Quantcast

'തെരഞ്ഞെടുപ്പ് ഫലത്തിൽ സർക്കാർ ആത്മപരിശോധന നടത്തണം'; തിരിച്ചടിക്ക് പിന്നാലെ എൽഡിഎഫിൽ പൊട്ടിത്തെറി

കനത്ത രാഷ്ട്രീയ വെല്ലുവിളിയാണ് തെരഞ്ഞെടുപ്പ് ഫലം ഉയർത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2025-12-15 07:04:37.0

Published:

15 Dec 2025 10:57 AM IST

തെരഞ്ഞെടുപ്പ് ഫലത്തിൽ സർക്കാർ ആത്മപരിശോധന നടത്തണം; തിരിച്ചടിക്ക് പിന്നാലെ എൽഡിഎഫിൽ പൊട്ടിത്തെറി
X

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ എൽഡിഎഫിൽ പൊട്ടിത്തെറി . തിരിച്ചടിക്ക് കാരണമായത് ശബരിമല സ്വർണക്കൊള്ള വിവാദമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. അതേസമയം ശബരിമല തിരിച്ചടിയായി എന്ന് വിലയിരുത്തിയിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലത്തിൽ സർക്കാർ ആത്മപരിശോധന നടത്തണമെന്ന് ജനയുഗം എഡിറ്റോറിയലിൽ എഴുതി. എൽഡിഎഫ് സർക്കാരിന്‍റെ ചില നടപടികൾ ജനങ്ങളുടെ വിശ്വാസത്തിൽ കുറവ് വന്നു. ഇടതുപക്ഷ രാഷ്ട്രീയത്തിൽ വിവിധ ജനവിഭാഗങ്ങളിൽ ആശങ്ക വളർന്നു.

കനത്ത രാഷ്ട്രീയ വെല്ലുവിളിയാണ് തെരഞ്ഞെടുപ്പ് ഫലം ഉയർത്തുന്നത്. ജനങ്ങളെ അർഹിക്കുന്ന അളവിൽ വിശ്വാസത്തിൽ എടുക്കുന്നത് മുന്നണിക്കും ഭരണകൂടത്തിനും വേണ്ടത്ര കഴിഞ്ഞിട്ടുണ്ടോ എന്ന് ചോദ്യം പ്രസക്തമാണെന്നും ലേഖനത്തിൽ പറയുന്നു.

കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി കേരളത്തിൽ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം കണക്കുകൂട്ടലുകൾക്ക് വിരുദ്ധവും കനത്ത രാഷ്ട്രീയ വെല്ലുവിളി ഉയർത്തുന്നതുമാണ് ഈ തെരഞ്ഞെടുപ്പുഫലം. പ്രതിപക്ഷ ഐക്യജനാധിപത്യ മുന്നണിയാവട്ടെ അതിരുകവിഞ്ഞ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പുഫലത്തെ നോക്കിക്കാണുന്നതെന്നാണ് മുന്നണിനേതൃത്വത്തിന്റെ പ്രതികരണങ്ങൾ പ്രതിഫലിപ്പിക്കുന്നത്.

ഈ തെരഞ്ഞെടുപ്പ് തങ്ങൾക്ക് കേരള രാഷ്ട്രീയത്തിൽ കാലുറപ്പിച്ച് മുന്നേറാനുള്ള അവസരമാണ് ഒരുക്കി നൽകിയിരിക്കുന്നതെന്ന് ദേശീയ ജനാധിപത്യ സഖ്യവും അതിന് നേതൃത്വം നൽകുന്ന ബിജെപിയും വിലയിരുത്തുന്നു. വരാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ‘ഡ്രസ് റിഹേഴ്സൽ’ ആയിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് എന്നതിൽ തർക്കമേതുമില്ല. എന്നാൽ, ഈ തെരഞ്ഞെടുപ്പുഫലങ്ങളുടെ അടിസ്ഥാനത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത് തിടുക്കമേറിയതും അപക്വവുമായിരിക്കുമെന്നാണ് മുൻകാല അനുഭവങ്ങൾ വ്യക്തമാക്കുന്നത്.

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പുകൾ, നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ എന്നിവയുടെ മുൻകാല ചരിത്രം അത്തരമൊരു അനുഭവമാണ് കേരള രാഷ്ട്രീയത്തിന് നൽകിപ്പോന്നിട്ടുള്ളത്. ഇപ്പോഴത്തെ തെരഞ്ഞെടുപ്പുഫലത്തെ എത്രത്തോളം സത്യസന്ധവും യാഥാർത്ഥ്യബോധത്തോടെയുമാണ് ബ­ന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളും മുന്നണികളും വിലയിരുത്തുന്നതെന്നും ഏതുതരത്തിലുള്ള ഗതിമാറ്റങ്ങൾക്കാണ് അവർ സ­ന്നദ്ധമാവുക എന്നതിനെയും ആശ്രയിച്ചായിരിക്കും കേരളത്തിന്റെ രാഷ്ട്രീയഭാവി നിർണയിക്കപ്പെടുക...മുഖപ്രസംഗത്തിൽ പറയുന്നു.



TAGS :

Next Story