Quantcast

സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി; പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് എസ്‌കെഎസ്എസ്എഫ്

സമസ്ത അകലം പാലിച്ചു നിൽക്കുമ്പോഴും അഡ്മിഷൻ അനുബന്ധ പരിപാടികളുമായി മുമ്പോട്ടു പോകുകയാണ് വാഫി-വഫിയ്യയ്ക്ക് നേതൃത്വം നൽകുന്ന സിഐസി

MediaOne Logo

Web Desk

  • Published:

    11 April 2023 11:09 AM GMT

സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി; പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് എസ്‌കെഎസ്എസ്എഫ്
X

കോഴിക്കോട്: അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി നേതൃത്വം നൽകുന്ന വാഫി-വഫിയ്യ സംവിധാനവുമായുള്ള അകലം തുടരവെ, സമസ്ത പുതുതായ ആരംഭിച്ച ദേശീയ വിദ്യാഭ്യാസ പദ്ധതി (എസ്എൻഇസി) വിജയിപ്പിക്കാൻ രംഗത്തിറങ്ങണമെന്ന ആഹ്വാനവുമായി എസ്‌കെഎസ്എസ്എഫ്. എസ്എൻഇസി കോഴ്‌സുകളിലേക്കും സമസ്തയുടെ അംഗീകാരമുള്ള മറ്റു സ്ഥാപനങ്ങളിലേക്കുമുള്ള അഡ്മിഷൻ പ്രചാരണ പ്രവർത്തനങ്ങൾക്കായി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ സർക്കുലർ ആവശ്യപ്പെട്ടു.

നിലവിലെ പ്രത്യേക സാഹചര്യത്തിൽ വാഫി, വഫിയ്യ കോഴ്‌സുകളുടെ പ്രചാരണം നടത്തേണ്ടതില്ലെന്നും അതിൽനിന്ന് വിട്ടുനിൽക്കണമെന്നും സർക്കുലർ ആഹ്വാനം ചെയ്യുന്നു. പ്രചാരണ പ്രവർത്തനങ്ങൾക്കായി ശാഖാ തലങ്ങളിൽ മാർഗനിർദേശ ക്ലാസുകൾ സംഘടിപ്പിക്കണം. രക്ഷിതാക്കളെ നേരിൽകണ്ട് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തണം. പള്ളി, മദ്രസാ തലങ്ങളിലും വീടുകൾ കേന്ദ്രീകരിച്ചും ബോധവത്കരണ ഇടപെടലുകൾ നടത്തേണ്ടതാണ്- സർക്കുലർ ആവശ്യപ്പെട്ടു.



നേരത്തെ വാഫി സംവിധാനത്തിനെതിരെ എസ്.വൈ.എസ് നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും രംഗത്തെത്തിയിരുന്നു. സമസ്തയെ അനുസരിക്കാത്ത വിദ്യാഭ്യാസം നമുക്ക് വേണോ എന്ന തലക്കെട്ടിൽ മാർച്ച് അവസാന വാരം അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഏറെ ചർച്ചയായിരുന്നു. വാഫി സ്ഥാപനങ്ങളിൽ സമസ്ത വിരുദ്ധതയാണ് പഠിപ്പിക്കുന്നതെന്നും അതിന്റെ പ്രചാരകർ ആകേണ്ടതില്ലെന്നും ഹമീദ് ഫൈസി പറഞ്ഞിരുന്നു.


വാഫി വേദിയില്‍ ഹകീം ഫൈസി ആദൃശ്ശേരിക്കൊപ്പം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍


വിവാദങ്ങൾക്കിടെ, ഈ വർഷം സമസ്ത പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ പദ്ധതിയിലേക്കുള്ള (എസ്എൻഇസി) അഡ്മിഷൻ തുടരുകയാണ്. വാഫി സംവിധാനത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഏതാനും സ്ഥാപനങ്ങൾ എസ്എൻഇസിക്ക് കീഴിലേക്ക് മാറിയിട്ടുണ്ട്. അഫിലിയേഷന് അപേക്ഷിച്ച സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുന്ന പരിശോധനകൾ തുടരുകയാണ്. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെ മുമ്പിൽ നിർത്തിയാണ് എസ്എൻഇസിയുടെ പ്രവർത്തനങ്ങൾ മുമ്പോട്ടു പോകുന്നത്.

അതിനിടെ, സമസ്ത അകലം പാലിച്ചു നിൽക്കുമ്പോഴും അഡ്മിഷൻ അനുബന്ധ പരിപാടികളുമായി മുമ്പോട്ടു പോകുകയാണ് വാഫി-വഫിയ്യയ്ക്ക് നേതൃത്വം നൽകുന്ന സിഐസി. അഡ്മിഷനുമായി ബന്ധപ്പെട്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ളവരുടെ വീഡിയോ സന്ദേശം സിഐസി വൃത്തങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

മലപ്പുറത്ത് കഴിഞ്ഞ ദിവസം നടന്ന വാഫി അലുംനി റമദാൻ പ്രഭാഷണത്തിൽ ഉമറലി ശിഹാബ് തങ്ങളുടെ മകൻ റഷീദലി ശിഹാബ് തങ്ങൾ പങ്കെടുത്തതും ചർച്ചയായിരുന്നു. അബ്ദുൽ ഹകീം ഫൈസിയായിരുന്നു പരിപാടിയിലെ മുഖ്യപ്രഭാഷകൻ. ഇതിന് പിന്നാലെ റഷീദലി ശിഹാബ് തങ്ങൾക്കെതിരെ ചില കേന്ദ്രങ്ങളിൽ നിന്ന് സൈബർ ആക്രമണം സജീവമാണ്.

Summary: skssf circular on samastha national education project





TAGS :

Next Story