Quantcast

വോട്ടർ പട്ടിക തീവ്രപരിഷ്‌കരണം; 'പൗരത്വ രജിസ്റ്റർ വളഞ്ഞ വഴിയിലൂടെ കൊണ്ടുവരാനുള്ള ശ്രമം'; സിപിഎം

2002ലെ വോട്ടർ പട്ടിക പരിഗണിക്കുന്നത് നിയമവിരുദ്ധമാണെന്നും അശാസ്ത്രീയ നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റേതെന്നും ഗോവിന്ദൻ

MediaOne Logo

Web Desk

  • Updated:

    2025-09-26 11:54:13.0

Published:

26 Sept 2025 5:02 PM IST

MV GOVINDHAN
X

തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ നിലപാട് കടുപ്പിച്ച് സിപിഎം. പരിഷ്‌കരണത്തിൽ നിന്ന് പിന്തിരിയണമെന്നാണ് കേരളം ആവശ്യപ്പെടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സുപ്രിംകോടതിയിൽ കേസ് നിലനിൽക്കുന്നുണ്ടെന്നും അന്തിമ വിധി ഇതുവരെ വന്നിട്ടില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. പൗരത്വ രജിസ്റ്റർ വളഞ്ഞ വഴിയിലൂടെ കൊണ്ടുവരാനുള്ള ശ്രമമാണെന്നും ഇത് അംഗീകരിക്കില്ലെന്നും സിപിഎം വ്യക്തമാക്കുന്നു.

തങ്ങളുടെ ചട്ടുകമായി പ്രവർത്തിക്കുന്നവരെ കേന്ദ്രസർക്കാർ കമ്മീഷൻ അംഗങ്ങളാക്കിയെന്നും ഗോവിന്ദൻ ആരോപിച്ചു. ഉദ്യോഗസ്ഥർ തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. 2002ലെ വോട്ടർ പട്ടിക പരിഗണിക്കുന്നത് നിയമവിരുദ്ധമാണെന്നും അശാസ്ത്രീയ നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റേതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. എസ്‌ഐആറിനെതിരെ വലിയ ജനകീയ മുന്നേറ്റമുണ്ടായി വരണമെന്നും വിദഗ്ദരെ ഉൾപ്പെടുത്തി സെമിനാർ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എയിംസ് കേരളത്തിൽ നേരത്തെ കിട്ടേണ്ടതായിരുന്നുവെന്ന് കേരളത്തിലെ എംയിസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. എയിംസിന്റെ കാര്യത്തിൽ ബിജെപി രണ്ടായി തിരിഞ്ഞെന്നും നിരുത്തരവാദപരമായിട്ടാണ് കേന്ദ്ര മന്ത്രി ഇടപെടുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

കൂടാതെ, കേരളം മൂന്നാം ഭരണത്തിന് ഒരുങ്ങുകയാണെന്നും തങ്ങൾക്ക് എല്ലാവരുടെയും വോട്ട് വേണമെന്നും പറഞ്ഞ ഗോവിന്ദൻ മൂന്നാം വരവിന് എൻഎസ്എസ് പിന്തുണ ഗുണമാകുമെന്നും അഭിപ്രായപ്പെട്ടു.

TAGS :

Next Story