ഷുഹൈബ് വധക്കേസ്: വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ഹരജിയിൽ വിധി ഇന്ന്
നിലവിൽ കണ്ണൂർ അഡീഷണൽ സെഷൻസ് കോടതി മുൻപാകെ നടക്കുന്ന വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാണ് പ്രതിഭാഗത്തിന്റെ പ്രധാന ആവശ്യം

കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിൽ വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ഹരജിയിൽ തലശേരി സെഷൻസ് കോടതി ഇന്ന് വിധി പറയും. നിലവിൽ കണ്ണൂർ അഡീഷണൽ സെഷൻസ് കോടതി മുൻപാകെ നടക്കുന്ന വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാണ് പ്രതിഭാഗത്തിന്റെ പ്രധാന ആവശ്യം.
കേസിലെ വിചാരണാ നടപടികൾ നീട്ടിക്കൊണ്ടുപോകാൻ പ്രതിഭാഗം മനഃപൂർവം ശ്രമിക്കുകയാണെന്ന ആക്ഷേപങ്ങൾക്കിടയിലാണ് കോടതി മാറ്റ ഹരജി സമർപ്പിക്കപ്പെട്ടത്. പ്രതിഭാഗം അഭിഭാഷകൻ സമർപ്പിച്ച ഈ ഹരജി മുൻപ് പരിഗണിച്ച സെഷൻസ് കോടതി, അഡീഷണൽ സെഷൻസ് കോടതിയിലെ വിചാരണ നടപടികൾ താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. കോടതി മാറ്റത്തിനുള്ള ഹരജി നിലനിൽക്കുന്നതിനാൽ സാക്ഷി വിസ്താരവുമായി സഹകരിക്കാൻ പ്രതിഭാഗം അഭിഭാഷകർ തയ്യാറായിരുന്നില്ല.
സാക്ഷി വിസ്താരം തടസപ്പെടുത്തുന്നതും വിചാരണ നീട്ടിക്കൊണ്ടുപോകുന്നതുമായ പ്രതിഭാഗത്തിന്റെ നീക്കങ്ങളെ വിചാരണ കോടതി കർശനമായിട്ടാണ് നേരിട്ടത്. പ്രതികൾ മനഃപൂർവം വിചാരണ വൈകിപ്പിക്കുകയാണെന്ന് നിരീക്ഷിച്ച അഡീഷണൽ സെഷൻസ് കോടതി, കേസിലെ 17 പ്രതികളുടെയും ജാമ്യം റദ്ദാക്കി ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ഉത്തരവിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും, ഹൈക്കോടതി വിചാരണ കോടതിയുടെ വിധി സ്റ്റേ ചെയ്ത് പ്രതികൾക്ക് വീണ്ടും ജാമ്യം അനുവദിക്കുകയുമാണുണ്ടായത്.
കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച ഷുഹൈബ് വധക്കേസിന്റെ വിചാരണാ നടപടികൾ നിലവിൽ പ്രാരംഭ ഘട്ടത്തിലാണ്. കേസിലെ ഒന്നാം സാക്ഷിയുടെ വിസ്താരം മാത്രമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. ഇന്ന് തലശേരി സെഷൻസ് കോടതി പുറപ്പെടുവിക്കുന്ന വിധി, കേസിന്റെ തുടർന്നുള്ള വിചാരണാ നടപടികൾ ഏത് കോടതിയിൽ വെച്ച്, എത്രയും വേഗം പൂർത്തിയാക്കണമെന്ന കാര്യത്തിൽ നിർണായകമാകും.
Adjust Story Font
16

