സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം; കാട്ടാക്കടയിലെ ബേക്കറി പാനീയത്തിലും ബാക്ടീരിയ സാന്നിധ്യം
ഈ വർഷം ഇതുവരെ 114 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല കേസുകളിൽ വൻ വർധന. ഈ വർഷം ഇതുവരെ 114 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജനുവരി മുതൽ ജൂൺ പതിനൊന്നാം തീയതി വരെയുള്ള കണക്കാണ് ഇത്. കഴിഞ്ഞ വർഷം ഈ കാലയളവിനുള്ളിൽ 54 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.
നിലവിൽ സംസ്ഥാനത്ത് 80 പേർക്ക് രോഗബാധയുള്ളതായി സംശയിക്കുന്നുണ്ട്. വയനാട്ടിൽ 16 വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോളിയാടി മാർ ബാസേലിയോസ് എയുപി സ്കൂളിലെ കുട്ടികൾക്കാണ് രോഗബാധ ഉണ്ടായത്. ആദ്യം പരിശോധനയ്ക്ക് അയച്ച 21 സാമ്പിളുകളിൽ 16 പേർക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
വിവിധ ആശുപത്രികളിലായി 45 കുട്ടികളാണ് ചികിത്സയിലുള്ളത്. കുട്ടികളുടെ ആരോഗ്യനില തൃപതികരമാണെന്ന് ഡിഎംഒ അറിയിച്ചു. ജില്ലയിൽ ആരോഗ്യവകുപ്പ് കനത്ത ജാഗ്രത മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. കുട്ടികളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനുള്ള നടപടികളും പ്രതിരോധ മാർഗങ്ങളും സ്വീകരിക്കണമെന്ന് ജില്ലാ അധികൃതർക്ക് കർശന നിർദേശമുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇതുവരെ 541 ആളുകളിലാണ് രോഗലക്ഷണം കണ്ടെത്തിയത്. തിരുവനന്തപുരം കാട്ടാക്കടയിൽ ബേക്കറിയിലെ പാനീയത്തിലും ഷിഗല്ലയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധനാ റിപ്പോർട്ടിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് ഈ ബേക്കറി പ്രവർത്തിക്കുന്നത്. ജില്ലയിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായും തുടർ പരിശോധനയുമായി മുന്നോട്ടുപോകുമെന്നും അധികൃതർ അറിയിച്ചു.
Adjust Story Font
16

