ശ്രീനിവാസൻ വധക്കേസ്; മൂന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കൾക്ക് ജാമ്യം
എന്‍ഐഎയുടെ എതിര്‍പ്പ് തള്ളിയാണ് സുപ്രിംകോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്

ഡൽഹി: പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധ ഗൂഢാലോചന കേസിൽ പ്രതികളായ മൂന്ന് മുൻ പോപ്പുലര്‍ ഫ്രണ്ട് നേതാക്കൾക്ക് സുപ്രിംകോടതി ജാമ്യം. എൻഐഎ എതിര്‍പ്പ് തള്ളിയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. തിങ്കളാഴ്ച സുപ്രിംകോടതി മൂന്ന് പ്രതികള്‍ക്ക് ജാമ്യം നല്‍കിയിരുന്നു.
ഒരു ആശയത്തില്‍ വിശ്വസിക്കുന്നു എന്നതുകൊണ്ട് മാത്രം ജയിലിലടയ്ക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രിംകോടതി നടപടി. പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍, യഹിയകോയ തങ്ങള്‍, സി.എ റഊഫ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. പ്രതികള്‍ക്ക് കുറ്റകൃത്യവുമായി നേരിട്ട് ബന്ധമില്ലെന്നും ജസ്റ്റിസ് അഭയ് എസ് ഓഖ, ഉജ്ജല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്‍റെ നിരീക്ഷണം. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളാണ് പ്രതികളെന്നും തീവ്രവാദ ബന്ധമുള്ള കേസാണിതെന്നും ചൂണ്ടികാട്ടി ജാമ്യാപേക്ഷയെ എന്‍എഎ എതിർത്തു. എന്‍ഐഎയുടെ എതിർപ്പിനെ കോടതി മുഖവിലയ്ക്ക് എടുത്തില്ല.
വിചാരണ നീണ്ടുപോകുന്നത് പറഞ്ഞ് ജാമ്യം നിഷേധിക്കാനുള്ള കാരണമല്ലെന്നും ബഞ്ച് വ്യക്തമാക്കി. എം.കെ സദ്ദാം ഹുസൈന്‍, അഷ്‌റഫ്, നൗഷാദ് എന്നിവര്‍ക്ക് തിങ്കളാഴ്ച സുപ്രിംകോടതി ജാമ്യം നല്‍കിയിരുന്നു.ഇതോടെ ആകെ 71 പ്രതികളില്‍ 34 പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ നിന്നും സുപ്രിം കോടതിയില്‍ നിന്നുമായി ജാമ്യം ലഭിച്ചു. 2022 ഏപ്രില്‍ 16നാണ് പാലക്കാട്ടെ ആര്‍എസ്എസ് നേതാവായ ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് പ്രതികൾ സുപ്രിം കോടതിയെ സമീപിച്ചത്.
Adjust Story Font
16

