കൊച്ചി കപ്പൽ അപകടം: തൃശൂർ-കൊച്ചി-ആലപ്പുഴ തീരത്ത് ജാഗ്രതാ നിർദേശം
അപകടകരമായ കാർഗോകൾ തീരത്ത് എത്താൻ സാധ്യതയെന്ന് ദുരന്തനിവാരണ വകുപ്പ്.

കൊച്ചി: കൊച്ചിൽ കപ്പൽ അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ-കൊച്ചി-ആലപ്പുഴ തീരത്ത് ജാഗ്രതാ നിർദേശം. കപ്പലിൽ നിന്ന് കടലിൽ വീണ കാർഗോകൾ തീരത്ത് അടിയാൻ സാധ്യതയുള്ളതിനാലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
വിഴിഞ്ഞത്തുനിന്ന് പോയ എംഎസ്‌സി എൽസ 3 കപ്പലാണ് കൊച്ചിയിൽ അപകടത്തിൽപ്പെട്ടത്. 24 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. 21 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കോസ്റ്റ് ഗാർഡിന്റെയും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. റഷ്യൻ പൗരനാണ് കപ്പിത്താൻ. 20 പേർ ഫിലിപ്പീൻസ് പൗരൻമാരാണ്. രണ്ടുപേർ യുക്രൈൻ പൗരൻമാരും ഒരാൾ ജോർജിയൻ പൗരനുമാണ്.
കപ്പലിൽ നിന്ന് അപകടകരമായ കാർഗോകളാണ് കടലിൽ വീണത്. തീരദേശ മേഖലയിൽ കാർഗോകൾ അടിഞ്ഞാൽ ഇവ തൊടരുതെന്നും തീരത്ത് എണ്ണപ്പാട കണ്ടാൽ പൊലീസിൽ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു. കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിൽ (എംജിഒ), വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ (വിഎൽഎസ്എഫ്ഒ) എന്നിവ ചോർന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Adjust Story Font
16

