എസ്‌ഐആര്‍; ഹിയറിങ്ങിന് സമയത്ത് ഹാജരായില്ലെങ്കില്‍ മുട്ടൻ പണി;കാരണം അറിയിച്ചില്ലെങ്കില്‍ അന്തിമപട്ടികയില്‍ പേരുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
രണ്ടാംതവണയും ഹാജരായില്ലെങ്കിൽ പിന്നീട് അവസരങ്ങളുണ്ടാകില്ലെന്നും ബിഎൽഒമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മാർഗനിർദേശക്കുറിപ്പിൽ

തിരുവനന്തപുരം: എസ്‌ഐആര്‍ ഹിയറിങിന് ഹാജരായില്ലെങ്കില്‍ കാരണം രേഖാമൂലം ഇആര്‍ഒയെ അറിയിച്ചാല്‍ മാത്രമേ രണ്ടാമത് അവസരം നല്‍കുകയുള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കാരണം അറിയിച്ചില്ലെങ്കില്‍ അന്തിമ പട്ടികയില്‍ പേരുണ്ടാകില്ല. രണ്ടാം തവണയും ഹാജരായില്ലെങ്കില്‍ പിന്നീടൊരു അവസരം ലഭിക്കുകയുമില്ല. ബിഎല്‍ഒമാര്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശക്കുറിപ്പിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുള്ളത്.
ഹിയറിങിന് ഹാജരാകുന്നതിനായി ഏഴ് ദിവസങ്ങള്‍ക്ക് മുന്നേ നോട്ടീസ് നല്‍കും. നിശ്ചയിച്ചിരിക്കുന്ന ദിവസം തന്നെ ഹാജരാകണമെന്ന കര്‍ശനനിര്‍ദേശമാണ് ബിഎല്‍ഒമാര്‍രെ അറിയിച്ചിരിക്കുന്നത്. കമ്മീഷന്‍ നിശ്ചയിക്കുന്ന ദിവസം ഹാജരാകാന്‍ സാധിച്ചില്ലെങ്കില്‍ രേഖമൂലം കൃത്യമായി കാരണം ബോധ്യപ്പെടുത്തണം. അങ്ങനെ കാരണം ബോധ്യപ്പെടുത്തിയെങ്കില്‍ മാത്രമേ രണ്ടാമതൊരു അവസരം ലഭിക്കുകയുള്ളൂവെന്നും കമ്മീഷന്‍ ബിഎല്‍ഒമാര്‍ക്ക് നല്‍കിയ കുറിപ്പിലുണ്ട്.
വിദേശത്തുള്ളവരും ജോലിക്കാരുമായ ആളുകളാണെങ്കിലും ഫിസിക്കല്‍ അപ്പിയറന്‍സ് അനിവാര്യമായതിനാലാണ് ഹിയറിങിന് രണ്ട് അവസരം നിശ്ചയിച്ചതെന്നാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചത്. ഒന്നാം അവസരത്തില്‍ എത്തിച്ചേരാനാകാതെ പോയവര്‍ക്ക് തങ്ങളുടെ സാഹചര്യങ്ങള്‍ കൃത്യമായി രേഖാമൂലം അറിയിക്കുകയാണെങ്കില്‍ മാത്രമേ രണ്ടാമതൊരു അവസരം ലഭിക്കുകയുള്ളൂ.
അതേസമയം, വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണത്തില്‍ ഹിയറിങിനുള്ള രേഖ ഹാജരാക്കുന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. 2002ലെ ലിസ്റ്റുമായി മാപ്പിങ് ചെയ്യാത്തവര്‍ ജനന തീയതി, ജനനസ്ഥലം എന്നിവ തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍, കമ്മീഷന്‍ പറയുന്ന 11 രേഖകളില്‍ ഏതെല്ലാം സാധുവാണെന്നതില്‍ ബിഎല്‍ഒമാര്‍ക്ക് വ്യക്തതയില്ല.
മാപ്പിങ് ചെയ്യാത്തവരെ ബിഎല്‍ഒമാര്‍ ബന്ധപ്പെട്ട് തുടങ്ങിയിട്ടുണ്ട്. നേരത്തെ, കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 24 ലക്ഷത്തിലധികം ആളുകളാണ് പട്ടികയില്‍ നിന്ന് പുറത്തായത്.
Adjust Story Font
16

