Quantcast

'നമ്മുടെ പല്ല് പറിച്ചവന്റെ താടിയടിച്ച് പൊട്ടിക്കണം'; കൊടകര കേസിന് തിരിച്ചടി നല്‍കണമെന്ന ഉപദേശവുമായി ടിജി മോഹൻദാസ്

ഇപ്പോഴത്തെ വിവാദങ്ങള്‍ തിരിച്ചുവിടണം, അതിനുള്ള ആയുധങ്ങൾ നമ്മുടെ കൈയിലുണ്ട്. അവ പ്രയോഗിക്കാനുള്ള സമയമായെന്നും ബിജെപിയുടെ ബൗദ്ധിക വിഭാഗം സംസ്ഥാന കൺവീനറായ മോഹൻദാസ് കൂട്ടിച്ചേർത്തു

MediaOne Logo

Web Desk

  • Updated:

    2021-06-08 13:39:31.0

Published:

8 Jun 2021 1:33 PM GMT

നമ്മുടെ പല്ല് പറിച്ചവന്റെ താടിയടിച്ച് പൊട്ടിക്കണം; കൊടകര കേസിന് തിരിച്ചടി നല്‍കണമെന്ന ഉപദേശവുമായി ടിജി മോഹൻദാസ്
X

കൊടകര കുഴൽപ്പണ കേസിന് ശക്തമായ തിരിച്ചടി നൽകണമെന്ന് പാർട്ടി നേതൃത്വത്തിന് ഉപദേശവുമായി ആർഎസ്എസ് വക്താവും ബിജെപിയുടെ ബൗദ്ധിക വിഭാഗം സംസ്ഥാന കൺവീനറുമായ ടിജി മോഹൻദാസ്. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന രീതിയിലല്ല, നമ്മുടെ ഒരു പല്ല് പറിച്ചാൽ അവന്റെ താടിയടിച്ചുപൊട്ടിക്കുന്ന സ്ഥിതി വരണമെന്നും നിയമപരമായി പോരാടണമെന്നും മോഹൻദാസ് പറഞ്ഞു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ സാക്ഷിനിർത്തിയായിരുന്നു മോഹൻദാസിന്റെ അഭിപ്രായ പ്രകടനം. 'കൊടകരയിലെ ബിജെപി വേട്ട' എന്ന തലക്കെട്ടിൽ യുവമോർച്ച സംസ്ഥാന ഘടകം ഇന്നലെ ക്ലബ് ഹൗസിൽ നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ടിജി മോഹൻദാസ്. ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരൻ, മുതിർന്ന നേതാവായ കുമ്മനം രാജശേഖരൻ, മറ്റു നേതാക്കളായ വിവി രാജേഷ്, കെവിഎസ് ഹരിദാസ് തുടങ്ങിയവരും സംസാരിച്ചു.

'ഈ കേസ് വിശദീകരിച്ചുകൊണ്ടിരിക്കുന്ന കാലത്തോളം ഇതിന്റെ കളങ്കം നിലനിൽക്കും. രാഷ്ട്രീയത്തിൽ വിഷയങ്ങൾ വളരെ പെട്ടെന്നു തന്നെ മാറ്റിയെടുക്കേണ്ട ചുമതല നമുക്കുണ്ട്. കുഞ്ഞാലിക്കുട്ടി എല്ലാവരും എഴുതിത്തള്ളിയ നേതാവാണ്. അദ്ദേഹത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് നോക്കുക. ഇന്നിപ്പോൾ ആരും പഴയ റജീന കേസ് പറയുന്നില്ല. അതിനെ വിജയകരമായി അദ്ദേഹം മാറ്റിക്കളഞ്ഞു. അവർ അതു മാറ്റുമ്പോൾ അവരുടെ കൂടുതൽ ബലഹീനതകൾ എടുത്ത് കൂടുതൽ പ്രചരിപ്പിക്കണം. നമ്മളെപ്പറ്റി അവർ പറയുന്ന അപവാദങ്ങൾ നിസ്സാരമാക്കിക്കളയുന്ന തരത്തിലുള്ള അതിലും വലിയ വിഷയങ്ങൾ കൊണ്ടുവരികയും ചെയ്യണം. അതല്ലെങ്കിൽ നമ്മൾ എന്തും വിശദീകരിക്കാൻ വിധിക്കപ്പെട്ടവരായി മാറും. അവര് കേസുണ്ടാക്കും. നമ്മൾ വിശദീകരിക്കും. അവർ ശക്തമായി ഓരോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തുകൊണ്ടിരിക്കുന്നു. ഇതൊക്കെ തിരിച്ചാക്കിയേ മതിയാകൂ. അതിനുള്ള ആയുധങ്ങൾ നമ്മുടെ കൈയിലുണ്ട്. അത് പ്രയോഗിക്കാനുള്ള സമയമായി. ഇനി ഒട്ടും മടിച്ചുനിൽക്കാനില്ലെന്നും മോഹൻദാസ് സൂചിപ്പിച്ചു.

