർന്നുവന്നിട്ടുണ്ട്.

TAGS :

Next Story