വിൻസിയുടെ പരാതി തള്ളി ഷൈൻ ടോം ചാക്കോ; 'അത്തരം പ്രശ്നമുണ്ടായിട്ടില്ല, പിന്നിൽ ഗൂഢാലോചന'
വിൻസിയുമായി യാതൊരു പ്രശ്നവും ഇല്ലെന്നും ഷൈൻ മൊഴി നൽകി.

കൊച്ചി: സിനിമാ സെറ്റിൽവച്ച് മോശം അനുഭവമുണ്ടായെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി തള്ളി നടൻ ഷൈൻ ടോം ചാക്കോ. വിൻസിയുമായി അത്തരത്തിലൊരു പ്രശ്നമുണ്ടായിട്ടില്ലെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് പരാതിയെന്നുമാണ് നടന്റെ വാദം. പൊലീസിനോടാണ് നടൻ ഇക്കാര്യം പറഞ്ഞത്.
വിൻസിയുമായി യാതൊരു പ്രശ്നവും ഇല്ലെന്നും ഷൈൻ മൊഴി നൽകി. ഒന്നിച്ച് അഭിനയിച്ച നടനില്‍നിന്ന് മോശം അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തി കഴിഞ്ഞദിവസമാണ് നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. തുടർന്ന്, തന്നോട് മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോയാണെന്ന് ചൂണ്ടിക്കാട്ടി ഫിലിം ചേംബറിനും ആഭ്യന്തര പരാതി സമിതിക്കും താരസംഘടനയായ 'അമ്മ'യ്ക്കും വ്യാഴാഴ്ച രാവിലെ നടി പരാതി നൽകുകയും ചെയ്തു.
ചൊവ്വാഴ്ച ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ നടി നടത്തിയ വെളിപ്പെടുത്തലിൽ നടന്‍റെ പേരെടുത്ത് പറഞ്ഞിരുന്നില്ല. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന് പ്രസ്താവനയുടെ വിശദീകരണം എന്ന നിലയ്ക്കായിരുന്നു ഈ വെളിപ്പെടുത്തൽ. തുടർന്ന്, ആരോപണവിധേയനായ നടനെതിരെ വിൻസി അലോഷ്യസ് പരാതി നൽകിയാൽ നടപടിയുണ്ടാവുമെന്ന് താരസംഘടന വ്യക്തമാക്കിയിരുന്നു. വിൻസിയുടെ ആരോപണം അമ്മ അഡ്ഹോക്ക് സമിതി ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിൻസി അലോഷ്യസ് പരാതി നൽകിയത്.
നടി പരാതി നൽകിയതിന്റെ തലേന്ന് രാത്രിയാണ്, നടൻ തങ്ങിയിരുന്ന കൊച്ചിയിലെ വൈദാന്ത ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയിൽ പൊലീസ് സംഘം പരിശോധന നടത്തിയത്. ലഹരി ഉപയോഗിക്കുന്നുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ കുറച്ചുദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു നടൻ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലിൽ പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയത്. എന്നാൽ പൊലീസ് സംഘത്തെ കണ്ട് നടൻ ഇറങ്ങിയോടിയിരുന്നു.
ഇതോടെയാണ് പൊലീസ് നടനെതിരായ നടപടി കടുപ്പിക്കാൻ തീരുമാനിച്ചത്. ഹോട്ടൽ മുറിയിലെ ലഹരി ഉപയോഗത്തിന് തെളിവില്ലാതെ കേസെടുക്കേണ്ടെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇറങ്ങിയോടിയതിൽ വിശദീകരണം അറിയിക്കാനായി നോട്ടീസ് നൽകുകയായിരുന്നു. ഇതുപ്രകാരം, സ്റ്റേഷനിലെത്തിയ നടനെ ചോദ്യം ചെയ്തതിൽ, ലഹരി ഉപയോഗം സമ്മതിച്ചതോടെയാണ് പൊലീസ് കേസെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും.
നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു നടപടി. നടനെതിരെ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. യഥാക്രമം എൻഡിപിഎസ് ആക്ട് 27ബി, 29, ബിഎൻസ് 238 വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്.
തുടർന്ന്, വൈകീട്ട് അഞ്ചരയോടെ നടന് സ്റ്റേഷൻ ജാമ്യം ലഭിച്ചു. വൈദ്യ പരിശോധനയ്ക്ക് ശേഷം എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചതിനു പിന്നാലെയാണ് നടപടിക്രമങ്ങൾക്ക് ശേഷം ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച കൂടുമ്പോൾ സ്റ്റേഷനിൽ ഹാജരാകണമെന്നും എപ്പോൾ വിളിച്ചാലും വരണമെന്നുമുള്ള വ്യവസ്ഥകളിന്മേലാണ് ജാമ്യം. രണ്ട് പേരുടെ ആൾജാമ്യത്തിലാണ് ഷൈനെ വിട്ടയച്ചത്.
Adjust Story Font
16