സുരേന്ദ്രന്റെ പേരിൽ അവർ കൈക്കൂലി കേസാണ് രജിസ്റ്റർ ചെയ്യാനിരിക്കുന്നത്. അതിന് ഒരു വർഷത്തെ ശിക്ഷയും പിഴയുമാണുള്ളത്. വാദിക്കും പ്രതിക്കും ശിക്ഷ കിട്ടും. ഈ സംഭവം നടന്നുവെന്നു വച്ചാൽ തന്നെ സുരേന്ദ്രനും സുന്ദരയ്ക്കും ശിക്ഷ കിട്ടും. അങ്ങനെയൊരു സാഹസത്തിന് സുന്ദര മുതിരുമോ? അതുകൊണ്ട് തന്നെ ഇതോടൊപ്പം പൊലീസ് തട്ടിക്കൊണ്ടുപോകൽ എന്നൊരു കുറ്റം കൂടി ചാർത്തും. ഈ കുറ്റത്തിന് ഏഴുവർഷത്തെ ശിക്ഷയാണ്. അതുകൊണ്ട് മജിസ്‌ട്രേറ്റ് സുരേന്ദ്രന് ജാമ്യം കൊടുക്കാൻ ഒന്നു മടിക്കും. കുറഞ്ഞത് 15 ദിവസമെങ്കിലും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യും. ഇതാണ് പൊലീസിന്റെ കണക്കുകൂട്ടൽ. അങ്ങനെയായിരിക്കും അവർ നീങ്ങുന്നത്. സിപിഎം അങ്ങനെയൊക്കെ ചെയ്യും, അവർ ചെയ്തിട്ടുണ്ട്. അതിന്റെ ഇരകളാണ് നമ്മൾ. അടിച്ചവർ മറന്നാലും നമ്മൾ കൊണ്ടവരാണ്, ചത്തവരാണ്. നമ്മൾ മറക്കരുത്. അതുകൊണ്ട് കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന രീതിയിലല്ല. നമ്മളുടെ ഒരു പല്ല് പറിച്ചാൽ അവന്റെ താടിയടിച്ചുപൊട്ടിക്കുന്ന സ്ഥിതി വരണം. അതായത് നിയമപരമായ പോരാട്ടം വേണമെന്നാണ് ഞാൻ പറയുന്നത്-അദ്ദേഹം ഉണർത്തി.

''നരേന്ദ്ര മോദിയെപ്പോലെയുള്ള നേതാക്കളെ കണ്ടുപഠിക്കണം. നിലവിലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും കൗശലക്കാരനായ വ്യക്തി നരേന്ദ്ര മോദിയാണ്. ഒരാളുടെയും പിന്തുണ കൂടാതെ രാഷ്ട്രീയത്തിൽ ഒരു അജണ്ട നിശ്ചയിക്കാനുള്ള ഈ സാമർത്ഥ്യം 2002 മുതൽ ഗുജറാത്തിൽനിന്ന് തുടങ്ങിയതാണ് അദ്ദേഹം. അതു കാണേണ്ടതാണ്. പണ്ട് ഇന്ദിരാഗാന്ധി നാട്ടിലൊരു സ്‌ഫോടനം നടന്നാൽ അതിലും വലിയ സ്‌ഫോടനം തൊട്ടടുത്ത് നടത്തിക്കൊണ്ടാണ് അതു കൈകാര്യം ചെയ്തിരുന്നത്. ഒരു പ്രശ്‌നം ചെറുതാകുന്ന തരത്തിൽ അതിലും വലിയ വിഷയങ്ങൾ എടുത്തുപൊട്ടിക്കുന്ന ശൈലി.''

''ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയ്ക്ക് ഇന്ദിരാഗാന്ധിയെയും മാവോ സേതൂങ്ങിനെയും വിലയിരുത്തണം. ചൈന മുഴുവൻ കീഴടക്കി മരിക്കുംവരെയും മാവോയിസം വച്ച് അതിന്റെ തലപ്പത്തിരുന്നയാളാണ് മാവോ സേതൂങ്. അദ്ദേഹത്തിന്റെ സംഘാടനതന്ത്രങ്ങൾ വിവരിക്കുന്ന പുസ്തകമുണ്ട്. അത് വായിക്കേണ്ടതാണ്. രാഷ്ട്രീയം ഒരു ആഡംബര പരിപാടിയല്ല. പ്രത്യേകിച്ചും ഇന്ത്യയിൽ. ഇന്ത്യൻ വോട്ടറെപ്പോലെ അവിശ്വസനീയമായി പെറുമാറുന്ന വേറെ ആരുമില്ല. പരമസാത്വികന്മാരും കൊള്ളാവുന്നവരുമായ ആളുകളെ അവർ അങ്ങ് തോൽപിക്കും. വർഗീയകക്ഷികളെ സുഖമായി ജയിപ്പിക്കും'' മോഹൻദാസ് അഭിപ്രായപ്പെട്ടു.

TAGS :

Next Story