Quantcast

'പോപ്പുലർ ഫ്രണ്ടുകാർ മാത്രമാണോ പൊതുമുതൽ നശിപ്പിച്ചത്? ഈ തിടുക്കം നല്ല ലക്ഷണമല്ല'; സ്വത്ത് കണ്ടുകെട്ടലിനെതിരെ എസ്.കെ.എസ്.എസ്.എഫ് നേതാവ്

വിവിധ സംഘടനകളും സമരക്കാരും പൊതുമുതൽ നശിപ്പിച്ചതിലൊന്നും ഈ ജാഗ്രത കാണിക്കാത്തതിന്റെ താത്പര്യം എന്താണെന്നു സത്താർ പന്തല്ലൂർ

MediaOne Logo

Web Desk

  • Published:

    21 Jan 2023 10:47 AM GMT

പോപ്പുലർ ഫ്രണ്ടുകാർ മാത്രമാണോ പൊതുമുതൽ നശിപ്പിച്ചത്? ഈ തിടുക്കം നല്ല ലക്ഷണമല്ല; സ്വത്ത് കണ്ടുകെട്ടലിനെതിരെ എസ്.കെ.എസ്.എസ്.എഫ് നേതാവ്
X

മലപ്പുറം: സംസ്ഥാനത്ത് ഹർത്താലുകളെ തുടർന്നുണ്ടായ അതിക്രമങ്ങളിൽ ഒരേ ജാഗ്രതയോടെ നടപടി സ്വീകരിക്കാതിരിക്കുകയും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുകൾ അതിവേഗം കണ്ടുകെട്ടുകയും ചെയ്യുന്നതിനെതിരെ എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ. പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ പേരിൽ നേതാക്കൾക്കെതിരെ ദ്രുതഗതിയിൽ ജപ്തി നടപടികൾ നടക്കുന്ന പശ്ചാത്തലത്തിൽ ഫേസ്ബുക്കിലാണ് അദ്ദേഹം പ്രതികരിച്ചത്.

പൊതുമുതൽ നശിപ്പിച്ചാൽ അത് ബന്ധപ്പെട്ടവരിൽ നിന്ന് തിരിച്ചുപിടിക്കാൻ കോടതിയും സർക്കാറും ജാഗ്രത കാണിക്കുന്നത് ശുഭസൂചനയാണെന്നും എന്നാൽ ഈ പോപ്പുലർ ഫ്രണ്ട് കാർ മാത്രമാണോ നമ്മുടെ നാട്ടിൽ ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു. ചെറുതും വലുതുമായ വിവിധ സംഘടനകളും സമരക്കാരും പൊതുമുതൽ നശിപ്പിച്ചതിലൊന്നും ഈ ജാഗ്രത കാണിക്കാത്തതിന്റെ താത്പര്യം എന്താണെന്നും ചോദിച്ചു.

പോപുലർ ഫ്രണ്ട് ഒരു തീവ്രമായ ആവിഷ്‌കാരമാണെന്നുവെച്ച് പൊതുമുതൽ നശിപ്പിച്ച കുറ്റം അവരുടെ ഹർത്താൽ മുതൽ ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യേണ്ടതല്ലെന്നും എന്നാൽ വിവേചനമെന്ന് തോന്നിക്കുന്ന തിടുക്കം ആരോഗ്യകരമായ ജനാധിപത്യത്തിന്റെയോ നിയമ വാഴ്ചയുടേയോ ലക്ഷണമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അനീതിക്കിരയാവുന്നവർ അവർ ആരായാലും അവർക്ക് വേണ്ടി നിലകൊള്ളുന്നതാകണം നമ്മുടെ നീതിന്യായ സംവിധാനവും ജനാധിപത്യ വ്യവസ്ഥയുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

പോപുലർ ഫ്രണ്ട്, എൻ.ഡി.എഫ് ആയിരുന്ന കാലം മുതൽ കൃത്യമായ അകലവും എതിർപ്പും സമുദായ നേതൃത്വം കാണിച്ചിട്ടുണ്ടെന്നും ആ നിലപാടിലൊന്നും യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹർത്താലിനെ തുടർന്ന് സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതുവരെ നൂറോളം നേതാക്കന്മാരുടെ വീടും സ്ഥലവുമാണ് ജപ്തി ചെയ്തത്. തിരുവനന്തപുരം, എറണാകുളം കോഴിക്കോട് ജില്ലകളിൽ ജപ്തി നടപടികൾ പൂർത്തിയായി.

നഷ്ടപരിഹാരതുക അടക്കുന്നതിനായി 15 ദിവസം അനുവദിക്കുമെന്ന് കോഴിക്കോട് റവന്യു റിക്കവറി തഹസീൽദാർ അറിയിച്ചു. മറ്റു ജില്ലകളിൽ അടിയന്തരമായ ഒഴിപ്പിക്കൽ ഉണ്ടാകില്ല. ഹർത്താൽ ദിനത്തിൽ 5.20 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കുകൾ. നഷ്ടപരിഹാരത്തുക ഈടാക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്ന് കാട്ടി സർക്കാരിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടുകൾ തിങ്കളാഴ്ചയ്ക്കകം സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിന് അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിലാണ് തിരക്കിട്ട നടപടി. പോപ്പലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നു പാർട്ടി ഹർത്താൽ നടത്തിയിരുന്നത്.

SKSSF leader Sathar panthaloor protesting the quick confiscation of properties of Popular Front leaders.

TAGS :

Next Story