റിപ്പോര്‍ട്ടര്‍ ടിവിയിലെ എസ്‌ഐടി റെയ്ഡ്; വാര്‍ത്ത നല്‍കിയതിന്റെ പ്രതികാര നടപടിയല്ല: മുഖ്യമന്ത്രി
സെര്‍ച്ച് വാറണ്ടോടെയാണ് അന്വേഷണ സംഘം പരിശോധനക്കെത്തിയതെന്നും മുഖ്യമന്ത്രി

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയിലെ എസ്‌ഐടി റെയ്ഡ് വാര്‍ത്ത നല്‍കിയതിന്റെ പ്രതികാര നടപടിയല്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍.
ഗുരുതര കുറ്റകൃത്യങ്ങളിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. മജിസ്ട്രേറ്റിന്റെ സെര്‍ച്ച് വാറണ്ടോടെയാണ് അന്വേഷണ സംഘം പരിശോധനക്കെത്തിയത്. വീട്ടില്‍ നിന്നും അളവില്‍ കവിഞ്ഞ മദ്യം പിടികൂടിയതില്‍ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരെ എക്സൈസ് കേസുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ഇന്ത്യ ടുഡേ റൗണ്ട് ടേബിള്‍ കേരളം' കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് ചാനലിന്റെ സംപ്രേഷണം തടസപ്പെടുത്തിയിട്ടില്ല. മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ അത് കേസ് അന്വേഷണത്തിന്റെ ഭാഗമായിട്ടായിരിക്കും. ഇത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമല്ല, മറിച്ച് സ്വതന്ത്രമായ അന്വേഷണമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇടത് സര്‍ക്കാരിന്റെ കാലത്ത് മംഗളം ടിവി, ഏഷ്യാനെറ്റ് ന്യൂസ്, മറുനാടന്‍ മലയാളി തുടങ്ങിയ മാധ്യമ സ്ഥാപനങ്ങള്‍ക്ക് എതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കേസും റെയ്ഡും നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടര്‍ ടിവിയിലെ റെയ്ഡിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പിണറായി വിജയനെ രാഷ്ട്രീയമായി വേട്ടയാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാസപ്പടി കേസില്‍ ശശിധരന്‍ കര്‍ത്ത നിഷേധിച്ചത് പിണറായി വിജയനും ടി. വീണക്കുമെതിരായ മൊഴിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരമ്പരാഗത രീതികളില്‍ നിന്ന് വ്യതിചലിച്ച് കേരളത്തില്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ 1991ലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
Adjust Story Font
16

