Quantcast

ശുഹൈബ് വധക്കേസ്: പ്രതികളുടെ ജാമ്യം തടയാനല്ല, സിബിഐ അന്വേഷണം തടയാന്‍ മുന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് ഒരു കോടിയോളം

കേസ് സിബിഐ അന്വേഷിക്കണമെന്ന ശുഹൈബിൻ്റെ മാതാപിതാക്കളുടെ ആവശ്യം 2024ല്‍ സുപ്രിംകോടതി തള്ളിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-05-25 13:35:16

Published:

25 May 2026 5:07 PM IST

Shuhaib murder case:ldf government spent around Rs 1 crore to block the CBI investigation
X

കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന എസ്.പി ശുഹൈബ് കൊല്ലപ്പെട്ട കേസില്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ചത് ഒരു കോടി രൂപയോളം. പ്രതികളുടെ ജാമ്യം തടയാനല്ല, മറിച്ച് കേസ് സിബിഐക്ക് കൈമാറണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ കോടതികളില്‍ എതിര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ വന്‍തുക ചെലവഴിച്ചത്.

സര്‍ക്കാര്‍ നിയമസഭയിലും വിവരാവകാശ രേഖകള്‍ വഴിയും പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, സിബിഐ അന്വേഷണം തടയാനായി സുപ്രിം കോടതിയില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അഭിഭാഷകരെ എത്തിച്ചു നടത്തിയ നിയമപോരാട്ടങ്ങള്‍ക്ക് ഏകദേശം 95.96 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവാക്കിയത്.

ശുഹൈബിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും, ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിലും തുടര്‍ന്ന് സുപ്രീം കോടതിയിലും അപ്പീല്‍ നല്‍കി. ഇതിനായി പുറത്തുനിന്നുള്ള പ്രമുഖ അഭിഭാഷകരെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്.

കേസ് സിബിഐ അന്വേഷിക്കണമെന്ന ശുഹൈബിന്റെ മാതാപിതാക്കളുടെ ആവശ്യം 2024 സെപ്റ്റംബറില്‍ സുപ്രിംകോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായത് മുതിര്‍ന്ന അഭിഭാഷകനായ ജയ്ദീപ് ഗുപ്തയായിരുന്നു.

സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും മുതിര്‍ന്ന അഭിഭാഷകര്‍ക്ക് ഫീസ് ഇനത്തില്‍ മാത്രം വന്‍ തുക നല്‍കി. കൂടാതെ ഇവരുടെ വിമാനയാത്ര, ഹോട്ടലുകളിലെ താമസം തുടങ്ങിയ മറ്റ് ആനുകൂല്യങ്ങള്‍ക്കായും ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിക്ക് നൽകിയത് 64.40 ലക്ഷം . അമരീന്ദർ സിംഗിന് 22 ലക്ഷം. സുപ്രിം കോടതിയിൽ സർക്കാരിന് വേണ്ടി ഹാജരായത് വിജയ് ഹൻസാരിയും ജയദീപ് ഗുപ്തയും. സുപ്രിംകോടതിയിൽ വാദിച്ചതിന് കൊടുത്ത ഫീസ് 3.30 ലക്ഷം. കേസില്‍ പ്രതികളായവര്‍ സിപിഎം പ്രവര്‍ത്തകരായതിനാലാണ് അവരെ സംരക്ഷിക്കാനും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം തടയാനും പൊതുജനങ്ങളുടെ നികുതിപ്പണം സര്‍ക്കാര്‍ ദുരുപയോഗം ചെയ്തതെന്ന പേരില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നിരുന്നു.

2018 ഫെബ്രുവരി 12നാണ് രാത്രി കണ്ണൂര്‍ മട്ടന്നൂര്‍ തെരൂരില്‍ തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ശുഹൈബിനെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കിയ ശേഷമായിരുന്നു ആക്രമണം. ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പു രക്തം വാര്‍ന്ന് ശുഹൈബ് മരിച്ചു.

കേസില്‍ മുഴുവന്‍ പ്രതികളുടെയും ജാമ്യം ഇന്ന് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി റദ്ദാക്കിയിരിക്കുകയാണ്. ആകാശ് തില്ലങ്കേരി അടക്കം 17 പേരാണ് കേസിലെ പ്രതികള്‍. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. കേസിന്റെ വിചാരണാ നടപടികള്‍ ഈ മാസം 18-ാം തീയതി മുതല്‍ കോടതിയില്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായി, അക്രമത്തില്‍ പരിക്കേറ്റവരും ശുഹൈബിന്റെ സുഹൃത്തുക്കളുമായ രണ്ട് പ്രധാന സാക്ഷികളുടെ വിസ്താരം കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു.

TAGS :

Next Story